20260223

ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ചതിന്റെ വിവരം

 

ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ശൂന്യവും രൂപരഹിതവും പാഴുമായിരുന്നു. ഇരുളിന്റെ ആഴത്തിനുമീതെ ദൈവത്തിന്റെ ആത്മാവ് പൊരുന്നി ആവസിച്ചുകൊണ്ടിരുന്നു. ദൈവം പ്രകാശം സൃഷ്ടിച്ച് ഇരുളും വെളിച്ചവും തമ്മിൽ വേർതിരിച്ചതോടെ ആദ്യ ദൈവീക ദിവസം പൂർത്തിയായി.

രണ്ടാം ദൈവീക ദിവസം അന്തരീക്ഷത്തെ സൃഷ്ടിച്ചു.

മൂന്നാം ദൈവീക ദിവസം ഭൂമിയെ കരയും ജലാശയങ്ങളുമായി വേർതിരിച്ചു. ചെടികളും സസ്യങ്ങളും ഫലവൃക്ഷങ്ങളും സൃഷ്ടിച്ചു.

നാലാം ദൈവീക ദിവസം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. രാവും പകലുമായ ദിവസം ഉണ്ടായി.

അഞ്ചാം ദൈവീക ദിവസം ജലജീവികളെയും കരയിൽ പക്ഷികളെയും സൃഷ്ടിച്ചു.

ആറാം ദൈവീക ദിവസം കരജീവികളെയെല്ലാം സൃഷ്ടിച്ചു. ഇഴ ജന്തുക്കൾ, കന്നുകാലികൾ എന്നിവയൊക്കെയും സൃഷ്ടിച്ചു. നല്ലത് എന്ന് ദൈവം കണ്ടു. അതിനുശേഷം തന്റെ സ്വരൂപത്തിൽ സാദൃശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കാൻ ആലോചിച്ചു. ഭൂമിയിലെ സകലത്തിന്റെയും ജീവജാലങ്ങളുടെമേലും മനുഷ്യൻ അധികാരിയാകട്ടെ എന്നു തീരുമാനിച്ചു. തന്റെ സ്വരൂപത്തിൽ ആണും പെണ്ണുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു.വർദ്ധിച്ചുപെരുകി ഭൂമിനിറഞ്ഞ് അതിനെ കീഴ്‌പ്പെടുത്തുവാൻ അനുഗ്രഹിച്ചു. ഭൂമിയിലെ വിത്തുള്ള സകല സസ്യങ്ങളും ഫലവൃക്ഷങ്ങളും ഭക്ഷണത്തിനായി മനുഷ്യന് നല്കി. വന്യമൃഗങ്ങളടക്കമുള്ള ജീവശ്വാസമുള്ള സകലത്തിനും ആഹാരമായ പച്ചസസ്യമാണ് ദൈവം കൊടുത്തത്. 

ആറാം ദിവസത്തോടെ സൃഷ്ടിയൊക്കയും പൂർത്തിയാക്കി ദൈവം ഏഴാം ദൈവീക ദിവസം സ്വസ്ഥനായി ഒരു പ്രവൃത്തിയും ചെയ്യാതെയിരുന്നു. ആ ദിവസം വിശ്രമദിവസമായി ദൈവമെടുത്തു. 

20260127

അമ്പരെ വാണീടും

 അമ്പരെ വാണീടും സ്നേഹവനാകുമീ 
ഞങ്ങളുടെ പിതാവേ 

നിൻ തിരുനാമം പരിശുദ്ധമാകണം
നിൻ രാജ്യം വന്നീടേണം 
ആമ്മേൻ, നിൻ രാജ്യം വന്നീടേണം

നിന്നിഷ്‌ടം സ്വർഗെപോൽ ഭൂമീലുമാകണം
അന്നന്നായി ഞങ്ങൾക്ക്

ആവശ്യമുള്ളയാഹാരം നീയേകണം
സ്വർഗസ്ഥനാം പിതാവേ
ആമ്മേൻ, ഞങ്ങളുടെ പിതാവേ

ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷ-
മിച്ചതുപോലെ നാഥാ

ഞങ്ങളോടും ക്ഷമിച്ചീടണമീശനെ
പാപങ്ങളും കടവും 
ആമ്മേൻ, പാപങ്ങളും കടവും 

നീ രക്ഷിച്ചീടേണം ദുഷ്ടപിശാചിൻ പ-
രീക്ഷായീന്നും ഞങ്ങളെ

എന്തെന്നാൽ രാജ്യവും ശക്തി മഹത്വവും
അങ്ങേക്കാണല്ലോ എന്നും
ആമ്മേൻ, അങ്ങേക്കാണല്ലോ എന്നും

അമ്പരെ വാണീടും സ്നേഹവനാകുമീ 
ഞങ്ങളുടെ പിതാവേ
എന്നും ഞങ്ങളുടെ പിതാവേ
-0-


എന്നെയും സ്നേഹിച്ചു എനിയ്ക്കു വേണ്ടി



എന്നെയും സ്നേഹിച്ചു എനിയ്ക്കു വേണ്ടി 
തന്നെത്താൻ ഏല്പിച്ച ദൈവസുതാ
എന്നെ ഞാൻ ഏൽപ്പിച്ചു തരുമെന്നും 
പൊന്നുനാഥാ നിനക്കായി ജീവിപ്പാൻ 
 (പൊന്നുനാഥാ നിനക്കായി ജീവിപ്പാൻ)

പിഞ്ചു പൈതങ്ങളെ നേർവഴി നടത്തും 
രക്ഷിതാവായുള്ള യേശുപരാ
നിന്നെ ഞാനെന്നെന്നും നമിക്കുന്നു
നിന്റെ സ്നേഹം എന്നിൽ പെരുകേണം
  (നിന്റെ സ്നേഹം എന്നിൽ പെരുകേണം)

ആപത്തിൽ വീണാലും ആട്ടിൻകുഞ്ഞെന്ന പോൽ 
എന്നെ കാത്തിടുന്ന നല്ലിടയാ
നിന്റെ വാത്സല്യം നൽകിടണം 
സ്നേഹത്താലെ പുതുക്കേണം എന്നെ
  (സ്നേഹത്താൽ പുതുക്കേണം എന്നെ)

എന്നെയും സ്നേഹിച്ചു എനിയ്ക്കു വേണ്ടി 
തന്നെത്താൻ ഏല്പിച്ച ദൈവസുതാ
എന്നെ ഞാൻ ഏൽപ്പിച്ചു തരുമെന്നും 
പൊന്നുനാഥാ നിനക്കായി ജീവിപ്പാൻ 
  (പൊന്നുനാഥാ നിനക്കായി ജീവിപ്പാൻ)