20140819

ഓർത്തഡോക്സ്‌ സുറിയാനി സഭ

ഓർത്തഡോക്സ്‌ സുറിയാനി സഭ അല്ലെങ്കിൽ സുറിയാനി ഓർത്തഡോക്സ്‌ സഭ എന്നത്‌ ഒറിയന്റൽ ഒർത്തഡോക്സ് സഭയിലെ സ്വയശീർഷക സഭകളായ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയെയും മലങ്കര സഭ ഉൾപ്പെട്ട ഓർത്തഡോക്സ്‌ പൌരസ്ത്യ സഭയെയും പൊതുവായി വിളിയ്ക്കുന്ന പേരാണു്. ആംഗല ഭാഷയിൽ Orthodox Syriac Church എന്നും Orthodox Syrian Church എന്നും പ്രയോഗമുണ്ടു്. യാക്കോബായ സുറിയാനി സഭ എന്നും ഈ സഭകളെ വിളിയ്ക്കാറുണ്ടെങ്കിലും അപ്പോസ്തലിക സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പേരായതിനാൽ തെറ്റായ പേരാണതെന്നു് അവ സ്വയം കരുതുന്നു.

നേതൃത്വം

ഓർത്തഡോക്സ്‌ സുറിയാനി സഭയ്ക്കു് സംയുക്ത എപ്പിസ്കോപ്പൽ സുന്നഹദോസ് ഇല്ല. അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം മറ്റേസ്ഥാനിയുടെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ ഇടപെടാതിരിയ്ക്കണമെന്നും അന്ത്യോക്യാ പാത്രിയർക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെയും അംഗീകാരം വേണമെന്നും അന്ത്യോക്യാ പാത്രിയർക്കീസ് തമ്മിൽ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മിൽ രണ്ടാമനും ആയിരിയ്ക്കണമെന്നുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര സഭകളായ ഇരുവിഭാഗങ്ങളും സംയുക്തമായി പ്രവർത്തിച്ചിരുന്നു.[1]

അപ്രകാരം, ഓർത്തഡോക്സ്‌ സുറിയാനി സഭാസംവിധാനത്തിൽ പ്രധാനമേലദ്ധ്യക്ഷസ്ഥാനം അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസിനു് നല്കിയിരിയ്ക്കുന്നു. മലങ്കര സഭ ഉൾപ്പെട്ട ഓർത്തഡോക്സ് പൗരസ്ത്യസഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കോസിനു് രണ്ടാം സ്ഥാനമാകുന്നു. ഒറിയന്റൽ ഒർത്തഡോക്സ് സഭാകുടുംബത്തിൽ അലക്സാന്ത്രിയൻ മാർപാപ്പ ഒന്നാമനും അന്ത്യോക്യാ പാത്രിയർക്കീസ് രണ്ടാമനും ആയിരിയ്ക്കുന്നതുപോലെയാണിതു്[2].

ഇപ്പോൾ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വിഭാഗങ്ങൾ എന്ന നിലയിൽ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയും ഓർത്തഡോക്സ് പൗരസ്ത്യസഭയും ഐക്യത്തിലല്ലെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗസഭകളെന്ന നിലയിൽ സഹോദരീസഭകളായി പ്രവർത്തിയ്ക്കുന്നു.

2014 മേയ് 14-ആം തീയതി മുതൽ പരിശുദ്ധ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ ബാവയാണു് അന്ത്യോക്യാ പാത്രിയർക്കീസ്‌; ആസ്ഥാനം: ദമസ്കോസ്.

2010 നവംബർ 1-ആം തീയതി മുതൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണു് പൗരസ്ത്യ കാതോലിക്കോസ്; ആസ്ഥാനം: ദേവലോകം.

പേരിനു് പിന്നിൽ

സഭാവിഭാഗം ഓർത്തഡോക്സ്‌ ആയതുകൊണ്ടും തക്സാഭാഷ സുറിയാനി ഭാഷയായതുകൊണ്ടും ആണു് ഓർത്തഡോക്സ്‌ സുറിയാനി സഭ എന്ന പേരു് ഈ സഭാവിഭാഗങ്ങൾക്കുണ്ടായതു്. ക്രിസ്തു സംസാരിച്ച ഭാഷയായ സുറിയാനി എന്ന അരമായഭാഷാഭേദത്തിന്റെ പ്രാദേശികരൂപങ്ങളിലൊന്നായപാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ അടിസ്ഥാന ആരാധനാ ഭാഷയെങ്കിലും മലയാളികളുടെയിടയിൽ ( കേരളത്തിൽ) മലയാളവും ഉപയോഗിയ്ക്കുന്നു.

യാക്കോബായ സുറിയാനി സഭ എന്ന പേരുണ്ടായതു് ആറാം നൂറ്റാണ്ടിൽ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുർദാന പുനരുദ്ധരിച്ച സഭയായതുകൊണ്ടാണു്. സുറിയാനി ഓർത്തഡോക്സ്‌ സഭ അപ്പോസ്തോലിക സഭയല്ലെന്നും യാക്കോബായ സഭയാണെന്നും കല്ക്കദോൻ കക്ഷിയായ റോമാ സഭയും ബൈസാന്ത്യ സഭയും ആക്ഷേപിച്ചു. ഓർത്തഡോക്സെന്ന പദം പേരിന്റെ ഭാഗമാക്കിയതു് അതിനു് മറുപടിയായാണു്.

ചരിത്രം

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ കിഴക്കൻറോമാ സാമ്രാജ്യത്തിലും ഓർത്തഡോക്സ് പൗരസ്ത്യസഭ റോമാ സാമ്രാജ്യത്തിനു് പുറത്തു് കിഴക്കും വികസിച്ച സഭകളാണു്.

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ

ഊർശലേമിൽ](ജറുസലേം) പെന്തിക്കൊസ്തി ദിവസം ഔപചാരികമായി നിലവിൽ വന്ന ക്രിസ്തീയസഭ കഠിനമായ പീഡനത്തെ നേരിട്ടപ്പോൾ പാലായനം ചെയ്യാൻ നിർബന്ധിതരായ സഭാനേതാക്കൾ അന്ത്യോക്യയെ ആണു് പ്രവർത്തനകേന്ദ്രമാക്കിയതു്. അവിടെവച്ചാണു് ക്രിസ്തുമാർഗ്ഗകാർക്ക് ക്രിസ്ത്യാനികൾഎന്ന പേരു് ലഭിച്ചതു് (അപ്പോ.11:26). വി.പത്രോസ്‌ അന്ത്യോക്യയിൽ ഭദ്രാസനപ്പള്ളി സ്ഥാപിച്ചതു് , അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ അതിന്റെ ആരംഭമായും റോമാ സഭ വി.പത്രോസിന്റെ സിംഹാസന സ്ഥാപനമായും കരുതുന്നു. അതു് ക്രി.വ. മുപ്പത്തിനാലിൽ ആണെന്നു് കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. വിജാതീയർക്കനുകൂലനുകൂലമായി വിശുദ്ധ പൗലോസിന്റെ നിലപാടിനെ അനുകൂലിയ്ക്കുന്നവരായിരുന്നു അന്ത്യോക്യയിലെ ക്രിസ്ത്യാനികൾ.

നാലാം നൂറ്റാണ്ടായപ്പോഴേയ്ക്കും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ റോമാസാമ്രാജ്യത്തിലെ മൂന്നു് പാത്രിയർക്കാസഭകളിലൊന്നായി വളർന്നു. ക്രി പി 381-ലെ കുസ്തന്തീനോപ്പോലീസ്‌ (Constantinople) സൂനഹദോസിനു് ശേഷം അലക്സാന്ത്രിയ,റോമ, അന്ത്യോക്യാ മെത്രാപ്പോലീത്തമാരെ പാത്രിയർക്കീസ് എന്നു് വിളിച്ചു് തുടങ്ങി. അന്ത്യോക്യാപട്ടണവും ഓറിയൻസ്(കിഴക്കൻ) പ്രവിശ്യ മുഴുവനും ആയിരുന്നു അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മായാധികാരത്തിൻ കീഴിലുണ്ടായിരുന്നതു്.

451-ലെ കല്ക്കദോൻ സുന്നഹദോസു് മൂലമുണ്ടായപിളർപ്പിൽ കല്ക്കദോൻ വിരുദ്ധ കക്ഷിയായിമാറിയ സഭകളിലൊന്നാണു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ. കല്ക്കദോൻ കക്ഷിയിൽ ചേർന്ന അന്ത്യോക്യാ സഭയിലെ വിഘടിത വിഭാഗം അന്ത്യോക്യാ ഓർത്തഡോക്സ്‌ സഭയെന്നും അന്ത്യോക്യാ മെൽക്കായ സഭയെന്നും അറിയപ്പെടുന്നു.അതു് ബൈസാന്ത്യ സഭയുടെ ഭാഗമാണു് കല്ക്കദോൻ കക്ഷി കിഴക്കൻ റോമാസാമ്രാജ്യത്തിലെ രാജകീയമതമായപ്പോൾ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുർദാന അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയെ ജനകീയമതമായി കെട്ടിപ്പടുത്തു് തകർച്ചയിൽനിന്നും രക്ഷിച്ചു.

ഓർത്തഡോക്സ് പൗരസ്ത്യസഭ
റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായിവികസിച്ച ക്രൈസ്തവസഭയാണു് ഓർത്തഡോക്സ് പൗരസ്ത്യസഭ. ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്നു. തോമാശ്ലീഹ അയച്ച അദ്ദായി ശ്ലീഹ ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് പേർഷ്യയിലെ സഭ.

ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ(എഡേസ) തലസ്ഥാനമായ ഒഷ്റേൻ രാജ്യം മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോൾ പേർ‍ഷ്യയിലെ സെലൂക്യ —സ്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതൽ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.

ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചപ്പോൾ ഓർത്തഡോക്സ് വിഭാഗത്തെ ഉറഹായുടെ മേലദ്ധ്യക്ഷൻ യാക്കൂബ് ബുർ‍ദാന ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനമാക്കി മാറ്റി. ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെയും പൊതുമേലദ്ധ്യക്ഷനായാണു് 543-ൽ അലക്സാന്ത്രിയൻ‍ മാർ‍പാപ്പ തവോദോസിയോസ് ഉറഹായുടെ മേലദ്ധ്യക്ഷനെ (യാക്കൂബ് ബുർ‍ദാന) നിയമിച്ചതു്[3].

