മലങ്കരസഭയുടെ ആദ്യകാല ഭദ്രാസന വിഭജനത്തില്‍ തന്നെ ഉരുത്തിരിഞ്ഞ മെത്രാപ്പോലീത്തന്‍ ഇടവകയാണു് കണ്ടനാടു് ഭദ്രാസനം. 1877 മെയ് 17-നു് മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് ആദ്യത്തെ കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തയായി അഭിഷിക്തനായി.അദ്ദേഹമാണു് പിന്നീടു് മലങ്കരയില്‍നിന്നുള്ള പ്രഥമ പൗരസ്ത്യ കാതോലിക്കോസായതു്.
കണ്ടനാടു് ഭദ്രാസനത്തിലെ ആദ്യ ഇടവകകള്‍ ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ സ്ഥാപിതമായതാണു്. 9-12 നൂറ്റാണ്ടുകളില്‍ മറ്റു് പ്രധാന ഇടവകകളും രൂപംകൊണ്ടു. 1653 വരെ മലങ്കര സഭാശാസ്ത്രപ്രകാരമുള്ള പൊതുഭാര ശുശ്രൂഷകന്‍മാരും (ജാതിയ്ക്കു് കര്‍ത്തവ്യന്‍ എന്നറിയപ്പെട്ട അര്‍ക്ക ദിയാക്കോന്‍) അവസാനത്തെ പൊതുഭാര ശുശ്രൂഷകന്‍ മലങ്കര മെത്രാപ്പോലീത്തയായതിനെത്തുടര്‍ന്നു് 1653 മുതല്‍ മലങ്കര മെത്രാപ്പോലീത്തമാരും ഈ ഭദ്രാസനത്തിലെ പള്ളികള്‍ക്കു് മേലദ്ധ്യക്ഷത വഹിച്ചു. 1877-നു് കണ്ടനാടു് പ്രത്യേക ഭദ്രാസനമായി മാറി. 1877-നു് ശേഷം മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനം സഭയിലെ വലിയ മെത്രാപ്പോലീത്തയുടേതായി.
ആദ്യത്തെ കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് 1912 സെപ്തംബര്‍ 15-ആം തീയതി പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ എന്നപേരില്‍ പൗരസ്ത്യ കാതോലിക്കോസു് കൂടിയായി അഭിഷിക്തനായി. 1913 മെയ് രണ്ടാംതീയതി കാലം ചെയ്യുന്നതു് വരെ അദ്ദേഹം കണ്ടനാടു് ഭദ്രാസനാധിപനായിരുന്നു.
അബ്ദുല്‍ മിശിഹാ ബാവാ കക്ഷിയും അബ്ദുല്ലാ ബാവാകക്ഷിയും
മലങ്കര മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ വട്ടശേരി മാര്‍ ദിവന്നാസിയോസ് ആറാമനെ അന്ത്യോക്യായുടെ എതിര്‍ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ലാ ദ്വിതീയന്‍ ബാവാ (സാമാന്യ നീതി നിഷേധിച്ചു്കൊണ്ടുള്ളതെന്നു് പില്ക്കാലത്തു് നീതിന്യായ കോടതി കണക്കാക്കിയ കാരണങ്ങളാല്‍ ) മുടക്കിയപ്പോള്‍ കാനോനിക പാത്രിയര്‍ സ് വിശുദ്ധ ഇഗ്നാത്തിയോസ് അബ്ദുല്‍ മിശിഹാ ദ്വിതീയന്‍ ബാവാ അതു് റദ്ദാക്കിയതിനെ തടര്‍ന്നു് 1911-മുതല്‍ 1928 വരെ മലങ്കരസഭ രണ്ടു് കക്ഷിയായി പ്രവര്‍ത്തിച്ചു.
അബ്ദുല്‍ മിശിഹാ ബാവാ കക്ഷിയില്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവയ്ക്കു് ശേഷം 1913 മുതല്‍ 1925 വരെ യുയാക്കിം മാര്‍ ഈവാനിയോസും 1925-നു് ശേഷം മലങ്കരമെത്രാപ്പോലീത്ത വിശുദ്ധ വട്ടശേരി മാര്‍ ദിവന്നാസിയോസ് ആറാമനും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.
അബ്ദുല്ലാ ബാവാകക്ഷിയില്‍ 1911മുതല്‍ 1917വരെ കൊച്ചുപറമ്പില്‍ പൌലോസ് മാര്‍ കൂറിലോസും 1920 മുതല്‍ 1927 വരെ കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസും 1927 മെയ് 15 മുതല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.
