20141106

ഓണക്കൂര്‍ മണ്ണാത്തിക്കുളത്തില്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ ദിവംഗതനായി


ഓണക്കൂര്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദീകനായ ഓണക്കൂര്‍ മണ്ണാത്തിക്കുളത്തില്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ (86) ദിവംഗതനായി. നവംബര്‍ മൂന്നാം തീയതി രാത്രി പത്തേകാലിനാണു് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്നു് ഓണക്കൂര്‍ സെഹിയോന്‍ പള്ളിവികാരി വിജു ഏലിയാസ് കശ്ശീശ അറിയിച്ചു.

ഊരമന ഗലീലാകുന്ന്, ചെറായി സെന്റ് മേരീസ്, ആറൂര്‍ മേരിഗിരി, നെല്ലിക്കുന്ന് സെന്റ് ജോണ്‍സ്, ഓണക്കൂര്‍ സെഹിയോന്‍, മുളക്കുളം, മണീട് സെന്റ് കുര്യാക്കോസ്, പഴുക്കാമറ്റം സെന്റ് മേരീസ്, മൂവാറ്റുപുഴ സെന്റ് തോമസ്, പാമ്പാക്കുട സമന്വയ സെന്റ് മേരീസ് പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കായനാട് വള്ളപ്പാട്ട് പരേതയായ അന്നമ്മയാണ് സഹധര്‍മ്മിണി. ബേബി ജോണ്‍ (എംടിഎന്‍എല്‍ മുംബൈ) ബാബു ജോണ്‍, മണ്ണത്തൂര്‍ വലിയപള്ളി വികാരി ഫാ. ഏലിയാസ് ജോണ്‍, ശൈനോ എന്നിവരാണു് മക്കള്‍. അനിത എല്ലാകാവുങ്കല്‍, മാറാടി, ലാലി ചേലകത്തിനാല്‍ ഓണക്കൂര്‍, കൊച്ചുമോള്‍ വെള്ളൂക്കാട്ടില്‍ പിറവം, ജോര്‍ജുകുട്ടി ആനച്ചിറയില്‍ കോതമംഗലം എന്നിവര്‍ മരുമക്കളും.
സംസ്‌കാര ശുശ്രൂഷകൾ നവംബര്‍ അഞ്ചാം തീയതി ബുധനാഴ്ച വൈകുന്നേരം ഭവനത്തില്‍ ആരംഭിച്ചു് നവംബര്‍ ആറാം തീയതി വ്യാഴാഴ്ച 12ന് ഓണക്കൂര്‍ സെഹിയോന്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ത്തിയാക്കി. പൗരസ്ത്യ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയും കണ്ടനാടു് ഈസ്റ്റ് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ തോമാസ് മാർ അത്താനാസിയോസും, കണ്ടനാടു് വെസ്റ്റ്‌ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ മാത്യൂസ് മാർ സേവേറിയോസും, അങ്കമാലി ഭദ്രാസന അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസും കണ്ടനാടു് ഈസ്റ്റ് - കണ്ടനാടു് വെസ്റ്റ്‌ ഭദ്രാസനങ്ങളിലെ വൈദീകരും സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകൾക്ക് വൈദീകരാണു് നേതൃത്വം നൽകിയതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