559-ൽ‍ ആഹൂദെമ്മെയെ യാക്കൂബ് ബുർ‍ദാന പൗരസ്ത്യസഭയിലെ പിൻ‍ഗാമിയാക്കി. ഏഴാം നൂറ്റാണ്ടിൽ (628) മാർ മാറൂഥ (മോറൂസോ)യുടെ കാലത്തു് തിൿരീത്തു് നഗരം ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. 7-9 നൂറ്റാണ്ടുകളിൽ (മാർ മാറൂഥയുടെ പിൻ‍ഗാമി മാർ‍ ദനഹയുടെകാലത്തും കഫർ‍തൂത്താ സുന്നഹദോസിലും) അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുമായി വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം മറ്റേസ്ഥാനിയുടെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ ഇടപെടാതിരിയ്ക്കണമെന്നും അന്ത്യോക്യാ പാത്രിയർക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെയും അംഗീകാരം വേണമെന്നും അന്ത്യോക്യാ പാത്രിയർക്കീസ് തമ്മിൽ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മിൽ രണ്ടാമനും ആയിരിയ്ക്കണമെന്നുമുള്ള വ്യവസ്ഥകൾ നിലവിൽവന്നു. ഇരുസഭകളുടെയും സംയുക്ത പ്രവർത്തനം പൗരസ്ത്യ കാതോലിക്കോസുമാർ അന്ത്യോക്യാ പാത്രിയർക്കീസുമാരാകുന്നതിലേയ്ക്കും അവസാനം ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനം 1860-ഓടെ അന്ത്യോക്യാ പാത്രിയർക്കീസനത്തിൽ ലയിയ്ക്കുന്നതിലേയ്ക്കും എത്തിച്ചു. എന്നാൽ പരിശുദ്ധ അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസ് പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ൽ മലങ്കരയിലേയ്ക്കു് മാറ്റി.

മലങ്കര സഭ, പൗരസ്ത്യസഭയുടെ ഭാഗം


ഉസ്മാനിയ്യ (ഓട്ടോമൻ) തുർക്കി സുൽത്താൻ അബ്ദുൽ ഹമീദ് (+1909)
ഉറഹായിലെയും പേർ‍ഷ്യയിലെയും സഭകളോടൊപ്പം തുടക്കം മുതൽ പൗരസ്ത്യ സഭയുടെ ഇടവകയായിരുന്നു മലങ്കര സഭ. ഭാരത സഭ ആദ്യകാലം മുതൽ‍‍ പേർ‍ഷ്യൻ സഭയുമായി വളരെ ബന്ധപ്പെട്ടാണു് വളർ‍ന്നുവന്നതു്[4].

ആ ബന്ധത്തിലേയ്ക്കു് വെളിച്ചം വീശുന്ന ഒന്നാണു് പേർ‍ഷ്യൻ ദേശത്തുനിന്നുള്ള ക്രിസ്തീയ കുടിയേറ്റ കഥ. ക്രി വ 345-ൽ ക്നായിത്തൊമ്മന്റെ നേതൃത്ത്വത്തിൽ ഉറഹക്കാരായ 72 കുടുംബങ്ങളും ഒരു യൗസേപ്പുമെത്രാനും കുടിയേറിയെന്ന പാരമ്പര്യം ക്നാനായ സമുദായം വച്ചുപുലർ‍ത്തുന്നുണ്ടു്. പേർ‍ഷ്യയിലെ സെസ്സനീഡ് രാജാക്കന്മാരുടെ മതപീഡനകാലത്തു് പേർഷ്യയിൽനിന്നുണ്ടായ കുടിയേറ്റമാണിതെന്നു് ചിലർ‍ കരുതുമ്പോൾ കുടിയേറ്റം 8-ആം നൂറ്റാണ്ടിലാണെന്നും കുടിയേറിയവർ‍ ആർ‍മീനിയരാണെന്നുമാണു് പൗളിനോസ് പാതിരി പൗരസ്ത്യഭാരതത്തിലെ ക്രിസ്തുമതം എന്നപുസ്തകത്തിൽ പ്രസ്താവിച്ചിട്ടുള്ളതു്.

ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യയിൽനിന്നു് (പൗരസ്ത്യ കാതോലിക്കാസനത്തിൽ നിന്നു്)വന്ന തരിസാക്കളുടെ പിന്തുണയില്ലായിരുന്നങ്കിൽ‍ മലങ്കര സഭ ഇല്ലാതായി മുഹമ്മദീയമായേനെ. പൗരസ്ത്യ കാതോലിക്കാസനവുമായുള്ള കൂട്ടായ്മയിലുടെ ആകമാന സഭയുടെഭാഗമായി വർത്തിച്ച മലങ്കര സഭ 1599-ൽ പരങ്കികൾ അടിച്ചേൽപിച്ച ഉദയമ്പേരൂർ സുന്നഹദോസിലൂടെ റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്നു.

1653-ൽ കൂനൻ കുരിശു് സത്യത്തിലൂടെ മോചനം നേടി . ജാതിയ്ക്കു് കർ‍ത്തവ്യനായ പൊതുഭാരശുശ്രൂഷനെ (പൊതുമാടൻ‍ ചെമ്മായിയെ) മെത്രാനായിവാഴിച്ചുകൊണ്ടു് ആ ആണ്ടിൽ‍‍ തന്നെ മലങ്കര സഭ എപ്പിസ്കോപ്പൽ സഭാശാസ്ത്രം സ്വീകരിച്ചു. മലങ്കര സഭയുടെ അപേക്ഷപ്രകാരം അന്ത്യോക്യാ പാത്രിയർക്കീസുകൂടിയായിരുന്ന പൗരസ്ത്യ കാതോലിക്കോസ് അബ്ദുൽ‍‍ മിശിഹാ ഒന്നാമൻഅയച്ച അബ്ദുൽ ജലീൽ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1865-ൽ‍‍ മലങ്കര സഭയെ മെത്രാപ്പോലീത്തൻ സഭയായി ഉയർത്തി. 1876-ലെ മുളന്തുരുത്തി സുന്നഹദോസിനു് ശേഷം വലിയ മെത്രാപ്പോലീത്തൻ സഭയുമായി മാറി. രണ്ടു് പൗരസ്ത്യ കാതോലിക്കോസുമാർ (മാർ ബസേലിയോസ് യെൽ‍ദോ ബാവയും മാർ ബസേലിയോസ് ശക്രള്ള ബാവയും) മലങ്കരയിൽ അജപാലനാർത്ഥം വന്നു് കബറടങ്ങി.

പൗരസ്ത്യ കാതോലിക്കാസനം 1860-ൽ അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ ലയിച്ചതിനു് ശേഷം 1876-ലെ മുളന്തുരുത്തി സുന്നഹദോസോടെ മലങ്കര സഭ അന്ത്യോക്യാ പാത്രിയർക്കാസനത്തിന്റെ ആത്മീയഅധികാരത്തിൻ‍ കീഴിലായി.

ഓർത്തഡോക്സ്‌ സുറിയാനി സഭയിൽ പ്രതിസന്ധി


1896-ലെ പാത്രിയർക്കാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ‍ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭവിട്ടു് റോമൻ കത്തോലിക്കാസഭയിൽ ചേർ‍ന്നു് ഹോംസിലെ റീത്തു് മെത്രാപ്പോലീത്തയായ അബ്ദുല്ലമെത്രാൻ ഹമീദ് സുൽ‍ത്താനെ സ്വാധീനിച്ചു് അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിന്റെ അധികാരപത്രം (ഫർമാൻ) റദ്ദാക്കിച്ചു് അബ്ദുല്ല രണ്ടാമൻ എന്നപേരിൽ എതിർ അന്ത്യോക്യാ പാത്രിയർ‍ക്കീസായതു് ഓർത്തഡോക്സ്‌ സുറിയാനി സഭയിൽ പ്രതിസന്ധിയുണ്ടാക്കി.

പിൽക്കാലത്തു് പൗരസ്ത്യ കാതോലീക്കോസായ ഔഗേൻ ബാവ അക്കാലത്തു് (1906-ൽ) അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിനെ സന്ദർ‍ശിച്ചു് മലങ്കര സഭയ്ക്കു് സത്യവിശ്വാസം നിലനിറുത്താൻ വേണ്ടി പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് മലങ്കരയിലേയ്ക്കു് മാറ്റുവാൻ സമ്മതിപ്പിച്ചു. മലങ്കരമെത്രാപ്പോലീത്തയുടെ ലൗകിക അധികാരങ്ങൾ അബ്ദുല്ല രണ്ടാമൻ ബാവയ്ക്കു് കൈമാറി ഉടമ്പടിനല്കണമെന്ന നിർ‍ദേശം പാലിയ്ക്കാത്തതിനു് മലങ്കരമെത്രാപ്പോലീത്ത വട്ടശേരിൽ ദിവന്നാസിയോസിനെ അബ്ദുല്ല രണ്ടാമൻ ബാവ 1911-ൽ‍ മുടക്കിയപ്പോൾ അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസ് മുടക്കു് റദ്ദാക്കി അദ്ദേഹത്തെ പുനഃസ്ഥാപിച്ചു. പിന്നീടു് മലങ്കരയിലെഴുന്നള്ളി പൗരസ്ത്യ കാതോലിക്കാസനം പൂർ‍ണമായി പുനഃരുദ്ധരിപ്പിച്ചു് ബസേലിയോസ് പൗലോസ് ഒന്നാമനെ മലങ്കരയിലെ ഒന്നാമത്തെ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കുന്നതിനു് നേതൃത്വം നല്കി .

തിരികെ മർദീനിലെത്തിയ അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിനു് പാത്രിയർക്കാഅധികാരമെല്ലാം തിരികെ ലഭിയ്ക്കുകയും 1915 ഓഗസ്റ്റ് 15-ആം തീയതി കാലം ചെയ്യുന്നതുവരെ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ വാണരുളുകയും ചെയ്തു. എതിർ പാത്രിയർ‍ക്കീസ് അബ്ദുല്ല രണ്ടാമനു് മർദീനിൽ പ്രവേശിയ്ക്കാൻ പറ്റാത്തതിനാൽ ഊർശലേമിൽ തുടരുകയും കാഴ്ച നഷ്ടപ്പെട്ടു് യാതനകളനുഭവിച്ചു് കാലം ചെയ്തു. അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിന്റെ അധികാരപത്രം (ഫർമാൻ) റദ്ദാക്കിയ ഓട്ടോമൻ‍ തുർ‍ക്കിയുടെ ഹമീദ് സുൽ‍ത്താൻ നേരത്തെതന്നെ വധിയ്ക്കപ്പെട്ടിരുന്നു. അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ റിപ്പബ്ലിക്കൻവാദികളായ പ്രതിപക്ഷത്തെ സഹായിച്ചുവെന്നു് ബോദ്ധ്യപ്പെടുത്തിയാണു് വിമതർ സുൽ‍ത്താനെ സ്വാധീനിച്ചതു്.