പാത്രിയര്‍ക്കീസ് കക്ഷിയും കാതോലിക്കോസ് കക്ഷിയും
1934-ല്‍ വിശുദ്ധ വട്ടശേരി മാര്‍ ദിവന്നാസിയോസ് ബാവയുടെ കാലശേഷം 1958 വരെ മലങ്കരസഭ രണ്ടു് കക്ഷിയായി പ്രവര്‍ത്തിച്ചു. മലങ്കര സുറിയാനിക്രിസ്ത്യാനി അസോസിയേഷന്‍ കോട്ടയത്തു് പഴയ സെമിനാരിയില്‍ കൂടി അപ്പോഴത്തെ പൌരസ്ത്യ കാതോലിക്കോസായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവറു്ഗീസ് ദ്വിതീയനെ മലങ്കര മെത്രാപ്പോലീത്തയായിക്കൂടി തെരഞ്ഞെടുത്തപ്പോള്‍ പൌരസ്ത്യ കാതോലിക്കോസ് സ്ഥാപനത്തെ എതിര്ക്കുന്ന പാത്രിയര്ക്കീസ് പക്ഷം എന്ന നിലയില്‍ ഒരു വിഭാഗം കരിങ്ങാച്ചിറയില്‍ കൂടി കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസിനെ അവരുടെ മലങ്കര മെത്രാപ്പോലീത്തയായി തെരഞ്ഞെടുത്തതോടെയാണു് വീണ്ടും രണ്ടു് കക്ഷിയായതു് .
കാതോലിക്കോസ് കക്ഷിയില്‍ 1934 മുതല് 1942 ഒക്ടോബര്‍ വരെ പരിശുദ്ധ ബസേലിയോസ് ഗീവറു്ഗീസ് ദ്വിതീയന്‍ ബാവയും 1942 ഒക്ടോബര്‍ മുതല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.
പാത്രിയര്ക്കീസ് കക്ഷിയില്‍ 1934 മുതല് 1942 ഒക്ടോബര്‍ വരെ ഔഗേന്‍ മാര്‍ തീമോത്തിയോസും അതിനു് ശേഷം 1953- വരെ കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസും കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ് അനാരോഗ്യവാനായതിനാല്‍ പകരം കണ്ടനാടു് ഭദ്രാസനത്തിനു് വേണ്ടി 1952ഒക്ടോബര് 19-നു് വാഴിയ്ക്കപ്പെട്ട് ആലുവയില്‍ ചെന്നു് അദ്ദേഹത്തില്‍ നിന്നു് ചുമതലയേറ്റ 1953 ജനുവരി 12 മുതല്‍ പൌലോസ് മാര്‍ പീലക്സിനോസും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.
സഭാസമാധാനം
1958 ഡിസംബര്‍ 16-നു് സഭാസമാധാനം ഉണ്ടായതിനെ തുടര്‍ന്നു് ഔഗേന് മാര്‍ തീമോത്തിയോസ് മുതിര്‍ന്ന മെത്രാപ്പോലീത്തായായും പൌലോസ് മാര്‍ പീലക്സിനോസ് സഹായ മെത്രാപ്പോലീത്തായായും 1964 വരെ ഒരുമിച്ചു് ഭദ്രാസന ഭരണം നടത്തി. 1964 മെയ് 22നു് ഔഗേന്‍ മാര്‍ തീമോത്തിയോസ് പൌരസ്ത്യ കാതോലിക്കോസായി പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവ എന്ന പേരില്‍ സ്ഥാനാരോഹണം ചെയ്തപ്പോള്‍ കണ്ടനാടു് ഭദ്രാസന ഭരണം പൂര്ണമായി പൌലോസ് മാര്‍ പീലക്സിനോസിനു് നല്കി.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി കക്ഷിയും മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് കക്ഷിയും
1971 നു് ശേഷം മലങ്കരസഭയില്‍ ആരംഭിച്ച പുതിയ കക്ഷിവഴക്കിന്റെ നിര്‍ണായക ഘട്ടത്തില്‍ 1975 സെപ്തംബര്‍ 7 നു് പൌലോസ് മാര്‍ പീലക്സിനോസിനെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ സമാന്തര പൌരസ്ത്യ കാതോലിക്കോസായി ബസേലിയോസ് പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ അന്ത്യോക്യാ പാത്രിയര്ക്കീസ് വാഴിച്ചപ്പോള്‍ ആ വിഭാഗം മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ എന്നപേരില്‍ സമാന്തര സഭയായും ഔദ്യോഗിക സഭയായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുമായി 1996-98 വരെ മല്‍സരിച്ചു.
