മാർ യോഹന്നാൻ മാംദാനായുടെ നാമത്തിലുള്ള വടകര ഓർത്തഡോക്സ് സുറിയാനി പള്ളി
ആയിരം വർഷം മുമ്പ് പത്താം നൂറ്റാണ്ടിലാണ് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി സ്ഥാപിതമായതെന്നാണ് പാരമ്പര്യം. മുഹമ്മദീയ മാപ്പിളമാരും നസ്രാണി മാപ്പിളമാരും തമ്മിൽ പിരിഞ്ഞപ്പോൾ ഉത്തര മലബാറിലെ കോഴിക്കോടിനടുത്തുള്ള വടകരയിൽ നിന്ന് തങ്ങളുടെ പള്ളിയിലെ പ്രതിഷ്ഠയുമായി സുരക്ഷിതമായ പ്രദേശമന്വേഷിച്ച് കുറവിലങ്ങാട് , കോട്ടയം പ്രദേശത്തേയ്ക്ക് പുറപ്പെട്ട നസ്രാണിസമൂഹം പുരാതന നാട്ടുപാതയിലെ വാണിഭശേരിയ്ക്കു സമീപത്ത് ഇപ്പോൾ പള്ളിയിരിക്കുന്ന ആൾത്താമസ്സമില്ലാത്ത സ്ഥലത്തു വന്നു ചേർന്നതോടെയാണ് വടകരപള്ളിയുടെ തുടക്കം. അവിടെ തങ്ങിയതിനു ശേഷം പ്രതിഷ്ഠയുമായി മുന്നോട്ടുള്ള യാത്ര തടസ്സപ്പെട്ടു. പ്രതിഷ്ഠ അനക്കുവാൻ അവർക്ക് പിന്നീട് കഴിഞ്ഞില്ല.
സമീപ പ്രദേശത്തുള്ളവർ രോഗശാന്തിയ്ക്കും വളർത്തുമൃഗങ്ങളുടെയും ജീവത സുരക്ഷിതത്വത്തിനു വേണ്ടിയും നേർച്ച കാഴ്ചകളുമായി വടകരമുത്തപ്പനെ ആശ്രയിയ്ക്കാനും തുടങ്ങി. തങ്ങൾ ഇവിടെത്തന്നെ താമസം ഉറപ്പിയ്ക്കണമെന്നാണ് മുത്തപ്പന്റെ ഇംഗിതമെന്ന് മനസ്സിലാക്കി അവിടെ പള്ളി പണിത് സമീപത്ത് വടകര നസ്രാണികൾ താമസമാക്കി. വടകര മുത്തപ്പന്റെ പള്ളിയിരുന്നിടം അങ്ങനെ വടകരയായി.
പറങ്കികളുടെ ആധിപത്യമാരംഭിച്ച ഉദയംപേരൂർ സുന്നഹദോസുകാലത്തെ പ്രധാന പള്ളികളിലൊന്നായിരുന്നു വടകര പള്ളി. പറങ്കി മേല്ക്കോയ്മയെ ഉപേക്ഷിച്ച 1653 ലെ കൂനൻ കുരിശു സത്യത്തെത്തിനു ശേഷം റോമിലെ പ്രൊപ്പഗാന്താ മിഷന്റെ പ്രവർത്തനം മൂലം സഭ പുത്തൻകൂറ്, പഴയ കൂറ് എന്നിങ്ങനെ രണ്ടായി വിഭജിതമായപ്പോൾ സുറിയാനി ഓർത്തഡോക്സ് പുത്തൻ കൂറുവിഭാഗത്തിന് കൂടുതൽ സ്വാധീനമുള്ള പള്ളികളിലൊന്നായിരുന്നു വടകരപ്പള്ളി. 1775 ൽ പഴയ കൂറ്റുകാരെന്നവകാശപ്പെട്ട സീറോ മലബാർ റോമൻ കത്തോലിക്കാ വിഭാഗം മറ്റൊരു പള്ളി വച്ചു പിരിഞ്ഞു. 1875-ലെ മുളന്തുരുത്തി സുന്നഹദോസിനു ശേഷം മലങ്കരസഭ പല ഭദ്രാസനങ്ങളായി തിരിച്ചപ്പോൾ പള്ളി കണ്ടനാട് ഭദ്രാസനത്തിൽ ഉൾപ്പെട്ടു. 2002 - ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുശേഷം കണ്ടനാട് ഭദ്രാസനത്തെ കണ്ടനാട്- ഈസ്റ്റും കണ്ടനാട് വെസ്റ്റും ആയി തിരിച്ചതിനു ശേഷം ഡോ. തോമസ് മാർ അത്താനാസിയോസ് മേലദ്ധ്യക്ഷനായ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലാണ് വടകര പള്ളി.
മണ്ണത്തൂർ സെന്റ് ജോർജസ്, കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ്, ഇടയാർ സെന്റ് മേരീസ്, ഇഞ്ചിക്കാക്കുഴി സെന്റ് സ്റ്റീഫൻസ് , തോട്ടുപുറം സെന്റ് മേരീസ് ചാപ്പൽ , പുതുവേലി സെന്റ് ജോൺസ്, കോഴിപ്പള്ളി കാരമല സെന്റ് പീറേറഴ്സ്, മാറിക സെന്റ് തോമസ്, പാലക്കുഴ സെന്റ് ജോൺസ്, ആറൂർ സെന്റ് മേരീസ്, പണ്ടപ്പള്ളി സെന്റ് മേരീസ് എന്നീ ഇടവകപള്ളികളുടെ തലപ്പള്ളിയായാണ് വടകരപ്പള്ളി.
കുഴിക്കാട്ടുകുന്ന്, കൂത്താട്ടുകുളം ടൗൺ,കിഴകൊമ്പ് എന്നിവിടങ്ങളിലായി മൂന്നു ചാപ്പലുകളും വാണിഭശ്ശേരി, പൈറ്റക്കുളം, കൂത്താട്ടുകുളം പടിഞ്ഞാറ്, എരുമക്കുളം, പുന്നംകോട് എന്നിവിടങ്ങളിലായി കുരിശടികളും വടകര സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് ജോൺസ് ടീച്ചേഴ്സ് ടെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും പള്ളിയുടെ കീഴിലുണ്ട്.
വികാരി ഫാ. മേരി ദാസ് സ്റ്റീഫൻ പ്രസിഡന്റും സഹ വൈദീകരായ ഫാ. ഡോ. രാജൻ ജോർജ്, ഫാ.സിബി മാത്യൂസ്, ഫാ. അജീഷ് ബാബു, ഫാ. കുറിയാക്കോസ് തോമാസ് എന്നിവർ വൈസ് പ്രസിഡന്റുമാരും കണ്ണായിക്കാട്ട് ബേബി തോമസ്, പുഞ്ചക്കര മനോജ് ജോസഫ് എന്നിവർ കൈസ്ഥാനികളും എം സി ജോയി മുകളത്ത് പുത്തൻപുരയിൽ സെക്രട്ടറിയും കൂടാതെ 15 അംഗങ്ങളും ആയുള്ള ഭരണ സമിതിയാണ് പള്ളിയുടെ ഭരണനിർവഹണം നടത്തുന്നത്.
2023 ജനുവരി 3