അബ്ദുല്ലാ പാത്രിയർക്കീസും അദ്ദേഹത്തിന്റെ പിൻഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മിൽ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയിൽ അധികാരമൽസരം നടന്നു.


സഭാസമാധാനം
1958-ൽ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർക്കീസും പരസ്പരം അംഗീകരിച്ചു. 1965-ൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ ആഡീസ് അബാബ സുന്നഹദോസിൽ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർക്കീസും പങ്കെടുത്തു. 1964-ൽ അന്ത്യോക്യാ പാത്രിയർക്കീസ് ആവശ്യപ്പെട്ടതുപ്രകാരം പൗരസ്ത്യ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തി പുതുക്കി നിശ്ചയിച്ചു.

അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മിൽ 1971-ൽ വീണ്ടും ആരംഭിച്ച അധികാരതർക്കത്തിൽ അന്ത്യോക്യാ പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ തന്റെ കീഴിൽ 1975-ൽ ഒരു എതിർ പൗരസ്ത്യ കാതോലിക്കോസിനെ ബസേലിയോസ് പൗലോസ് രണ്ടാമനെന്ന പേരിൽ നിയമിച്ചു . ഈ തർക്കത്തിനു് തീർപ്പുണ്ടായതു് ഭാരത സുപ്രീം കോടതി 1995-ൽ വിധി കല്പിച്ചു് 2002-ൽ നടപ്പിൽവരുത്തിയതോടെയാണു്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീർപ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയിൽതുടർ‍ന്നു. സുപ്രീം കോടതി നിരീക്ഷണത്തിൽ നടന്ന സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ‍ തെരഞ്ഞെടുപ്പിൽ അവർ‍ പങ്കെടുത്തു.

സുപ്രീം കോടതി തീർപ്പിനോടു് ചെറുത്തുനിന്ന വിഭാഗം സുപ്രീം കോടതി നിരീക്ഷണത്തിൽ നടന്ന സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ‍ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. അവർ‍ 2002 ജൂലയ് 6-നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പേരിൽ പുതിയ സഭാഘടകം രൂപവൽക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ അതിരൂപതയായിമാറി. ഈ അതിരൂപതയുടെ അദ്ധ്യക്ഷനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ൽ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിൻ‍ഗാമിയായിട്ടായിരുന്നില്ല.

2004 സെപ്തംബറിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ‍‍ ഇവാസ് പാത്രിയർക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുളന്തുരുത്തിയിൽ‍ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ്‌ സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിൽ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങൾ ഉറപ്പിയ്ക്കുന്നതിനു് തീരുമാനിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെക്കൂടാതെ പൗരസ്ത്യ സുവിശേഷ സമാജം ,സിംഹാസനപ്പള്ളികൾ ,ക്നാനായ ഭദ്രാസനം തുടങ്ങിയവകൂടി ഉൾ‍‍പ്പെട്ടതാണു് പൗരസ്ത്യ സഭാഭരണാതിർത്തിയിലെ അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഇടവക.

പൗരസ്ത്യ കാതോലിക്കസനമാകട്ടെ 2007-ൽ ശീമയിലെ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയിലുണ്ടായ പ്രതിസന്ധി മുതലെടുത്തു് അമേരിക്കയിൽ വിശുദ്ധ യാക്കോബിന്റെ നാമത്തിൽ സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയ്ക്കു് അംഗീകാരവും മേൽ‍പട്ടപിന്തുണയും കൊടുക്കുകയും യറോപ്പിൽ‍ സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ ഭദ്രാസനമുണ്ടാക്കി മെത്രാപ്പോലീത്തയെ വാഴിച്ചുവിടുകയും ചെയ്തു് അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഭരണാതിർത്തിയിൽ വിഘടിതഘടകം ഉണ്ടാക്കിയിരിയ്ക്കുകയുമാണു്.

ഓറിയന്റൽ ഓർ‍ത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി
2004 ഒക്ടോബറിൽ അലക്സാന്ത്രിയൻ മാർപാപ്പയോടും ആർ‍മീനിയൻ‍ കിലിക്യാ കാതോലിക്കോസിനോടുമൊപ്പം ചെയ്ത സംയുക്ത പ്രസ്താവനയിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ പാത്രിയാർക്കീസ്‌ ബാവ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗ സഭകളിലൊന്നായി പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയെ ഇന്ത്യൻ ഓർത്തഡോക്സ് സഭയെന്ന പേരിൽ അംഗീകരിയ്ക്കുവാൻ സമ്മതിച്ചു. 2005 ജനുവരിയിൽ അംഗ സഭകളുടെ ഈരണ്ടു് പ്രതിനിധികളടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. 1975-ൽ പൗരസ്ത്യ കാതോലിക്കോസിനെ അന്ത്യോക്യാ പാത്രിയർക്കീസ് മുടക്കി എതിർ‍ പൗരസ്ത്യ കാതോലിക്കോസിനെ നിയമിച്ചതിനു് ശേഷം 1965-ലെ ആഡീസ് അബാബ സുന്നഹദോസ് മുതൽ നിലനിന്ന ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരം സമിതി നിലച്ചിരിയ്ക്കുകയായിരുന്നു.[5]


അടിക്കുറിപ്പുകള്‍

1 മലങ്കര സഭാ ഭരണഘടനയിൽ പരാമർശിയ്ക്കുന്ന ഹൂദായ കാനോൻ
2 പൗരസ്ത്യ ക്രൈസ്തവദർശനം എന്ന ഗ്രന്ഥത്തിൽ ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് ,
“ ഇതിൽ‍ ഒറിയന്റൽ ഒർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട സഭകളിൽ വച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർക്കില്ല. ”
;ദിവ്യബോധനം പബ്ലിക്കേഷൻസ്, സോഫിയാ സെന്റർ, കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
3 ബർ എബ്രായയുടെ(+1286) സഭാചരിത്രം
4 ഭാരത സഭാചരിത്രം,റവ.ഡോ സേവ്യർ‍ കൂടപ്പുഴ
5 സംയുക്ത പ്രസ്താവനയും കൺസൾ‍ട്ടേറ്റീവ് കമ്മറ്റിയും

ക്രിസ്തീയ കിഴക്കു്


റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും പൌരസ്ത്യദേശത്തും (ദി ഈസ്റ്റ് - അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയും മലങ്കരയും) ആർമീനിയായിലും വളർന്നുവന്ന സഭകളെയാണു് കിഴക്കന്‍ സഭകളെന്നു് വിളിയ്ക്കുന്നതു്.

കിഴക്കുള്ളവർ എന്നാണ്‌ പൗരസ്ത്യർ എന്ന വാക്കിന്റെ അർത്ഥം. യൂറോപ്യരുടെയും ക്രിസ്തീയസഭകളുടെയും പൗരസ്ത്യർ (കിഴക്കര്‍) എന്ന വിവക്ഷയും കിഴക്കു് (പൗരസ്ത്യം) എന്ന ഭൂമിശാസ്ത്രപ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം സങ്കീർണമാണു്. ഗ്രീക്കു് – റോമൻ ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വികസിച്ച സങ്കല്പങ്ങളാണവ.


ഒയ്ക്കുമെനെ

ഗ്രീക്കു് – റോമൻ ലോകവീക്ഷണപ്രകാരം ആകമാനം എന്നും മാനവലോകം എന്നും അർത്ഥമുള്ള ഒയ്ക്കുമെനെ എന്ന പദം പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും (ബൈസാന്ത്യം) മാത്രമുൾപ്പെട്ട ലോകത്തെ ഉദ്ദേശിച്ചുള്ളതാണു്.പുറത്തുള്ളവ അപരിഷ്കൃതരുടെ (ബാർബേറിയരുടെ) ലോകവുമാണ്. യൂറോപ്യരുടെ പ്രയോഗങ്ങളായ പാശ്ചാത്യം, പൗരസ്ത്യം, സമീപപൗരസ്ത്യം, മദ്ധ്യപൗരസ്ത്യം (പശ്ചിമേഷ്യ), വിദൂരപൗരസ്ത്യം (പൂർവേഷ്യ) തുടങ്ങിയ ഭൂമിശാസ്ത്രസങ്കല്പങ്ങളുടെ ഉറവിടവും അതാണു്. ഇക്കാലത്തു് പാശ്ചാത്യം എന്നു് പറ‍ഞ്ഞാൽ പാശ്ചാത്യ റോമാ സാമ്രാജ്യപ്രദേശങ്ങളും അതു് വളർന്നുണ്ടായ അമേരിക്കയും ഉൾപ്പെടുന്നതാണു്. പൗരസ്ത്യം എന്നു് പറഞ്ഞാൽ പൗരസ്ത്യ റോമാസാമ്രാജ്യപ്രദേശങ്ങൾ (ചിലപ്പോൾ അസ്സിറിയയും ഇന്ത്യയും ഉൾപ്പെടും-ക്രിസ്തീയ അർത്ഥം മൂലം).

പ്രദേശപരം
ക്രൈസ്തവ സഭകളുടെ ഇടയിൽ കിഴക്കു്(പൗരസ്ത്യം)എന്ന പ്രയോഗം പ്രധാനമായും സഭകളുടെ പേരു്കളിലാണു് നിഴലിയ്ക്കുന്നതു് (സ്ഥലനാമങ്ങളുടെ പേരിലാണു് ക്രൈസ്തവ സഭകൾ പൊതുവേ അറിയപ്പെടുന്നതു്).

റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വളർന്നു്വന്ന അലക്സാന്ത്രിയ, അന്ത്യോക്യ, കുസ്തന്തീനോപൊലിസ് എന്നീ മൂന്നു് പാത്രിയർക്കാസന സഭകളും പൌരസ്ത്യത്തിൽ(ദി ഈസ്റ്റ് - അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയും മലങ്കരയും) വളർന്നുവന്ന നെസ്തോറിയൻ - ഓർത്തഡോക്സ് പൌരസ്ത്യ കാതോലിക്കാസന സഭകളും ആർമീനിയൻ അപ്പോസ്തോലിക സഭയുമാണു് കിഴക്കൻ സഭകൾ.

റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെ സഭകൾ
റോമാസാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വളർന്നുവന്ന സഭകൾ.


  • ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾ അംഗസംഖ്യ: 22കോടി
  • അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ അംഗസംഖ്യ: 17 ലക്ഷം (ശീമക്കാർ 5 ലക്ഷം,ഇന്ത്യക്കാർ 12 ലക്ഷം – അതിൽ പകുതി അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ നേരിട്ടും പകുതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയുടെ കീഴിലുമാണു്.)
  • അലക്സാന്ത്രിയൻ ഈഗുപ്തായ ഒർത്തഡോക്സ് സഭ അംഗസംഖ്യ: 90 ലക്ഷം
  • എത്തിയോപ്പിയാ ഒർത്തഡോക്സ് സഭ അംഗസംഖ്യ: നാലരക്കോടി
  • എറിത്രിയാ ഒർത്തഡോക്സ് സഭ അംഗസംഖ്യ: ഒന്നരക്കോടി


റോമാസാമ്രാജ്യത്തിനു് പുറത്തെ കിഴക്കന്‍ സഭകള്‍
പൌരസ്ത്യദേശങ്ങളിലെ സഭകൾ - പൌരസ്ത്യത്തിൽ (ദി ഈസ്റ്റ് - അതായതു് പേർഷ്യയും എഡേസ്സയും അടങ്ങുന്ന അസ്സിറിയയിലും മലങ്കരയിലും)വളർന്നുവന്ന സഭകൾ.


  • ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ (ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് ) അംഗസംഖ്യ: ഇരുപത്തഞ്ചു് ലക്ഷം
  • അസ്സിറിയൻ പൌരസ്ത്യ സഭ അംഗസംഖ്യ: നാലു് ലക്ഷം
  • പുരാതന പൌരസ്ത്യ സഭ അംഗസംഖ്യ: ഒരു ലക്ഷം


ആർമീനിയൻ അപ്പോസ്തോലിക സഭ അംഗസംഖ്യ: 30 ലക്ഷം


  • മുഴുവൻ ആർമീനിയരുടെയും സിംഹാസനം
  • കിലിക്യാ സിംഹാസനം


വിശ്വാസപരം
വിശ്വാസപരമായി കാഴക്കൻ സഭകൾ മൂന്നു് വിഭാഗത്തിൽ പെടുന്നു.

ബൈസാന്ത്യ ഒർത്തഡോക്സ് സഭ

ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾ അംഗസംഖ്യ: 22കോടി

നെസ്തോറിയൻ സഭ

അസ്സിറിയൻ പൌരസ്ത്യ സഭ അംഗസംഖ്യ: നാലു് ലക്ഷം
പുരാതന പൌരസ്ത്യ സഭ അംഗസംഖ്യ: ഒരു ലക്ഷം

ഓറിയന്റൽ ഒർത്തഡോക്സ് സഭ
അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ അംഗസംഖ്യ: 17 ലക്ഷം (ശീമക്കാർ 5 ലക്ഷം,ഇന്ത്യക്കാർ 12 ലക്ഷം – അതിൽ പകുതി അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ നേരിട്ടും പകുതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയുടെ കീഴിലുമാണു്.)

അലക്സാന്ത്രിയൻ ഈഗുപ്തായ ഒർത്തഡോക്സ് സഭ അംഗസംഖ്യ: 90 ലക്ഷം

എത്തിയോപ്പിയാ ഒർത്തഡോക്സ് സഭ അംഗസംഖ്യ: നാലരക്കോടി

എറിത്രിയാ ഒർത്തഡോക്സ് സഭ അംഗസംഖ്യ: ഒന്നരക്കോടി

ആർമീനിയൻ അപ്പോസ്തോലിക സഭ (മുഴുവൻ ആർമീനിയരുടെയും സിംഹാസനം)

ആർമീനിയൻ അപ്പോസ്തോലിക സഭ(കിലിക്യാ സിംഹാസനം)

ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ അംഗസംഖ്യ: ഇരുപത്തഞ്ചു് ലക്ഷം


പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പ്രയോഗം
താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു് തർജമചെയ്യാറുണ്ടു്.

ഈസ്റ്റേൺ ഓർത്തഡോക്സ് സഭ (ബൈസാന്ത്യ ഓർത്തഡോക്സ് സഭ)
പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ . ബൈസാന്ത്യ ഓർത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ എന്ന അർത്ഥത്തിൽ ആണു് പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പേരുള്ളതു്.

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ (പ്രാചീന ഓർത്തഡോക്സ് സഭ)

ഓറീയന്റൽ എന്ന പദത്തിനു് പൗരസ്ത്യം എന്ന അർത്ഥമുണ്ടു്.ഈ അർത്ഥത്തിൽ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നപ്രയോഗമുണ്ടു്.

ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് (ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ)
റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭയാണിതു്.സ്വാഭാവികമായും പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു് തർജമചെയ്യാറുണ്ടു്.

പൗരസ്ത്യ സഭ എന്ന പ്രയോഗം
താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ സഭ എന്നു് തർജമചെയ്യാറുണ്ടു്.

പാശ്ചാത്യ സഭയൊഴിച്ചുള്ളവയെയെല്ലാം ഒരുമിച്ചും ഒറ്റയ്ക്കും.

ഈസ്റ്റേൺ ഓർത്തഡോക്സ് സഭ (ബൈസാന്ത്യ ഓർത്തഡോക്സ് സഭ)
പൗരസ്ത്യ റോമാസാമ്രാജ്യ ഓർത്തഡോക്സ് സഭ

റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭകളായ ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് (ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ),പേർഷ്യൻ അസീറിയൻ സഭകൾ

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ (പ്രാചീന ഓർത്തഡോക്സ് സഭ)

റോമാ സഭയുടെ പൗരസ്ത്യറീത്തു്കൾ

പൗരസ്ത്യ രീതി സഭകൾ

മലബാർ സ്വതന്ത്ര സുറിയാനി സഭ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ

കേരളത്തിൽ
ഓറീയന്റൽ ഓർത്തഡോക്സ് സഭ(പ്രാചീന ഓർത്തഡോക്സ് സഭ)യിലെഒരു അംഗസഭയായ ഓർത്തഡോക്സ് ചർച്ച് ഓഫ് ദി ഈസ്റ്റ് (ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ)യുടെ പരമാചാര്യൻ പൗരസ്ത്യ കാതോലിക്കോസ് എന്നു് അറിയപ്പെടുന്നു.പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന പ്രയോഗം തങ്ങളെ ഉദ്ദേശിച്ചു് അവരുപയോഗിയ്ക്കുന്നതു് സാധാരണയാണു്.

കിഴക്കു് ഒക്കെയുടെ 

അന്ത്യോക്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെയും അന്ത്യോക്യാ പാത്രിയർക്കീസു്മാരുടെ സ്ഥാനികനാമത്തിലെ അന്ത്യോക്യയുടെയും കിഴക്കു് ഒക്കെയുടെയും(ആന്റിയോക് ആന്റ് ഓൾ ദി ഈസ്റ്റ്) എന്ന പ്രയോഗത്തിലെ കിഴക്കു് റോമാസാമ്രാജ്യത്തിലെ കിഴക്കൻ പ്രവിശ്യയെ ഉദ്ദേശിച്ചുള്ളതാണു്.

ഓറിയന്റൽ ഓർത്തഡോക്സ് സഭ


യേശുക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് പ്രഖ്യാപിച്ച ക്രി. വ. 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ എതിര്‍ത്തു് പഴയ വിശ്വാസത്തില്‍ തുടര്‍ന്ന വിഭാഗമാണു് പ്രാചീന ഒര്‍ത്തഡോക്സ് സഭ അഥവാ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.


ക്രിസ്തീയ സഭയില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ പിളര്‍പ്പാണു് ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ തുടര്‍ന്നുണ്ടായ നെടുകെയുള്ള ശീശ്മ(പിളര്‍പ്പു്). റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയര്‍ക്കാസനങ്ങളില്‍ അലക്സാന്ത്രിയന്‍ പാപ്പാസനവും അന്ത്യോക്യന്‍ പാത്രിയര്‍ക്കാസനവുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.റോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.

റോമാ സാമ്രാജ്യത്തിനു് പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ ആര്‍മീനിയ സഭയും പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം 489-543 കാലത്തു് നെസ്തോറിയവുമായി.

325-ല്‍ നിഖ്യയില്‍ കൂടിയ സുന്നഹദോസും 381-ല്‍ കുസ്തന്തീനോപൊലിസില്‍( Constantinople) കൂടിയ സുന്നഹദോസും 431-ല്‍ എഫേസൂസില്‍ കൂടിയ സുന്നഹദോസും മാത്രമേ ഈ വിഭാഗം ആകമാന സുന്നഹദോസുകളായി സ്വീകരിയ്ക്കുന്നുള്ളൂ.

സഭാകടുംബം

ക്രി.വ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയ്ക്കുമുമ്പുള്ള ദൈവവിജ്ഞാനീയവും സഭാവിജ്ഞാനീയവും മുറുകെപ്പിടിയ്ക്കുന്ന സഭാകടുംബമാണു് പ്രാചീന ഓര്‍‍ത്തഡോക്സ് സഭ. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ദൈവശാസ്ത്ര വക്താവും പ്രമുഖ ചിന്തകനുമായ ഡോ.പൗലോസ് മാര്‍‍ ഗ്രിഗോറിയോസ് (1922 - 1996) ഈ സഭയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണു്:- ക്രിസ്തുവിന്റെ സഭ ഒന്നേയുള്ളൂ. അതു് ക്രിസ്തുവിന്റെ ശരീരമാണു്. അപ്പോസ്തോലന്‍‍മാരാല്‍ ‍ സ്ഥാപിതമാണു്. അങ്ങനെ പൂര്‍‍ണമായ അപ്പോസ്തോലികപാരമ്പര്യമുള്ള സത്യസഭയായി ഓര്‍ത്തഡോക്സ് സഭ അതിനെത്തന്നെ കരുതുന്നു. റോമന്‍ കത്തോലിക്കാ സഭയ്ക്കു് ഈ കാര്യത്തിലുള്ള അവകാശവാദങ്ങളെ ഓര്‍ത്തഡോക്സ് സഭ പൂര്‍‍ണമായി അംഗീകരിയ്ക്കുന്നില്ല . [1].

