കൂത്താട്ടുകുളം,2014 നവംബര്‍ 16 : വിവാഹമോചനവും കുടുംബ പ്രതിസന്ധിയും വര്‍ദ്ധിച്ചു വരുന്നത് സഭയുടെയും സമൂഹത്തിന്റെ മുഴുവന്റെയും പ്രശ്‌നമായിരിക്കുകയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മാനവശാക്തീകരണ വകുപ്പിന്റെ അദ്ധ്യക്ഷനും കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്‌താവിച്ചു. മിസ്‌പാ മാര്‍ത്തോമ്മാ പൈതൃക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഭദ്രാസനതല ദമ്പതിദിനാചരണച്ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹജീവിതത്തെ പരീക്ഷണമാക്കിമാറ്റുന്ന സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ചുറ്റുപാടുകളെ പ്രതിരോധിയ്‌ക്കുവാനുള്ള ആദ്ധ്യാത്മിക പശ്ചാത്തലം വീടുകളിലുണ്ടാവണമെന്ന് മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചു. അംഗങ്ങളുടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെടുത്താത്തതും അവരാര്‍ജിച്ച വ്യക്തിത്വത്തിന് ഇടം നല്‌കുന്നതുമായ ത്രിത്വസമാനമായ കൂട്ടായ്‌മയായിരിക്കണം കുടുംബം എന്നദ്ദേഹം പറഞ്ഞു.
തെറ്റും ശരിയും തിരിച്ചറിയുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നതാണ് ഇക്കാലത്ത് കുടുംബജീവിതം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മനഃശാസ്‌ത്ര വിദഗ്‌ദ്ധയും ഉപദേശചികില്‍സകയുമായ ഗ്രെയിസ് ലാല്‍ അഭിപ്രായപ്പെട്ടു. 1980കളിലെ കുടുംബപ്രശ്‌നങ്ങളും ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളും തമ്മില്‍ വളരെ വ്യത്യാസമുണ്ടണ്ടു്. ആദ്യകാലത്ത് അമ്മായിയമ്മപ്പോരായിരുന്നു പ്രധാന പ്രശ്‌നമെങ്കില്‍ 1980-85 കാലത്ത് അത് കുടുംബനാഥന്റെ മദ്യപാനവും സ്‌ത്രീധനവുമായിരുന്നു. '90കളില്‍ പ്രേമവിവാഹവും പരാജയവും ആയിരുന്നു. റ്റി.വി സീരിയല്‍ — ഇന്റര്‍നെറ്റ് — മൊബൈല്‍ ഫോണ്‍ ലോകവും എസ്.എം.എസ്. — മിസ്‌കോള്‍ — ചാറ്റിങ് ബന്ധങ്ങളും ഉയര്‍ത്തുന്ന ഭീഷണിയാണ് കുടുംബ പ്രശ്‌നങ്ങളുടെ പുതിയ പ്രവണതയെന്ന് ഗ്രെയിസ് ലാല്‍ പറഞ്ഞു.
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനാ ജോണ്‍സനാണ് യോഗം ഉദ്‌ഘാടനം ചെയ്‌തത്. ഫാ.ജോണ്‍സണ്‍ പുറ്റാനിയില്‍ സ്വാഗതവും കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ മാനവശാക്തീകരണ വകുപ്പിന്റെ സെക്രട്ടറി ഫാ. ഷിബു കുര്യന്‍ ആമുഖവും വാര്‍ഡ് പ്രതിനിധി പി.ബി. സാജു ആശംസയും മിസ്‌പ സെക്രട്ടറി സി.കെ. ഏലിയാസ് നന്ദിയും പറഞ്ഞു. വിവിധ സമുദായങ്ങളില്‍ പെട്ട ഇരുന്നൂറോളം ദമ്പതികള്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