20170210

എബ്രായ വേദപുസ്തകം അഥവാ തനക്ക് (Tanakh)


പഴയനിയമത്തിലെ 39 കൃതികൾ മാത്രം അടങ്ങുന്ന 24 ചുരുളുകളാണു് യഹൂദന്മാരുടെ എബ്രായ വേദപുസ്തകം. ക്രി.വ. 80-100 ൽ നടന്ന യാംനിയാ സമ്മേളനത്തിൽവച്ചാണ് യഹൂദനേതാക്കന്മാർ അവരുടെ കാനോനികഗ്രന്ഥങ്ങൾ നിർണയിച്ചത്. ഊർശലേം പാരമ്പര്യത്തിൽ പെട്ട എബ്രായഭാഷയിലുണ്ടായിരുന്ന വേദപുസ്തക ഗ്രന്ഥങ്ങൾ മാത്രമേ പ്രാമാണികമായി അവർ സ്വീകരിച്ചുള്ളൂ. അലക്‌സാണ്ഡ്രിയൻ പാരമ്പര്യത്തിൽ പെട്ട ഗ്രീക്ക് - അരമായഭാഷകളിലുള്ളതും പല യഹൂദസമൂഹങ്ങളും ആദിമ ക്രൈസ്തവരും വേദപുസ്തകത്തിൻറെ ഭാഗമായി സ്വീകരിച്ചിരുന്നതുമായ മറ്റു ഗ്രന്ഥങ്ങൾ അവർ അപ്രാണികമായി തള്ളി.

എബ്രായഭാഷയിലുള്ളതും പല യഹൂദസമൂഹങ്ങളും ആദിമ ക്രൈസ്തവരും വേദപുസ്തകത്തിൻറെ ഭാഗമായി സ്വീകരിച്ചിരുന്ന ഗ്രീക്ക് - അരമായഭാഷകളിലുള്ളതായ അലക്‌സാണ്ഡ്രിയൻ പാരമ്പര്യത്തിൽ പെട്ട ഗ്രന്ഥങ്ങളും അടങ്ങുന്ന പഴയനിയമമാണു് പുരാതന ക്രിസ്തീയ സഭകൾ ഉപയോഗിയ്ക്കുന്നതു്. സുറിയാനിഭാഷയിലെ പ്ശീത്താ വേദപുസ്തക പരിഭാഷയെ ആധാരമാക്കുന്ന പൗരസ്ത്യ ഓർത്തഡോക്‌സ് സുറിയാനി സഭ വേദപുസ്തകത്തിൽ 48 കൃതികളാണു് പഴയനിയമഗ്രന്ഥങ്ങളായി കണക്കാക്കി ഉപയോഗിയ്ക്കുന്നതു്.

ബാറൂക്കിന്റെ ലേഖനം ഇല്ലാത്തതുകൊണ്ടും യിരെമ്യാവിന്റെ ലേഖനം എന്ന കൃതി ബാറൂക്കിന്റെ പുസ്തകത്തിന്റെ ആറാം അദ്ധ്യായമായി കരുതുന്നതുകൊണ്ടും റോമൻ കത്തോലിക്കാ വേദപുസ്തകത്തിലെ പഴയ നിയമത്തിൽ ത്രെന്തോസ് സൂനഹദോസ് തീർപ്പുകൽപ്പിച്ചതു (1546) പ്രകാരം കാനോനികമായി അംഗീകരിച്ചിട്ടുള്ളഗ്രന്ഥങ്ങളുടെ എണ്ണം നാൽപ്പത്തിയാറാണു്. എന്നാൽ പ്രൊട്ടസ്റ്റന്റ് -നവീകരണ- നവീന ക്രൈസ്തവ സമൂഹങ്ങൾ യഹൂദർ അംഗീകരിക്കുന്ന 39 കൃതികൾ മാത്രം സ്വീകരിച്ചിരിക്കുന്നു.