കേരളത്തിലെ ക്രിസ്തീയ സഭകളായ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പടുന്ന ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭയും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയും കോപ്റ്റിക്‍ സഭ, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍ സിംഹാസനം, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം എത്യോപ്യന്‍ ഓര്‍ത്തഡോക്സ്‌ സഭ, എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ എന്നിവയും ചേര്‍ന്ന 7 സ്വയംശീര്‍‍ഷകസഭകള്‍ അടങ്ങിയതാണു് ഇപ്പോള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാകടുംബം. ഇവയെ കൂടാതെ ക്രി.വ 451-നു് മുമ്പുള്ള റോമന്‍ കത്തോലിക്കാ സഭയെയും ബൈസാന്ത്യസഭയെയും ഓര്‍ത്തഡോക്സ് സഭ അതിന്റെ ഭാഗമായാണു് പരിഗണിയ്ക്കുന്നതു് .

റോമന്‍ കത്തോലിക്കാ സഭയും ബൈസാന്ത്യസഭകളുമായുള്ള 1500 ആണ്ടത്തെ ഭിന്നതതീര്‍ക്കുവാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥം മുതല്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്വയംശീര്‍ഷകസഭകള്‍‍ സഭാന്തരസംവാദം നടത്തുന്നുണ്ടെങ്കിലും സഹോദരീസഭകള്‍ എന്ന നിലയിലേയ്ക്കു് ഈസഭകള്‍ പരസ്പരം എത്തിക്കഴിഞ്ഞിട്ടില്ല. റോമാ സഭയംഗീകരിയ്ക്കുന്നതുപോലെ ഭാഗികമായ കൂട്ടായ്മ (കമ്യൂണിയന്‍) എന്ന സിദ്ധാന്തം പ്രാചീന ഓര്‍‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ മറ്റു് സഭകളുമായി കൂട്ടായ്മയല്ല, സൗഹൃദമേ ആയിട്ടുള്ളൂ.

പൊതുവായ ദൃശ്യതലവന്‍ എന്ന ആശയം ഓര്‍ത്തഡോക്സ് സഭ അംഗീകരിയ്ക്കുന്നില്ല. എല്ലാ അംഗസഭകളും ഒരുമിച്ചു് സത്യവിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ ഏകതലവനായ യേശുക്രിസ്തുവില്‍ ഒന്നായിത്തീരുന്നതിലാണു് ആകമാന സഭയുടെ ഐക്യം എന്നവര്‍‍ നിര്‍‍വചിയ്ക്കുന്നു.

ക്രി.വ 325-ലെ നിഖ്യാ സുന്നഹദോസും ക്രി.വ 381-ലെ കുസ്തന്തീനോപൊലിസ് സുന്നഹദോസും ക്രി.വ 431-ലെ എഫേസൂസ് സുന്നഹദോസും ആകമാന സുന്നഹദോസുകളായി ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ സ്വീകരിയ്ക്കുന്നു. ആകമാന സുന്നഹദോസുകളെന്ന പേരില്‍‍ പിന്നീടു് ഓരോ വിഭാഗങ്ങളും കൂടിയ സുന്നഹദോസുകളെ വിഭാഗപരമായ സുന്നഹദോസുകളായി മാത്രമേ സഭ കാണുന്നുള്ളൂ.

അംഗസഭകള്‍

1965-ല്‍ ആഡീസ് അബാബയില്‍ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ സുന്നഹദോസ് പ്രകാരം ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗസഭകള്‍ അഞ്ചെണ്ണമാണു്. അവ ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ, അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ കോപ്റ്റിക്‍ സഭ, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്സ്‌ സഭ എന്നിവയാണു്. അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍ സിംഹാസനത്തെയും, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തെയും ഒന്നായി അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നു് കണക്കാക്കി . കിലിക്യായിലെ കാതോലിക്കാസനം എച്മിയാഡ്സിനിലെ കാതോലിക്കോസനത്തിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും അതിനു് അതിന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരവും സ്വയം ശീര്ഷകത്വവുമുണ്ട്. 1994-ല്‍‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയില്‍നിന്നു് പിരിഞ്ഞ എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ സ്വയംശീര്‍‍ഷകസഭയായിമാറി.

1965-ലെ ആഡീസ് അബാബ സുന്നഹദോസ് തീരുമാനപ്രകാരം ആഡീസ് അബാബ ആസ്ഥാനമാക്കി നിലവില്‍വന്നതും അംഗ സഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്ഥിരം സമിതി എത്യോപ്യയില്‍ 1974-ലുണ്ടായ സൈനിക അട്ടിമറിയെത്തുടര്‍ന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയില്‍ 7 സ്വയംശീര്‍‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികള്‍ വീതം അടങ്ങിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കണ്‍സള്‍‍ട്ടേറ്റീവ് കമ്മറ്റി നിലവില്‍‍ വന്നു. ആഭ്യന്തര കലഹമുണ്ടെങ്കിലും ആണ്ടില്‍ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കണ്സള്‍ട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതല്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടു്.[2]

അംഗസഭകളുടെ പരമാചാര്യന്‍മാരായ പാത്രിയര്‍ക്കീസുമാരാണു് പരമ പാത്രിയര്‍ക്കീസുമാര്‍. ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്കു് പൊതു സഭാതലവനില്ല.പക്ഷേ,അവരില്‍ ഒന്നാം സ്ഥാനം അലക്സാന്ത്രിയന്‍ മാര്‍പാപ്പയ്ക്കും രണ്ടാം സ്ഥാനം അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. [3].


സ്വയംശീര്‍‍ഷകസഭകള്‍

  • കോപ്റ്റിക്‌ ഓര്‍ത്തഡോക്സ്‌ സഭ
  • അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ
  • ആര്‍മീനിയന്‍ ആപ്പൊസ്തോലിക സഭ
  • കിലിക്യന്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ
  • എത്തിയോപ്പിയന്‍ ഓര്‍ത്തഡോക്സ്‌ സഭ
  • ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ (ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ)
  • എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ

സഭാന്തര ചര്‍ച്ചകള്‍

അസീറിയന്‍ പൗരസ്ത്യ സഭകളെ ഒറിയന്‍റ്റല്‍ ഓര്‍ത്തഡോക്സ് സഭയാണു് എന്ന തെറ്റിദ്ധാരണ ഉണ്ടെന്‍കിലും അവ ഈ വിഭാഗത്തില്പെടുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭയും കല്ക്കിദോന്യസഭകളായ ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയും റോമന്‍ കത്തോലിക്ക സഭയും ആയി പ്രത്യാശാവഹങ്ങളായ ചര്‍ച്ചകള്‍ നടക്കുക ഉണ്ടായി. ചര്‍ച്ചകള്‍ ഇരുവിഭാഗത്തിനും അനുയോജ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അവലംബം
1പൗരസ്ത്യ ക്രൈസ്തവദര്‍ശനം;ദിവ്യബോധനം പബ്ലിക്കേഷന്‍‍സ്, സോഫിയാ സെന്റര്‍‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 08
2മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍മാരുടെ പൊതുപ്രഖ്യാപനം അഞ്ചാം താള്‍ കാണുക
3പൗരസ്ത്യ ക്രൈസ്തവദര്‍ശനം എന്ന ഗ്രന്ഥത്തില്‍‍ ഡോ.പൗലോസ് മാര്‍‍ ഗ്രിഗോറിയോസ് പറയുന്നു ,
“ ഇതില്‍‍ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് വിഭാഗത്തില്‍‍പെട്ട സഭകളില്‍‍വച്ചു് അലക്സാന്ത്രിയന്‍ പാത്രിയര്‍ക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവന്‍‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവര്‍‍ക്കില്ല. ”
;ദിവ്യബോധനം പബ്ലിക്കേഷന്‍‍സ്, സോഫിയാ സെന്റര്‍‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
കുറിപ്പുകള്‍

ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത


വിക്കിപീഡിയയില്‍ നിന്നു്

ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നായ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ മെത്രാപ്പോലീത്തൻ ഭദ്രാസന ഇടവകയായ മലങ്കര സഭയുടെ കണ്ടനാടു് (കിഴക്കു്) ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാണു് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. പൗരസ്ത്യ ദൈവവിജ്ഞാനീയത്തിന്റെ പ്രമുഖനായ വക്താവും പ്രമുഖ ഇന്ത്യൻ‍ ക്രൈസ്തവ ചിന്തകനുമാണു് അദ്ദേഹം. 1992 മുതൽ‍ 1998 വരെ അദ്ദേഹം കേരള കൗൺസിൽ‍ ഓഫ് ചർച്ചസിന്റെ അദ്ധ്യക്ഷനുമായിരുന്നു.

വിമോചന ദൈവശാസ്ത്രകാരൻ

വിമോചന ദൈവശാസ്ത്രത്തിന്റെ കേരളീയപ്രവണതകളെ പ്രധിനിധാനം ചെയ്യുന്നവരിലൊരാൾ എന്നനിലയിൽ‍ ശ്രദ്ധേയനാണിദ്ദേഹം. ലത്തീൻ കത്തോലിക്കാ ജെസ്യൂട്ട് പാതിരിയായ ഫാ. സെബാസ്റ്റ്യൻ കാപ്പൻ എസ് ജെ, ഓർ‍ത്തഡോക്സ് സഭയിലെ പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കൽ‍ദായ സഭയിലെ പൗലോസ് മാർ പൗലോസ് മെത്രാൻ, മാർത്തോമ്മാ സഭയിലെ ഡോ. എം എം തോമസ് (മുൻ മേഘാലയ ഗവർണർ) എന്നിവരോടൊപ്പമാണു് അദ്ദേഹം പരിഗണിയ്ക്കപ്പെടുന്നതു്.

അവരിൽ ഡോ. എം എം തോമസും ഡോ. തോമസ്‍‍ മാർ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്തയും ഒഴികെയുള്ള വിമോചനദൈവശാസ്ത്രകാരൻമാർ‍ മാർ‍ക്സിസത്തെയാണു് അടിസ്ഥാനമാക്കുന്നതു്. മാർ‍ക്സിസത്തെസ്വീകരിയ്ക്കുന്നില്ലാത്ത ഇടതുപക്ഷാനുകൂലികളായവരിൽ ഡോ. എം എം തോമസ് ഇന്ത്യൻ സോഷ്യലിസ്റ്റ് വീക്ഷണത്തോടു് അനുഭാവം പുലർത്തിയപ്പോൾ ഡോ. തോമസ്‍‍ മാർ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്ത ഗാന്ധിയൻ സോഷ്യലിസത്തോടൊപ്പം നിലയുറപ്പിച്ചു.