ഔദ്യോഗിക സഭയായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ 1975-ല്‍ പൌലോസ് മാര്‍ പീലക്സിനോസിനു് പകരം ആദ്യം മലങ്കര മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവയും അദ്ദേഹം 1975 സെപ്തംബര്‍ 24 നു് അനാരോഗ്യം മൂലം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഒഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായ മാത്യൂസ് മാര്‍ അത്താനാസ്യോസും പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവ ഒക്ടോബര്‍ 11-നു് പൌരസ്ത്യ കാതോലിക്കോസ് സ്ഥാനവും ഒഴിഞ്ഞപ്പോള്‍ ഒക്ടോബര്‍ 27-നു് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവ എന്ന പേരില്‍ അദ്ദേഹം പൌരസ്ത്യ കാതോലിക്കോസായി സ്ഥാനാരോഹണം ചെയ്തതിനെ തുടര്‍ന്നു് ആ പേരില്‍ 1976 വരെയും 1976 മുതല്‍ ജോസഫ് മാര്‍ പക്കോമിയോസും 1991-ല്‍ അദ്ദേഹം കാലം ചെയ്തതിനെ തുടര്‍ന്നു് 1993 വരെ മലങ്കര മെത്രാപ്പോലീത്തയെന്ന നിലയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയും 1993 ഓഗസ്റ്റ് 26 മുതല്‍ മാത്യൂസ് മാര്‍ സേവേറിയോസും കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനം വഹിച്ചു.
സമാന്തര സഭയായ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ പൌരസ്ത്യ കാതോലിക്കോസായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ 1996 സെപ്തംബര്‍ 1നു് കാലം ചെയ്യുന്നതു് വരെ കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താസ്ഥാനംവഹിച്ചിരുന്നു. ഇക്കാലത്തു് 1979 മുതല്‍ 1988 വരെ ഫീലിപ്പോസ് മാര്‍ ഈവാനിയോസും 1990 മുതല്‍ ഡോ തോമാസ് മാര്‍ അത്താനാസിയോസും കണ്ടനാടു് ഭദ്രാസന സഹായ മെത്രാപ്പോലീത്തമാരായിരുന്നു . ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാലം ചെയ്തതിനെ തുടര്‍ന്നു് ഡോ തോമാസ് മാര്‍ അത്താനാസിയോസ് 1996 സെപ്തംബറില്‍ പൂര്‍ണ ഭദ്രാസന ചുമതല എറ്റെടുത്തു.
1995-ലെ സുപ്രീം കോടതി വിധിയും സംയുക്ത മലങ്കര സുറിയാനി അസോസിയേഷനും
1995-ലെ സുപ്രീം കോടതി വിധിയെ തുടര്ന്നു് അതു്പ്രകാരം 1996 നവംബറില്‍ സമാന്തര മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസു് സഭാസമാധാനത്തിനു് തീരുമാനമെടുത്തശേഷം 1997-98-ല്‍ സമാന്തര മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരെല്ലാം മലങ്കര ഓര്‍ത്തഡോക്സ് സഭാഭരണഘടന അംഗീകരിച്ചു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ മലങ്കര സുറിയാനി അസോസിയേഷന്‍ കൂടുന്നതു് വരെയുള്ള തല്‍സ്ഥിതി നേടി . ഇതോടെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും ഒന്നു് തന്നെയായി.
2002 മാര്‍ച്ച് 20-നു് സുപ്രീം കോടതി വിധിയില്‍ നിര്ദേശിച്ചതു് പ്രകാരമുള്ള സംയുക്ത മലങ്കര സുറിയാനി അസോസിയേഷന്‍ കൂടി അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സഹകരിച്ച മെത്രാപ്പോലീത്തമാരുടെയെല്ലാം സ്ഥാനം അംഗീകരിച്ചപ്പോള്‍ മുമ്പ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് കക്ഷിയിലായിരുന്ന ഡോ തോമാസ് മാര്‍ അത്താനാസിയോസ് അടക്കമുള്ള നാലു് മെത്രാപ്പോലീത്തമാരുടെ സ്ഥാനവും അംഗീകരിച്ചു. പുതിയ മാനേജിങ് കമ്മിറ്റിയുടെ ശുപാര്ശ പ്രകാരം ഡോ തോമാസ് മാര്‍ അത്താനാസിയോസിന്റ കണ്ടനാടു് ഭദ്രാസനത്തിനു് കണ്ടനാടു് (കിഴക്കു്) എന്നും മാത്യൂസ് മാര്‍ സേവേറിയോസിന്റെ കണ്ടനാടു് ഭദ്രാസനത്തിനു് കണ്ടനാടു് (പടിഞ്ഞാറു്) എന്നും പേരിട്ടു് പള്ളി ഇടവകകള്‍ രണ്ടു് ഭദ്രാസനങ്ങളിലുമായി തിരിച്ചു.
കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍ : ഡോ തോമാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത
കണ്ടനാടു് (പടിഞ്ഞാറു്) ഭദ്രാസനാധിപന്‍ :ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത
(വറുഗീസ്‍ ജോണ്‍ തോട്ടപ്പുഴയുടെ സഹായത്തോടെ തയ്യാറാക്കിയത്)
ഉറവിടം കണ്ടനാടു് വിശേഷം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