20140128
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും കത്തോലിക്കാ സഭകളും തമ്മിലുള്ള രാജ്യാന്തര സംവാദം ആരംഭിച്ചു
പാമ്പാക്കുട ജനുവരി 28: ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും കത്തോലിക്കാ സഭയും തമ്മില്‍ അന്തര്‍ദേശീയ ദൈവശാസ്‌ത്രസംവാദം പാമ്പാക്കുട സമന്വയ എക്യൂമെനിക്കല്‍ സെന്ററില്‍ ഇന്നു് രാവിലെ ആരംഭിച്ചു. കോപ്‌റ്റിക്, അര്‍മ്മേനിയന്‍, മലങ്കര, എത്യോപ്യന്‍, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെയും റോമന്‍ കത്തോലിക്കാ സഭയുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതിനിധികള്‍ ഇന്നലെ എത്തി. പ്രതിനിധികളായി എത്തിയ സഭാ അദ്ധ്യക്ഷന്മാരെ ഓര്‍ത്തഡോക്‌സ് സഭ എക്യൂമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് സെക്രട്ടറി ഫാ. എബ്രഹാം തോമസ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ആര്‍ച്ച് ബിഷപ്പ് പെട്രാസിയന്‍ (അര്‍മ്മേനിയ) ബിഷപ്പ് അല്‍ബാബാഷോയി (ഈജിപ്‌റ്റ്) മെത്രാപ്പോലീത്താമാരായ കുറിയാക്കോസ് മാര്‍ തെയോഫിലോസ്, മാര്‍ തെയോഫിലോസ് ജോര്‍ജ്ജ് സ്ലീബാ, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഫാ. ഷിന്നഡാ മാര്‍ഷല്‍ ഇസാക്, ഫാ. ഡോ. ബേബി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 29ാം തീയതി പരിശുദ്ധ കാതോലിക്കാ ബാവാ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും. ഫെബ്രുവരി 2ന് പഴയ സെമിനാരി ദ്വിശതാബ്‌ദി ആഘോഷങ്ങളില്‍ വിദേശ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കും.
സഭകളുടെ അന്തര്‍ദേശീയ സംവാദം പാമ്പാക്കുടയില്‍
പാമ്പാക്കുട: മലങ്കര ഓര്‍ത്തഡോകസ് സഭയുടെ അതിഥേയത്വത്തില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും കത്തോലിക്കാ സഭയും തമ്മില്‍ അന്തര്‍ദേശീയ ദൈവശാസ്‌ത്രസംവാദം ജഌവരി 27 മുതല്‍ ഫെബ്രുവരി 1 വരെ പാമ്പാക്കുട സമന്വയ എക്യുമെനിക്കല്‍ സെന്ററില്‍ നടക്കും. കോപ്‌റ്റിക്, അര്‍മ്മീനിയന്‍, സിറിയന്‍, മലങ്കര, എത്യോപ്യന്‍, എറിത്രിയന്‍ ഓര്‍ത്തഡോകസ് സഭകളുടെയും റോമന്‍ കത്തോലിക്കാ സഭയുടെയും പ്രതിനിധികള്‍ പങ്കെടുക്കും. 2009-ല്‍ റോമില്‍ ചേര്‍ന്ന എക്യുമെനിക്കല്‍ സമ്മേളനധാരണകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരം സംവാദം നടക്കുന്നത്.
ആചാരാഌഷ്‌ഠാനങ്ങളില്‍ വ്യത്യസ്ഥതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സാമൂഹ്യനന്മയ്‌ക്കായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ലക്ഷ്യമാക്കിയാണ് സംവാദം നടക്കുന്നത്. ആര്‍ച്ച് ബിഷപ്പ് പെട്രാസിയന്‍, ബിഷപ്പ് അല്‍ബാ ബിഷോയി, മെത്രാപ്പോലീത്താമാരായ കുരിയാക്കോസ് മാര്‍ തെയോഫിലോസ്, മാര്‍ തെയോഫിലോസ്, ജോര്‍ജ്ജ് ശ്ലീബാ, ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഫാ. ഷിനൗഡാ മാഷര്‍ ഇഷാക്ക്, ഫാ. ഡോ. ബേബി വര്‍ഗീസ്, ഫാ. ഷാഹെ അനന്യന്‍, ഫാ. ദാനിയേല്‍ ഫെലേക്കേ, ഫാ. കൊളംമ്പസ്റ്റുവാര്‍റ്റ്, ഫാ. ബോഗോസ് ലെവോണ്‍ സെഖിയാന്‍ എന്നിവര്‍ വിവിധസഭാ പാരമ്പര്യങ്ങളില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഓറിയന്റല്‍ സഭകളെ പ്രതിനിധീകരിച്ച് അന്‍ബാ ബിഷോയി (ഈജിപിറ്റ്), യെസിനിക് പട്രാസിയാന്‍ (അര്‍മ്മേനീയ), നരേഗ് അല്‍മെസിയാന്‍(ലെബനോന്‍), ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് (തിരുവനന്തപുരം), ആര്‍ച്ച് ബിഷപ്പ് മാര്‍ക്കോസ് (എത്യോപ്യ), ബിഷപ്പ് ഡാനിയേല്‍ (ഓസ്‌ട്രലിയ), ഫാ. ഡാനിയേല്‍ ഫെലേക്കേ (എത്യേപ്യ), ബിഷപ്പ് ബര്‍ണ്ണാബാ (ഇറ്റലി) എന്നീ മെത്രാപ്പോലീത്താമാരും ഫാ. ഷിനൗഡാ മാഷര്‍ ഇഷാക്ക് (ന്യൂയോര്‍ക്ക്), ഫാ. ഷാകെ അനന്യന്‍ (അര്‍മ്മേനിയ), ഫാ. മാഗര്‍ അഷ്‌കരിയാന്‍ (ഇറാന്‍) എന്നീ വൈദീകരും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ കുര്‍ട്ട് കോക്ക് (വത്തിക്കാന്‍),ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ജോര്‍ജ്ജസ് കസ്‌മുസ (ബെയുറൂട്ട്), ബിഷപ്പുമാരായ യോഹന്നാന്‍ ഗോള്‍ട്ടാ (കെയ്‌റോ), പീറ്റര്‍ മരിയാത്തി (സിറിയ), പോള്‍ റൂഹാനാ (ലിബാന്‍), പോള്‍ വെര്‍ണര്‍ ഷെല്ലി (ജര്‍മ്മനി), ഫാ. ഫ്രാന്‍സ് ബൗവെന്‍ (ജറുസലേം), ഫാ. കൊളംബസ്റ്റുവേര്‍ട്ട് (അമേരിക്ക), ഫാ. റൊണാള്‍ഡ് റോബര്‍സണ്‍ (വാഷിംഗ്‌ടണ്‍), ഫാ. മാത്യു വെള്ളാനിക്കല്‍ (പത്തനംതിട്ട), ഫാ. ഗബ്രിയേല്‍ ക്വിക്ക് (വത്തിക്കാന്‍), ഫാ. മാര്‍ക്ക് ഷെറിഡാന്‍ (ജറുസലേം) എന്നിവരും ചര്‍ച്ചകള്‍ നയിക്കും.
മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്‌റ്റ് ഭദ്രാസനത്തിന്റെ മേലദ്ധ്യക്ഷനായ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കൂത്താട്ടുകുളത്തെ മേഖലാ വസതിയും കാര്യാലയവുമാണു് മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം. ഈമേഖലാ അരമന കൂത്താട്ടുകുളം ടൗണില്‍ മേനാമറ്റം റോഡരികിലാണു്. മിസ്‌പാ (mizpah) എന്ന ബൈബിള്‍ പദത്തിന്റെ അര്‍ത്ഥം കാവല്‍മാടം, സങ്കേതം എന്നെല്ലാമാണു്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്‌റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ഓഫീസ്, കൂത്താട്ടുകുളം മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓഫീസ്, മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ (എം ജി എം) വേദപഠന ക്ലാസ്, സെന്റ് ജോണ്‍സ് പഠനകേന്ദ്രം (മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം), ആരാധനാഗീത പരിശീലനകളരി എന്നിവ ഇവിടെ പ്രവര്‍ത്തിയ്‌ക്കുന്നു. സെമിനാറുകളും ഭക്തസംഘടനകളുടെ യോഗങ്ങളും ഇടയ്‌ക്കിടെ നടത്താറുണ്ടു്. സഭയുടെമാനവശാക്തീകരണവകുപ്പിന്റെ പരിപാടിയായ പെണ്മയുടെ നന്മ സെമിനാറും വൈദീകയോഗവും ഈയിടെ നടന്നിരുന്നു. കണ്ടനാട് ഈസ്‌റ്റ് ഭദ്രാസനത്തിന്റെ കീഴില്‍ കൂത്താട്ടുകുളം മേഖലയിലുള്ള ഒമ്പതു് ഇടവകപ്പള്ളികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിയ്‌ക്കുവാനും ആത്മീയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനുമാണു് മേഖലാ അരമന സ്ഥാപിക്കേണ്ടിവന്നതു്. 2005ല്‍ മേനാമറ്റം റോഡിന്റെ തുടക്കത്തിലുള്ള ഹൗസിങ് സൊസൈറ്റി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സൊസൈറ്റി ആഫീസിനോടു് ചേര്‍ന്നുള്ള മുറിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ കൂത്താട്ടുകുളം മേഖലാ കേന്ദ്രം ആരംഭിച്ചു (ഹൗസിങ് സൊസൈറ്റി കെട്ടിടത്തിന്റെ മുകളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ കൂത്താട്ടുകുളം മേഖലാ കേന്ദ്രം എന്നമേലെഴുത്തു് മായിച്ചുകളയാത്തതുകൊണ്ടു് ഇപ്പോഴും കാണാം). 2013 ഓഗസ്‌റ്റില്‍ അമ്പതു മീറ്റര്‍ മാറി മേനാമറ്റം റോഡരികിലായി പത്തു് സെന്റിലായി മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം പണികഴിപ്പിയ്‌ക്കുന്നതുവരെ അതവിടെ തുടര്‍ന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്‌റ്റ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപനായ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പേരില്‍ 2012ല്‍ വാങ്ങിയസ്ഥലത്തു് 2013 മാര്‍ച്ച് 18നു് മിസ്‌പാ മേഖലാ അരമനയ്‌ക്കായി ശിലാസ്ഥാപനം നടത്തി പണിപൂര്‍ത്തിയാക്കി ഓഗസ്‌റ്റ് 30നു് മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)