20140128

മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ മേലദ്ധ്യക്ഷനായ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തായുടെ കൂത്താട്ടുകുളത്തെ മേഖലാ വസതിയും കാര്യാലയവുമാണു്‌ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം. ഈമേഖലാ അരമന കൂത്താട്ടുകുളം ടൗണില്‍ മേനാമറ്റം റോഡരികിലാണു്‌. മിസ്‌പാ (mizpah) എന്ന ബൈബിള്‍ പദത്തിന്റെ അര്‍ത്ഥം കാവല്‍മാടം, സങ്കേതം എന്നെല്ലാമാണു്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ഓഫീസ്‌, കൂത്താട്ടുകുളം മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓഫീസ്‌, മാര്‍ ഗ്രിഗോറിയോസ്‌ മെമ്മോറിയല്‍ (എം ജി എം) വേദപഠന ക്ലാസ്‌, സെന്റ്‌ ജോണ്‍സ്‌ പഠനകേന്ദ്രം (മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം), ആരാധനാഗീത പരിശീലനകളരി എന്നിവ ഇവിടെ പ്രവര്‍ത്തിയ്‌ക്കുന്നു. സെമിനാറുകളും ഭക്തസംഘടനകളുടെ യോഗങ്ങളും ഇടയ്‌ക്കിടെ നടത്താറുണ്ടു്‌. സഭയുടെമാനവശാക്തീകരണവകുപ്പിന്റെ പരിപാടിയായ പെണ്മയുടെ നന്മ സെമിനാറും വൈദീകയോഗവും ഈയിടെ നടന്നിരുന്നു. കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ കീഴില്‍ കൂത്താട്ടുകുളം മേഖലയിലുള്ള ഒമ്പതു്‌ ഇടവകപ്പള്ളികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിയ്‌ക്കുവാനും ആത്മീയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനുമാണു്‌ മേഖലാ അരമന സ്ഥാപിക്കേണ്ടിവന്നതു്‌. 2005ല്‍ മേനാമറ്റം റോഡിന്റെ തുടക്കത്തിലുള്ള ഹൗസിങ്‌ സൊസൈറ്റി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സൊസൈറ്റി ആഫീസിനോടു്‌ ചേര്‍ന്നുള്ള മുറിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കൂത്താട്ടുകുളം മേഖലാ കേന്ദ്രം ആരംഭിച്ചു (ഹൗസിങ്‌ സൊസൈറ്റി കെട്ടിടത്തിന്റെ മുകളില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കൂത്താട്ടുകുളം മേഖലാ കേന്ദ്രം എന്നമേലെഴുത്തു്‌ മായിച്ചുകളയാത്തതുകൊണ്ടു്‌ ഇപ്പോഴും കാണാം). 2013 ഓഗസ്‌റ്റില്‍ അമ്പതു മീറ്റര്‍ മാറി മേനാമറ്റം റോഡരികിലായി പത്തു്‌ സെന്റിലായി മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം പണികഴിപ്പിയ്‌ക്കുന്നതുവരെ അതവിടെ തുടര്‍ന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപനായ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തായുടെ പേരില്‍ 2012ല്‍ വാങ്ങിയസ്ഥലത്തു്‌ 2013 മാര്‍ച്ച്‌ 18നു്‌ മിസ്‌പാ മേഖലാ അരമനയ്‌ക്കായി ശിലാസ്ഥാപനം നടത്തി പണിപൂര്‍ത്തിയാക്കി ഓഗസ്‌റ്റ്‌ 30നു്‌ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