എബ്രായ/യഹൂദ വേദപുസ്തകത്തിലെ പുസ്തകങ്ങളുടെ വിഭജനം

'തനക്ക്' , 'മസോറട്ടിക് പാഠം', 'മിക്രാ' എന്നീ പേരുകളിലും എബ്രായ/യഹൂദ വേദപുസ്തകം അറിയപ്പെടുന്നു. തനക്ക് എന്ന പേര് തോറാ, നെവീം, കെതുവിം എന്നീ ഗ്രന്ഥസമുച്ചയങ്ങളെ സൂചിപ്പിക്കുന്നു. മസോറട്ടിക് പാഠത്തിന്റെ പരമ്പാരാഗതമായ മൂന്നു ഉപവിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായ ചുരുക്കപ്പേരാണ് തനക്ക് എന്നതു്. അതായതു്, പഞ്ചഗ്രന്ഥി എന്നുകൂടി അറിയപ്പെടുന്ന നിയമസംഹിതയായ തോറാ, പ്രവചന ഗ്രന്ഥങ്ങളായ നെവീം, പ്രബോധനപരമായ ലിഖിതങ്ങൾ ചേർന്ന കെതുവിം എന്നിവയാണ് ആ ഉപവിഭാഗങ്ങൾ.

'വായിക്കപ്പെടുന്നത്' എന്നർത്ഥമുള്ള 'മിക്രാ' എന്ന പേര് തനക്കിനു പകരമായി ഉപയോഗിക്കുന്ന ഒരു എബ്രായ നാമമാണ്. എബ്രായവേദപുസ്തകം (തനക്ക്) താഴെ കൊടുത്തിരിയ്ക്കുന്നതുപ്രകാരം 24 പുസ്തകങ്ങളാണു്.


1 തോറാ


(ന്യായപ്രമാണം, നിയമം, മാർഗം, പഞ്ചഗ്രന്ഥം,പഞ്ചഗ്രന്ഥി, പഞ്ചഗ്രന്ഥങ്ങൾ,LAW,Torah)

1 ഉല്പത്തി (ആദ്യ പുസ്തകം, Genesis,സൃഷ്ടി)
2 പുറപ്പാടു (പുറപ്പാട് പുസ്തകം Exodus)
3 ലേവ്യപുസ്തകം (ആചാര്യന്മാർ, ലേവ്യർ, ലേവ്യാ പുസ്തകം, Leviticus)
4 സംഖ്യാപുസ്തകം (സംഖ്യാ , Numbers)
5 ആവർത്തനപുസ്തകം (ആവർത്തനം, നിയമാവർത്തനം Deuteronomy


2 നിബിം (പ്രവാചകഗ്രന്ഥങ്ങൾ, പ്രവാചകൻമാർ , നിവ്യേ, നെബിം, നബിയിം, Nevi'im)



൧ ആദ്യകാല പ്രവാചകഗ്രന്ഥങ്ങൾ (ആദ്യകാല പ്രവാചകൻമാർ The Former Prophets)


6 യോശുവ (യോശുവാ, ഈശോബർനോൻ, Joshua)
7 ന്യായാധിപന്മാർ (Judges)
8 ശമൂവേൽ (1ശമൂവേൽ (1ശ്മൂയേൽ, 1സാമുവൽ, I Samuel),2. ശമൂവേൽ (ശ്മൂയേൽ, സാമുവൽ II Samuel)
9 രാജാക്കന്മാർ (1. രാജാക്കന്മാർ (I Kings), 2 രാജാക്കന്മാർ (II Kings)

൨ പിൻ കാല പ്രവാചകഗ്രന്ഥങ്ങൾ (പിൻ കാല പ്രവാചകൻമാർ The Latter Prophets)