രണ്ടായിരം വർഷം മുമ്പ് യേശു ദർശിച്ച ദൈവരാജ്യം ആശയതലത്തിൽ ഉൾക്കൊണ്ട് ഭാരതീയ യാഥാർത്ഥ്യങ്ങളുമായുളള ബന്ധത്തിൽ പ്രായോഗികമാക്കിയത് ഗാന്ധിജിയാണെന്നും നിലവിലുളള സംവിധാനങ്ങൾക്ക് ആശയപരവും ഘടനപരവുമായ വെല്ലുവിളി ഉയർത്തുന്നതിൽ വിജയിക്കുന്ന ബദൽ ചിന്താധാര ഗാന്ധിമാർഗ്ഗം മാത്രമാണെന്നും അദ്ദേഹം പറയുന്നു. 1998 മാർച്ച് 15-ലെ ഡയോസിസൻ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഗാന്ധി സ്മൃതിയും സഭയും എന്ന ലേഖനത്തിൽ ഡോ. തോമസ്‍‍ മാർ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്ത ഇങ്ങനെയെഴുതി: “ഗാന്ധിജിയുടെ വിമോചന സങ്കൽപ്പത്തെ വിശകലനം ചെയ്താൽ ക്രിസ്തുവിന്റേതിൽ നിന്ന് ഭിന്നമല്ലെന്ന് വ്യക്തമാകുന്നതാണ്. ക്രിസ്തുവിന്റെ വിമോചന ദർശനം ഭൌതികതയുടെ നിഷേധമോ, അതിൽ നിന്നുളള സ്വാതന്ത്ര്യമോ അല്ല ദൈവസൃഷ്ടിയുടെ പൂർണ്ണതയും വിധിയിലുളള പൂർത്തീകരണവുമാണ് സകല പ്രാപഞ്ചിക സൃഷ്ടികളേയും സ്വാതന്ത്യ്രത്തിലേക്കും പൂർണ്ണ വികസിതാവസ്ഥയിലേക്കും എത്തിക്കുകയാണു് വിമോചനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് സങ്കൽപ്പത്തിന്റെയും ഉളളടക്കം ഇതുതന്നെയാണ്.”

അദ്ദേഹത്തിന്റെ നിലപാടുകളുടെ ഇടതു സ്വഭാവത്തെ മാർക്സിസ്റ്റ് ചിന്താഗതിക്കാരും പൊതുവേ സ്വാഗതം ചെയ്തു. 1995 രണ്ടാം പാദത്തിൽ ദേശാഭിമാനി വാരികയിൽ ഡോ. തോമസ്‍‍ മാർ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്തയുടെ പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ടു് സി പി എം നേതാവ്‍ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ഒരു ലേഖനമെഴുതിയിരുന്നു. മാർക്സിസ്റ്റ് ചിന്തകനായ പി ഗോവിന്ദപിള്ളയും വിമോചനദൈവശാസ്ത്രനിലപാടുകളുടെ പേരിൽ അദ്ദേഹത്തെ പലവട്ടം പരാമർശിച്ചിട്ടുണ്ടു്.

പൂർവാശ്രമം

തൊടുപുഴയുടെ സമീപ പ്രദേശമായ അരിക്കുഴയിൽ പുറ്റാനിൽ യോഹന്നാൻ കശ്ശീശയുടെയും ശ്രീമതി മറിയാമ്മയുടെയും മകനായി 1952 ജൂൺ 28നു് ജനിച്ച പി ജെ തോമസ്സാണു് പിന്നീടു് തോമസ് റമ്പാനും ഡോ. തോമസ് മാർ അത്താനാസ്യോസ് എന്ന നാമധേയത്തിൽ മെത്രാപ്പോലീത്തായുമായതു് . 1971-ൽ പൌലോസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായിൽ നിന്നു് കോറൂയോ പട്ടം സ്വീകരിച്ചു.

ആഗ്ര സെന്റ് ജോൺസ് കലാലയത്തിൽ നിന്നു് ആംഗലേയസാഹിത്യത്തിൽ ബിരുദാനന്തരബിരുദംനേടിയ അദ്ദേഹം ബങ്ഗലൂരിലെ യു റ്റി കലാലയത്തിൽ നിന്നു് ദൈവശാസ്ത്ര ബിരുദവും നേടി. 1984-89 കാലത്തു് ജർ‍മനിയിൽ റീഗൻസ്‍ബർഗ് സർവകലാശാലയിലെ റോമൻ കത്തോലിക്കാ ഫാക്കൽട്ടിയിൽ പഠനം നടത്തി മ്യൂണിക്കിലെ ലുഡ്‍വിഗ് മാക്സ് മില്ലൻ സർവകലാശാലയിൽ നിന്നു് വിശുദ്ധ ഐറേനിയോസിന്റെയും ശ്രീ ശങ്കരാചാര്യരുടെയും ദർശനങ്ങളുടെ രീതിശാസ്ത്ര താരതമ്യ പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.

തുടർന്നു് വെട്ടിക്കൽ‍ ഉദയഗിരി സെമിനാരിയിൽ‍ വൈസ് പ്രിൻ‍സിപ്പലായി സേവനമനുഷ്ഠിച്ചുവരവേയാണു് 1990 ഫെബ്രുവരിയിൽ, അദ്ദേഹം കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു്.
മെത്രാപ്പോലീത്ത

ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ നേതൃത്വത്തിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയെന്ന പേരിൽ 1975 മുതൽ 2002 വരെയുള്ള കക്ഷിപിരിവുകാലത്തു് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്നു് ഭിന്നിച്ചു് നിന്ന കക്ഷിയുടെ കണ്ടനാടു് പള്ളിപ്രതിപുരുഷയോഗം 1990 ഫെബ്രുവരിയിൽ, അദ്ദേഹത്തെ കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തു.

കശ്ശീശ പട്ടവും റമ്പാൻ സ്ഥാനവും സ്വീകരിച്ചതിനുശേഷം അദ്ദേഹം 1990 മെയ് മൂന്നാം തീയതി മെത്രാപ്പോലീത്തയായി ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ മുഖ്യ കാർമികത്വത്തിൽ മൂവാറ്റുപുഴയിലെ പൌരസ്ത്യ കാതോലിക്കാസന അരമനയിൽ വച്ചു് അഭിഷിക്തനായി.

1995-ലെ സുപ്രീം കോടതി വിധിയ്ക്കു് ശേഷം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ കക്ഷിപിരിവിനു് ബാധകമായ ഭാരത സുപ്രീം കോടതി വിധി 1995ലുണ്ടായി. 1995 ഓഗസ്റ്റ് ഒന്നാം തീയതി ഒരു കൽപനയിലൂടെ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ഈ വിധിയെ സ്വാഗതം ചെയ്തുതു് പ്രകാരവും ടെലിഫോൺ മുഖേന കിട്ടിയ അദ്ദേഹത്തിന്റെ സമ്മതപ്രകാരവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും യോജിച്ചു് ഒന്നായിത്തീരുവാൻ 1996 നവംബർ അഞ്ചാം തീയതി ബസേലിയോസ് പൗലോസ് ദ്വിതീയൻ കക്ഷിയായ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് പരുമ്പള്ളി യൂലിയോസ് സെമിനാരിയിൽ അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസയച്ച പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സമ്മേളിച്ചു് ഏകകണ്ഠമായി തീരുമാനമെടുത്തു[1].

ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ 1966 സെപ്റ്റംബർ ഒന്നാംതീയതി കാലം ചെയ്തതിനെതുടർന്നു് കണ്ടനാടു് ഭദ്രാസനത്തിന്റെ പൂർണ മെത്രാപ്പോലീത്തയായി ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത ചുമതലയേറ്റതിനു് 6-11-1996-ലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ (ബസേലിയോസ് പൗലോസ് ദ്വിതീയൻ കക്ഷി) എപ്പിസ്കോപ്പൽ സുന്നഹദോസ് അജണ്ടവച്ചു് ചേർന്നു് അംഗീകാരം നൽകി.

1995-ലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കാനോനിക പൌരസ്ത്യ കാതോലിക്കോസു് കൂടിയായിരുന്ന മലങ്കര മെത്രാപ്പോലീത്ത പ രിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പു് നടപടികളുമായി 1997-ൽ നീങ്ങിയപ്പോൾ ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത അടക്കം നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരുവിഭാഗം (മൂവാറ്റുപുഴ ബാവാ പക്ഷം) ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ മെത്രാപ്പോലീത്തമാർ അതുമായി സഹകരിയ്ക്കാൻ തീരുമാനിച്ചു[2]. ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ എതിർ വിഭാഗം (അന്ത്യോക്യാ ബാവാ പക്ഷം) മെത്രാപ്പോലീത്തമാർ അതുമായി സഹകരിയ്ക്കാതെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യം ചെയ്തു് കേസുകൾ കൊടുത്തതോടെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയെന്ന ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷി രണ്ടായി പിളർന്നു[3].

1997-1998 കാലത്തു് ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ മൂവാറ്റുപുഴ ബാവാ പക്ഷക്കാരും അന്ത്യോക്യാ ബാവാ പക്ഷക്കാരുമായ മെത്രാപ്പോലീത്തമാരെല്ലാവരും വിവിധ പള്ളിക്കേസുകളിലായി 1934-ലെ മലങ്കര സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് പ്രതിജ്ഞയെടുത്തു് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരെന്ന തൽ‍സ്ഥിതി (പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പു് വരെ ലഭിയ്ക്കുന്നതു്) നിലനിറുത്തി. അതോടെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നു് തന്നെയായി. 1997-ൽ മണ്ണത്തൂർ സെന്റ് ജോർജ് പള്ളിയുടെകേസുമായി ബന്ധപ്പെട്ടാണു് ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത സഭാഭരണഘടനയംഗീകരിച്ചതു്.

പരിശുദ്ധ ബസേലിയോസ് മാർ‍ത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യംചെയ്തു് ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷ മെത്രാപ്പോലീത്തമാർ കൊടുത്ത കേസിൽ 2001 നവംബറിൽ ഒത്തുതീർപ്പുവിധിയായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ‍ ബാവ തന്നെ പേരു് വച്ചു് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പു് നടത്തട്ടെയെന്നും അദ്ദേഹം മലങ്കര മെത്രാപ്പോലീത്തയാണോയെന്നുള്ള ഹിതപരിശോധനയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തണമെന്നും ഇരുകക്ഷികളുടെയും സമ്മതത്തോടെ സുപ്രീം കോടതി നിർദേശിച്ചു. പക്ഷെ, പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷ മെത്രാപ്പോലീത്തമാർ 2002-ൽ തെരഞ്ഞെടുപ്പു് ബഹിഷ്കരിയ്ക്കുകയും മലങ്കര സഭയ്ക്കു് സമാന്തരമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ മറ്റൊരു സഭയായി മാറുകയും ചെയ്തു. അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ഉപസഭയായാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നില്ക്കുന്നതു്.

സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ

1972-മുതൽ 1995 വരെ നിലനിന്ന കക്ഷിമൽസര കാലത്തു് കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തസ്ഥാനത്തേയ്ക്കു് 1990-ൽ മലങ്കര സുറിയാനി ഓർത്തഡോക്സ് കക്ഷി നടത്തിയ ഡോ. തോമസ് മാർ അത്താനാസിയോസിന്റെ നിയമനം സുപ്രീം കോടതി വിധി പ്രകാരം കൂടിയ 2002-ലെ സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിച്ചു. 2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനെതുടർന്നുണ്ടായ ഭദ്രാസന ക്രമീകരണത്തിനു് ശേഷം ഭദ്രാസനനാമം കണ്ടനാടു് (കിഴക്കു്) എന്നായി.

2002 ഡിസംബറിൽ മാത്യുസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയോടൊപ്പവും ആരോഗ്യനിലവഷളായപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു് ആശുപത്രിയിലാക്കിയപ്പോൾ പൌലോസ് മാർ പക്കോമിയോസിനോടൊപ്പവും അദ്ദേഹം ദൈവത്തിനു് മുമ്പാകെയും സർക്കാരിന്റെ നീതിനിഷേധത്തിനെതിരെയുമായി നടത്തിയ രണ്ടാഴ്ചയിലേറെക്കാലം നീണ്ട തീക്ഷ്ണമായ ഉപവാസ പ്രാർത്ഥനായജ്ഞം സമീപകാലസഭാചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു.

യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ രൂപവല്കരണം

തുർക്കി, ഇറാക്കു് എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ യൂറോപ്പിലെ അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾക്ക് വേണ്ടി സ്ഥാപിതമായ പൂർണ സ്വയംഭരണാവകാശമുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭയാണു് യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ. ഇതിന്റെ രൂപവല്ക്കരണത്തിനു് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പിന്തുണ നല്കി.
ഡോ.തോമസ് മാർ അത്താനാസിയോസിന്റെയും യൂഹാനോൻ മാർ മിലിത്തോസിന്റെയും മുഖ്യ കാർമികത്വത്തിലാണു് റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബർ 21 ബുധനാഴ്ച കേരളത്തിൽ തൃശ്ശൂർ ‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയിൽ വച്ചു് യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ അദ്ധ്യക്ഷനായ മാർ സേവേറിയോസ് മോശ ഗോർഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നതു്. സ്വയംഭരണാവകാശമുള്ള സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ ആർച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബർ‍ 6-നു് ചേർന്ന എപ്പിസ്കോപ്പൽ‍ സുന്നഹദോസ് ശരിവയ്ക്കുകയും ചെയ്തു. യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുമായി മലങ്കര സഭയ്ക്ക് ഇപ്പോള്‍ ബന്ധമൊന്നുമില്ല.

കൃതികൾ

കണ്ടനാടു് ഡയോസിഷൻ ബുള്ളറ്റിൻ മാസികയിലെ അദ്ദേഹത്തിന്റെ സ്ഥിരം പംക്തിയായ മെത്രാപ്പോലീത്തയുടെ കത്തു് പഠനപരവും പ്രബോധനപരവുമായ ലേഖനങ്ങളാണു്. സഭാഭരണവുമായി ബന്ധപ്പെട്ടു് നിരവധി ലഘുലേഖകൾ അദ്ദേഹത്തിന്റേതായിട്ടുണ്ടു്.

പ്രധാന കൃതികൾ‍:

സഭ സമൂഹത്തിൽ
സഭാജീവിതത്തിനൊരു മാർഗ രേഖ
സമകാലീന രാഷ്ട്രീയം: ക്രൈസ്തവ പ്രതികരണങ്ങൾ
മതം വർ‍‍ഗീയത സെക്കുലർ സമൂഹം

അടിക്കറിപ്പു്

1. 1996 നവംബർ അഞ്ചാം തീയതിയിലെ ഈ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ യോഗനടപടിക്കുറിപ്പ്, സഭാ ഐക്യം ഒരുചരിത്ര നിയോഗം (ഡയോസിസൻ പബ്ലിക്കേഷൻസ്, മൂവാറ്റുപുഴ; 1997 ഓഗസ്റ്റ്; പുറം: 63,64) എന്ന പുസ്തകത്തിൽ കാണാം.
2. ഡോ. തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത,യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത, സക്കറിയാസ് മാർ നിക്കാലാവോസ് മെത്രാപ്പോലീത്ത, അബ്രാഹം മാർ സേവേരിയോസ് മെത്രാപ്പോലീത്ത എന്നീ നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരുവിഭാഗമായിരുന്നു അന്നു്. മൂവാറ്റുപുഴ ബാവാ പക്ഷം.
3. തോമസ് മാർ ദീവന്നാസിയോസ്(അങ്കമാലി), തോമസ് മാർ തീമോത്തിയോസ് (ബാഹ്യകേരളം),യൂഹാനോൻ മാർ പീലക്സിനോസ് (മലബാർ), ജോസഫ് മാർ ഗ്രിഗോറിയോസ് (കൊച്ചി)എന്നീ നാലു് മെത്രാപ്പോലീത്തമാരടങ്ങുന്ന ഒരു വിഭാഗമായിരുന്നു ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ കക്ഷിയിലെ അന്ത്യോക്യാ ബാവാ പക്ഷം.

വിക്കിപീഡിയ

ഇതും കാണുക
വിശ്വാസധീരന്‍ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

കണ്ടനാടു് ഭദ്രാസന ചരിത്രം


മലങ്കരസഭയുടെ ആദ്യകാല ഭദ്രാസന വിഭജനത്തില്‍ തന്നെ ഉരുത്തിരിഞ്ഞ മെത്രാപ്പോലീത്തന്‍‍ ഇടവകയാണു് കണ്ടനാടു് ഭദ്രാസനം. 1877 മെയ് 17-നു് മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് ആദ്യത്തെ കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തയായി അഭിഷിക്തനായി.അദ്ദേഹമാണു് പിന്നീടു് മലങ്കരയില്‍നിന്നുള്ള പ്രഥമ പൗരസ്ത്യ കാതോലിക്കോസായതു്.

കണ്ടനാടു് ഭദ്രാസനത്തിലെ ആദ്യ ഇടവകകള്‍ ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍‍‍ തന്നെ സ്ഥാപിതമായതാണു്. 9-12 നൂറ്റാണ്ടുകളില്‍ മറ്റു് പ്രധാന ഇടവകകളും രൂപംകൊണ്ടു. 1653 വരെ മലങ്കര സഭാശാസ്ത്രപ്രകാരമുള്ള പൊതുഭാര ശുശ്രൂഷകന്‍മാരും (ജാതിയ്ക്കു് കര്‍ത്തവ്യന്‍‍‍‍‍‍ എന്നറിയപ്പെട്ട അര്‍ക്ക ദിയാക്കോന്‍) അവസാനത്തെ പൊതുഭാര ശുശ്രൂഷകന്‍‍ മലങ്കര മെത്രാപ്പോലീത്തയായതിനെത്തുടര്‍ന്നു് 1653 മുതല്‍ മലങ്കര മെത്രാപ്പോലീത്തമാരും ഈ ഭദ്രാസനത്തിലെ പള്ളികള്‍ക്കു് മേലദ്ധ്യക്ഷത വഹിച്ചു. 1877-നു് കണ്ടനാടു് പ്രത്യേക ഭദ്രാസനമായി മാറി. 1877-നു് ശേഷം മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനം സഭയിലെ വലിയ മെത്രാപ്പോലീത്തയുടേതായി.

ആദ്യത്തെ കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് 1912 സെപ്തംബര്‍‍ 15-ആം തീയതി പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ എന്നപേരില്‍ പൗരസ്ത്യ കാതോലിക്കോസു് കൂടിയായി അഭിഷിക്തനായി. 1913 മെയ് രണ്ടാം‍തീയതി കാലം ചെയ്യുന്നതു് വരെ അദ്ദേഹം കണ്ടനാടു് ഭദ്രാസനാധിപനായിരുന്നു.

അബ്ദുല്‍ മിശിഹാ ബാവാ കക്ഷിയും അബ്ദുല്ലാ ബാവാകക്ഷിയും

മലങ്കര മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ വട്ടശേരി മാര്‍ ദിവന്നാസിയോസ് ആറാമനെ അന്ത്യോക്യായുടെ എതിര്‍ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ലാ ദ്വിതീയന്‍ ബാവാ (സാമാന്യ നീതി നിഷേധിച്ചു്കൊണ്ടുള്ളതെന്നു് പില്ക്കാലത്തു് നീതിന്യായ കോടതി കണക്കാക്കിയ കാരണങ്ങളാല്‍ ) മുടക്കിയപ്പോള്‍‍ കാനോനിക പാത്രിയര്‍ സ് വിശുദ്ധ ഇഗ്നാത്തിയോസ് അബ്ദുല്‍‍ മിശിഹാ ദ്വിതീയന്‍‍ ‍‍ ബാവാ അതു് റദ്ദാക്കിയതിനെ തടര്‍‍ന്നു് 1911-മുതല്‍‍ 1928 വരെ മലങ്കരസഭ രണ്ടു് കക്ഷിയായി പ്രവര്‍‍ത്തിച്ചു.

അബ്ദുല്‍‍ മിശിഹാ ബാവാ കക്ഷിയില്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവയ്ക്കു് ശേഷം 1913 മുതല്‍ 1925 വരെ യുയാക്കിം മാര്‍ ഈവാനിയോസും 1925-നു് ശേഷം മലങ്കരമെത്രാപ്പോലീത്ത വിശുദ്ധ വട്ടശേരി മാര്‍ ദിവന്നാസിയോസ് ആറാമനും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.

