യേശുക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് പ്രഖ്യാപിച്ച ക്രി. വ. 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ എതിര്‍ത്തു് പഴയ വിശ്വാസത്തില്‍ തുടര്‍ന്ന വിഭാഗമാണു് പ്രാചീന ഒര്‍ത്തഡോക്സ് സഭ അഥവാ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
ക്രിസ്തീയ സഭയില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ പിളര്‍പ്പാണു് ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ തുടര്‍ന്നുണ്ടായ നെടുകെയുള്ള ശീശ്മ(പിളര്‍പ്പു്). റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയര്‍ക്കാസനങ്ങളില്‍ അലക്സാന്ത്രിയന്‍ പാപ്പാസനവും അന്ത്യോക്യന്‍ പാത്രിയര്‍ക്കാസനവുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.റോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
റോമാ സാമ്രാജ്യത്തിനു് പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ ആര്‍മീനിയ സഭയും പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം 489-543 കാലത്തു് നെസ്തോറിയവുമായി.
325-ല്‍ നിഖ്യയില്‍ കൂടിയ സുന്നഹദോസും 381-ല്‍ കുസ്തന്തീനോപൊലിസില്‍( Constantinople) കൂടിയ സുന്നഹദോസും 431-ല്‍ എഫേസൂസില്‍ കൂടിയ സുന്നഹദോസും മാത്രമേ ഈ വിഭാഗം ആകമാന സുന്നഹദോസുകളായി സ്വീകരിയ്ക്കുന്നുള്ളൂ.
സഭാകടുംബം
ക്രി.വ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയ്ക്കുമുമ്പുള്ള ദൈവവിജ്ഞാനീയവും സഭാവിജ്ഞാനീയവും മുറുകെപ്പിടിയ്ക്കുന്ന സഭാകടുംബമാണു് പ്രാചീന ഓര്‍ത്തഡോക്സ് സഭ. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ദൈവശാസ്ത്ര വക്താവും പ്രമുഖ ചിന്തകനുമായ ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് (1922 - 1996) ഈ സഭയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണു്:- ക്രിസ്തുവിന്റെ സഭ ഒന്നേയുള്ളൂ. അതു് ക്രിസ്തുവിന്റെ ശരീരമാണു്. അപ്പോസ്തോലന്‍മാരാല്‍ സ്ഥാപിതമാണു്. അങ്ങനെ പൂര്‍ണമായ അപ്പോസ്തോലികപാരമ്പര്യമുള്ള സത്യസഭയായി ഓര്‍ത്തഡോക്സ് സഭ അതിനെത്തന്നെ കരുതുന്നു. റോമന്‍ കത്തോലിക്കാ സഭയ്ക്കു് ഈ കാര്യത്തിലുള്ള അവകാശവാദങ്ങളെ ഓര്‍ത്തഡോക്സ് സഭ പൂര്‍ണമായി അംഗീകരിയ്ക്കുന്നില്ല . [1].
കേരളത്തിലെ ക്രിസ്തീയ സഭകളായ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പടുന്ന ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയും കോപ്റ്റിക്‍ സഭ, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍ സിംഹാസനം, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ, എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവയും ചേര്‍ന്ന 7 സ്വയംശീര്‍ഷകസഭകള്‍ അടങ്ങിയതാണു് ഇപ്പോള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാകടുംബം. ഇവയെ കൂടാതെ ക്രി.വ 451-നു് മുമ്പുള്ള റോമന്‍ കത്തോലിക്കാ സഭയെയും ബൈസാന്ത്യസഭയെയും ഓര്‍ത്തഡോക്സ് സഭ അതിന്റെ ഭാഗമായാണു് പരിഗണിയ്ക്കുന്നതു് .
റോമന്‍ കത്തോലിക്കാ സഭയും ബൈസാന്ത്യസഭകളുമായുള്ള 1500 ആണ്ടത്തെ ഭിന്നതതീര്‍ക്കുവാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥം മുതല്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്വയംശീര്‍ഷകസഭകള്‍ സഭാന്തരസംവാദം നടത്തുന്നുണ്ടെങ്കിലും സഹോദരീസഭകള്‍ എന്ന നിലയിലേയ്ക്കു് ഈസഭകള്‍ പരസ്പരം എത്തിക്കഴിഞ്ഞിട്ടില്ല. റോമാ സഭയംഗീകരിയ്ക്കുന്നതുപോലെ ഭാഗികമായ കൂട്ടായ്മ (കമ്യൂണിയന്‍) എന്ന സിദ്ധാന്തം പ്രാചീന ഓര്‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ മറ്റു് സഭകളുമായി കൂട്ടായ്മയല്ല, സൗഹൃദമേ ആയിട്ടുള്ളൂ.
പൊതുവായ ദൃശ്യതലവന്‍ എന്ന ആശയം ഓര്‍ത്തഡോക്സ് സഭ അംഗീകരിയ്ക്കുന്നില്ല. എല്ലാ അംഗസഭകളും ഒരുമിച്ചു് സത്യവിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ ഏകതലവനായ യേശുക്രിസ്തുവില്‍ ഒന്നായിത്തീരുന്നതിലാണു് ആകമാന സഭയുടെ ഐക്യം എന്നവര്‍ നിര്‍വചിയ്ക്കുന്നു.