വലിയ പ്രവാചകഗ്രന്ഥങ്ങൾ (വലിയ പ്രവാചകൻമാർ The Major Prophets)
10 യെശയ്യാവു (ഏശയാ നിവ്യാ, യെശയ്യ, Isaiah)
11 യിരെമ്യാവു (ഏറമ്യ നിവ്യാ, എറമിയാ, Jeremiah)
12 യെഹെസ്‌കേൽ (ഹസ്ഖിയേൽ നിവ്യാ, യഹസ്‌കിയേൽ, Ezekiel)
ചെറിയ പ്രവാചകഗ്രന്ഥങ്ങൾ (ചെറു പ്രവാചകൻമാർ Minor Prophets)
13 പന്തിരുവർ, പന്ത്രണ്ടു ചെറുപ്രവാചകർ, പന്തിരുവരുടെ പുസ്തകം, The Twelve Minor Prophets
ഹോശേയ (ഹോശയാ, ഹോശാ നിവ്യാ, Hosea)
യോവേൽ (യൂയേൽ നിവ്യാ, ജോയേൽ, Joel)
ആമോസ് (ആമോസ് നിവ്യാ, Amos)
ഓബദ്യാവു (ഒബാദിയാ നിവ്യാ, ഓബദ്യാ,ഒബദിയാ, Obadiah)
യോനാ (യൗനാൻ നിവ്യാ, Jonah)
മീഖാ (മീകാ നിവ്യാ, Micah)
നഹൂം (നാഹോം നിവ്യാ, നാഹൂം Nahum)
ഹബക്കൂക്ൾ (ഹവ്‌ഖോക്ക് നിവ്യാ,ഹബ്ക്കുക്ക്, ഹബക്കൂക്ക്, Habakkuk)
സെഫന്യാവു (സ്പനിയാ നിവ്യാ, സെഫന്യാ,സെഫനിയാ, Zephaniah)
ഹഗ്ഗായി (ഹഗ്ഗി നിവ്യാ, ഹാഗായി, Haggai)
സെഖർയ്യാവു (സ്‌കറിയാ നിവ്യാ, സ്‌കറിയാ Zechariah)
മലാഖി (മാലാകി നിവ്യാ, Malachi)

3 കെത്തുബിം (Ketuvim, ക്ത്തൂബിം, രചനകൾ, എഴുത്തുകൾ, writings)


കാവ്യ ഗ്രന്ഥങ്ങൾ The poetic books
14 സങ്കീർത്തനങ്ങൾ (Psalms)
15 സദൃശവാക്യങ്ങൾ (സുഭാഷിതങ്ങൾ, Proverbs)
16 ഇയ്യോബ് (ഇയോബ്, Job)
അഞ്ചു ചുരുളുകൾ The five scrolls
17 ഉത്തമഗീതം (ഉത്തമഗീതങ്ങൾ, Song of Solomon , Song of Songs)
18 രൂത്ത് (റഓസ്, Ruth)
19 വിലാപങ്ങൾ (Lamentations)
20 സഭാപ്രസംഗി (സഭാപ്രസംഗകൻ, ഖോഹ്‌ലത്, Ecclesiastes)
21 എസ്ഥേർ
ഇതര ഗ്രന്ഥങ്ങൾ Other books
22 ദാനീയേൽ
23 എസ്രാ (അസ്രാ, Ezra) - നെഹെമ്യാവു (നെഹമിയാ, Nehemiah) Ezra-Nehemiah
24 നാളാഗമം 1 (ദിനവൃത്താന്തം 1 , I Chronicles), നാളാഗമം 2 (ദിനവൃത്താന്തം 2, II Chronicles)


എബ്രായ വേദപുസ്തകത്തിൽനിന്നൊഴിവാക്കിയ ഗ്രന്ഥങ്ങൾ
ഒന്നാം നൂറ്റാണ്ടിന്റെ അവസാനം ക്രിസ്തു വർഷം 70-90കാലത്ത് കൂടിയ യഹൂദ മതാദ്ധ്യക്ഷന്മാരുടെ യാംനിയ സമ്മേളനം (Council of Jamnia) എബ്രായ വേദപുസ്തക കാനോൻ അംഗീകരിച്ചപ്പോൾ ഒഴിവാക്കിയതും സുറിയാനി സഭകളടക്കമുള്ള പുരാതന ക്രിസ്തീയ സഭകൾ പഴയനിയമ കാനോന്റെ ഭാഗമായി ഉപയോഗിയ്ക്കുന്നതുമായ വേദപുസ്തകഭാഗങ്ങൾ.