അബ്ദുല്ലാ ബാവാകക്ഷിയില്‍ 1911മുതല്‍ 1917വരെ കൊച്ചുപറമ്പില്‍ പൌലോസ് മാര്‍ കൂറിലോസും 1920 മുതല്‍ 1927 വരെ കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസും 1927 മെയ് 15 മുതല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.

പാത്രിയര്‍ക്കീസ് കക്ഷിയും കാതോലിക്കോസ് കക്ഷിയും

1934-ല്‍ വിശുദ്ധ വട്ടശേരി മാര്‍ ദിവന്നാസിയോസ് ബാവയുടെ കാലശേഷം 1958 വരെ മലങ്കരസഭ രണ്ടു് കക്ഷിയായി പ്രവര്‍‍ത്തിച്ചു. മലങ്കര സുറിയാനിക്രിസ്ത്യാനി അസോസിയേഷന്‍ കോട്ടയത്തു് പഴയ സെമിനാരിയില്‍ കൂടി അപ്പോഴത്തെ പൌരസ്ത്യ കാതോലിക്കോസായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവറു്ഗീസ് ദ്വിതീയനെ മലങ്കര മെത്രാപ്പോലീത്തയായിക്കൂടി തെരഞ്ഞെടുത്തപ്പോള്‍ പൌരസ്ത്യ കാതോലിക്കോസ് സ്ഥാപനത്തെ എതിര്ക്കുന്ന പാത്രിയര്ക്കീസ് പക്ഷം എന്ന നിലയില്‍ ഒരു വിഭാഗം കരിങ്ങാച്ചിറയില്‍ കൂടി കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസിനെ അവരുടെ മലങ്കര മെത്രാപ്പോലീത്തയായി തെരഞ്ഞെടുത്തതോടെയാണു് വീണ്ടും രണ്ടു് കക്ഷിയായതു് .

കാതോലിക്കോസ് കക്ഷിയില്‍ 1934 മുതല് 1942 ഒക്ടോബര്‍ വരെ പരിശുദ്ധ ബസേലിയോസ് ഗീവറു്ഗീസ് ദ്വിതീയന്‍ ബാവയും 1942 ഒക്ടോബര്‍ മുതല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.

പാത്രിയര്ക്കീസ് കക്ഷിയില്‍ 1934 മുതല്‍ 1942 ഒക്ടോബര്‍ വരെ ഔഗേന്‍ മാര്‍ തീമോത്തിയോസും അതിനു് ശേഷം 1953- വരെ കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസും കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ് അനാരോഗ്യവാനായതിനാല്‍ പകരം കണ്ടനാടു് ഭദ്രാസനത്തിനു് വേണ്ടി 1952ഒക്ടോബര് 19-നു് വാഴിയ്ക്കപ്പെട്ട് ആലുവയില്‍ ചെന്നു് അദ്ദേഹത്തില്‍ നിന്നു് ചുമതലയേറ്റ 1953 ജനുവരി 12 മുതല്‍ പൌലോസ് മാര്‍ പീലക്സിനോസും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.

സഭാസമാധാനം
1958 ഡിസംബര്‍ 16-നു് സഭാസമാധാനം ഉണ്ടായതിനെ തുടര്‍ന്നു് ഔഗേന് മാര്‍ തീമോത്തിയോസ് മുതിര്‍ന്ന മെത്രാപ്പോലീത്തായായും പൌലോസ് മാര്‍ പീലക്സിനോസ് സഹായ മെത്രാപ്പോലീത്തായായും 1964 വരെ ഒരുമിച്ചു് ഭദ്രാസന ഭരണം നടത്തി. 1964 മെയ് 22നു് ഔഗേന്‍ മാര്‍ തീമോത്തിയോസ് പൌരസ്ത്യ കാതോലിക്കോസായി പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവ എന്ന പേരില്‍ സ്ഥാനാരോഹണം ചെയ്തപ്പോള്‍ കണ്ടനാടു് ഭദ്രാസന ഭരണം പൂര്ണമായി പൌലോസ് മാര്‍ പീലക്സിനോസിനു് നല്കി.

മലങ്കര ഓര്‍‍‍ത്തഡോക്സ് സുറിയാനി കക്ഷിയും മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് കക്ഷിയും
1971 നു് ശേഷം മലങ്കരസഭയില്‍ ആരംഭിച്ച പുതിയ കക്ഷിവഴക്കിന്റെ നിര്‍ണായക ഘട്ടത്തില്‍ ‍1975 സെപ്തംബര്‍ 7 നു് പൌലോസ് മാര്‍ പീലക്സിനോസിനെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ സമാന്തര പൌരസ്ത്യ കാതോലിക്കോസായി ബസേലിയോസ് പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ അന്ത്യോക്യാ പാത്രിയര്ക്കീസ് വാഴിച്ചപ്പോള്‍ ആ വിഭാഗം മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭ എന്നപേരില്‍ സമാന്തര സഭയായും ഔദ്യോഗിക സഭയായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുമായി 1996-98 വരെ മല്‍‍സരിച്ചു.

ഔദ്യോഗിക സഭയായ മലങ്കര ഓര്‍‍‍ത്തഡോക്സ് സുറിയാനി സഭയില്‍‍ 1975-ല്‍ പൌലോസ് മാര്‍ പീലക്സിനോസിനു് പകരം ആദ്യം മലങ്കര മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവയും അദ്ദേഹം 1975 സെപ്തംബര്‍‍ 24 നു് അനാരോഗ്യം മൂലം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഒഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായ മാത്യൂസ് മാര്‍ അത്താനാസ്യോസും പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍‍ ബാവ ഒക്ടോബര്‍ 11-നു് പൌരസ്ത്യ കാതോലിക്കോസ് സ്ഥാനവും ഒഴിഞ്ഞപ്പോള്‍ ഒക്ടോബര്‍ 27-നു് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവ എന്ന പേരില്‍ അദ്ദേഹം പൌരസ്ത്യ കാതോലിക്കോസായി സ്ഥാനാരോഹണം ചെയ്തതിനെ തുടര്‍ന്നു് ആ പേരില്‍ 1976 വരെയും 1976 മുതല്‍ ജോസഫ് മാര്‍ പക്കോമിയോസും 1991-ല്‍ അദ്ദേഹം കാലം ചെയ്തതിനെ തുടര്‍ന്നു് 1993 വരെ മലങ്കര മെത്രാപ്പോലീത്തയെന്ന നിലയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയും 1993 ഓഗസ്റ്റ് 26 മുതല്‍ മാത്യൂസ് മാര്‍ സേവേറിയോസും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.

സമാന്തര സഭയായ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍‍ പൌരസ്ത്യ കാതോലിക്കോസായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ 1996 സെപ്തംബര്‍ 1നു് കാലം ചെയ്യുന്നതു് വരെ കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനംവഹിച്ചിരുന്നു. ഇക്കാലത്തു് 1979 മുതല്‍ 1988 വരെ ഫീലിപ്പോസ് മാര്‍ ഈവാനിയോസും 1990 മുതല്‍ ഡോ തോമാസ് മാര്‍ അത്താനാസിയോസും കണ്ടനാടു് ഭദ്രാസന സഹായ മെത്രാപ്പോലീത്തമാരായിരുന്നു . ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാലം ചെയ്തതിനെ തുടര്‍ന്നു് ഡോ തോമാസ് മാര്‍ അത്താനാസിയോസ് 1996 സെപ്തംബറില്‍ പൂ‍ര്‍ണ ഭദ്രാസന ചുമതല എറ്റെടുത്തു.

1995-ലെ സുപ്രീം കോടതി വിധിയും സംയുക്ത മലങ്കര സുറിയാനി അസോസിയേഷനും

1995-ലെ സുപ്രീം കോടതി വിധിയെ തുടര്ന്നു് അതു്പ്രകാരം 1996 നവംബറില്‍ സമാന്തര മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസു് സഭാസമാധാനത്തിനു് തീരുമാനമെടുത്തശേഷം 1997-98-ല്‍ സമാന്തര മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരെല്ലാം മലങ്കര ഓര്‍‍ത്തഡോക്സ് സഭാഭരണഘടന അംഗീകരിച്ചു് മലങ്കര ഓര്‍‍ത്തഡോക്സ് സുറിയാനി സഭയില്‍ മലങ്കര സുറിയാനി അസോസിയേഷന്‍ കൂടുന്നതു് വരെയുള്ള തല്‍സ്ഥിതി നേടി . ഇതോടെ മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭയും മലങ്കര ഓര്‍‍ത്തഡോക്സ് സുറിയാനി സഭയും ഒന്നു് തന്നെയായി.

2002 മാര്‍‍ച്ച് 20-നു് സുപ്രീം കോടതി വിധിയില്‍ നിര്ദേശിച്ചതു് പ്രകാരമുള്ള സംയുക്ത മലങ്കര സുറിയാനി അസോസിയേഷന്‍ കൂടി അസോസിയേഷന്‍‍ തെരഞ്ഞെടുപ്പില്‍‍ സഹകരിച്ച മെത്രാപ്പോലീത്തമാരുടെയെല്ലാം സ്ഥാനം അംഗീകരിച്ചപ്പോള്‍ മുമ്പ് മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് കക്ഷിയിലായിരുന്ന ഡോ തോമാസ് മാര്‍ അത്താനാസിയോസ് അടക്കമുള്ള നാലു് മെത്രാപ്പോലീത്തമാരുടെ സ്ഥാനവും അംഗീകരിച്ചു. പുതിയ മാനേജിങ് കമ്മിറ്റിയുടെ ശുപാര്ശ പ്രകാരം ഡോ തോമാസ് മാര്‍ അത്താനാസിയോസിന്റ കണ്ടനാടു് ഭദ്രാസനത്തിനു് കണ്ടനാടു് (കിഴക്കു്) എന്നും മാത്യൂസ് മാര്‍ സേവേറിയോസിന്റെ കണ്ടനാടു് ഭദ്രാസനത്തിനു് കണ്ടനാടു് (പടിഞ്ഞാറു്) എന്നും പേരിട്ടു് പള്ളി ഇടവകകള്‍‍ രണ്ടു് ഭദ്രാസനങ്ങളിലുമായി തിരിച്ചു.

കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍ : ഡോ തോമാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത
കണ്ടനാടു് (പടിഞ്ഞാറു്) ഭദ്രാസനാധിപന്‍ :ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

(വറുഗീസ്‍ ജോണ്‍ തോട്ടപ്പുഴയുടെ സഹായത്തോടെ തയ്യാറാക്കിയത്)

ഉറവിടം കണ്ടനാടു് വിശേഷം