ക്രി.വ 325-ലെ നിഖ്യാ സുന്നഹദോസും ക്രി.വ 381-ലെ കുസ്തന്തീനോപൊലിസ് സുന്നഹദോസും ക്രി.വ 431-ലെ എഫേസൂസ് സുന്നഹദോസും ആകമാന സുന്നഹദോസുകളായി ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ സ്വീകരിയ്ക്കുന്നു. ആകമാന സുന്നഹദോസുകളെന്ന പേരില്‍ പിന്നീടു് ഓരോ വിഭാഗങ്ങളും കൂടിയ സുന്നഹദോസുകളെ വിഭാഗപരമായ സുന്നഹദോസുകളായി മാത്രമേ സഭ കാണുന്നുള്ളൂ.
അംഗസഭകള്‍
1965-ല്‍ ആഡീസ് അബാബയില്‍ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ സുന്നഹദോസ് പ്രകാരം ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗസഭകള്‍ അഞ്ചെണ്ണമാണു്. അവ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭ, അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ കോപ്റ്റിക്‍ സഭ, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവയാണു്. അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍ സിംഹാസനത്തെയും, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തെയും ഒന്നായി അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നു് കണക്കാക്കി . കിലിക്യായിലെ കാതോലിക്കാസനം എച്മിയാഡ്സിനിലെ കാതോലിക്കോസനത്തിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും അതിനു് അതിന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരവും സ്വയം ശീര്ഷകത്വവുമുണ്ട്. 1994-ല്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്നു് പിരിഞ്ഞ എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭ സ്വയംശീര്‍ഷകസഭയായിമാറി.
1965-ലെ ആഡീസ് അബാബ സുന്നഹദോസ് തീരുമാനപ്രകാരം ആഡീസ് അബാബ ആസ്ഥാനമാക്കി നിലവില്‍വന്നതും അംഗ സഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്ഥിരം സമിതി എത്യോപ്യയില്‍ 1974-ലുണ്ടായ സൈനിക അട്ടിമറിയെത്തുടര്‍ന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയില്‍ 7 സ്വയംശീര്‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികള്‍ വീതം അടങ്ങിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി നിലവില്‍ വന്നു. ആഭ്യന്തര കലഹമുണ്ടെങ്കിലും ആണ്ടില്‍ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കണ്സള്‍ട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതല്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടു്.[2]
അംഗസഭകളുടെ പരമാചാര്യന്‍മാരായ പാത്രിയര്‍ക്കീസുമാരാണു് പരമ പാത്രിയര്‍ക്കീസുമാര്‍. ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്കു് പൊതു സഭാതലവനില്ല.പക്ഷേ,അവരില്‍ ഒന്നാം സ്ഥാനം അലക്സാന്ത്രിയന്‍ മാര്‍പാപ്പയ്ക്കും രണ്ടാം സ്ഥാനം അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. [3].
സ്വയംശീര്‍ഷകസഭകള്‍
- കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ
- അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ
- ആര്‍മീനിയന്‍ ആപ്പൊസ്തോലിക സഭ
- കിലിക്യന്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ
- എത്തിയോപ്പിയന്‍ ഓര്‍ത്തഡോക്സ് സഭ
- ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ (ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ)
- എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭ
സഭാന്തര ചര്‍ച്ചകള്‍
അസീറിയന്‍ പൗരസ്ത്യ സഭകളെ ഒറിയന്‍റ്റല്‍ ഓര്‍ത്തഡോക്സ് സഭയാണു് എന്ന തെറ്റിദ്ധാരണ ഉണ്ടെന്‍കിലും അവ ഈ വിഭാഗത്തില്പെടുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭയും കല്ക്കിദോന്യസഭകളായ ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയും റോമന്‍ കത്തോലിക്ക സഭയും ആയി പ്രത്യാശാവഹങ്ങളായ ചര്‍ച്ചകള്‍ നടക്കുക ഉണ്ടായി. ചര്‍ച്ചകള്‍ ഇരുവിഭാഗത്തിനും അനുയോജ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
അവലംബം
1പൗരസ്ത്യ ക്രൈസ്തവദര്‍ശനം;ദിവ്യബോധനം പബ്ലിക്കേഷന്‍സ്, സോഫിയാ സെന്റര്‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 08
2മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍മാരുടെ പൊതുപ്രഖ്യാപനം അഞ്ചാം താള്‍ കാണുക
3പൗരസ്ത്യ ക്രൈസ്തവദര്‍ശനം എന്ന ഗ്രന്ഥത്തില്‍ ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് പറയുന്നു ,
“ ഇതില്‍ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് വിഭാഗത്തില്‍പെട്ട സഭകളില്‍വച്ചു് അലക്സാന്ത്രിയന്‍ പാത്രിയര്‍ക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവന്‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവര്‍ക്കില്ല. ”
;ദിവ്യബോധനം പബ്ലിക്കേഷന്‍സ്, സോഫിയാ സെന്റര്‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
കുറിപ്പുകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