*എസ്ഥേർ 6 അധിക അദ്ധ്യായങ്ങൾ (എസ്‌തേർ, Esther with additions)
*ദാനീയേൽ 2 അധിക അദ്ധ്യായങ്ങൾ [ അദ്ധ്യായം 3:23-24അസറിയായുടെ പ്രാർത്ഥനയും മൂന്നു യുവാക്കന്മാരുടെ കീർത്തനവും, അദ്ധ്യായം13 ശൂശാൻ, അദ്ധ്യായം14 ബേലും സർപ്പവും] (The Prayer of Azariah and Song of the Three Holy Children are included between Daniel 3:23-24. ; Susanna is included as Daniel 13 Bel and the Dragon is included as Daniel 14. )
1 ഏറമിയായുടെ ലേഖനം (Letter of Jeremiah)
2 ബാറൂക്കിന്റെ ലേഖനം (The Epistle of Baruch)
3 ബാറൂക്കിന്റെ പുസ്തകം (ബാറൂക്ക് , Baruch, The Book of Baruch)
4 യഹൂദിത്ത് (ഈഹൂദിസ്, യൂദിത്ത്) യൂദിത്ത് Judith
5 തോബിത് - തൂബിദ് (തോബിയാസ്) തോബിത് Tobit (Tobias)
6 മഹാജ്ഞാനം സുജ്ഞാനം (Wisdom Wisdom of Solomon )
7 യേശുബാർ ആസീറെ (അർത്ഥം-ആസീറേയുടെ മകൻ യേശു, ഈശാബർസീറാ, പ്രഭാഷകൻ, Ben Sira, Sirach , Ecclesiasticus)
8 1 മക്കാബിയർ (മഖ്ബായാർ, മക്കബായർ, മക്കാബ്യർ, 1 Maccabees, 1 Machabees)
9 2 മക്കാബിയർ (മഖ്ബായാർ, മക്കബായർ,മക്കാബ്യർ , 2 Maccabees, 2 Machabees)


20161228

കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന വെബ് സൈറ്റ്‌

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന വെബ് സൈറ്റിന്റെ ലിങ്ക് http://kandanadeast.org/index.php

Parishes of Kandanad East Diocese ലിങ്ക് http://churches.malankaraorthodox.tv/?p=75

20160505

സ്ത്രീത്വത്തിനെതിരെയുള്ള അതിക്രമം കേരള സമൂഹത്തിന് അപമാനകരം : പൗരസ്ത്യ കാതോലിക്കോസ്


കോട്ടയം, മെയ് 4: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ കേരളത്തിനാകെ അപമാനകരമാണെന്നും സ്ത്രീകളെ ദേവതകളായി ആദരിക്കുന്ന ആര്‍ഷ ഭാരത സംസ്കാരത്തിന് കളങ്കമാണെന്നും പൗരസ്ത്യ ഒാർത്തഡോക്സ് സുറിയാനി സഭയുയടെ മഹാ പ്രധാന ആചാര്യൻ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ അഭിപ്രായപ്പെട്ടു. ദിവസംതോറും പെൺകുട്ടികൾ ഏതെങ്കിലും തരത്തിലുള്ള അപമാനം അനുഭവിക്കേണ്ടി വരുന്നത് നാട്ടിൽ നടമാടുന്ന നീതിരാഹിത്യത്തിന്റെയും ക്രൂരതയുടെയും ലക്ഷണമാണെന്നും ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി നടപടികൾ എടുക്കാനും കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കുന്നതിനും സത്വര നടപടികളെടുക്കാൻ അധികൃതർ തയ്യാറാകണമെന്നും ഈ വിഷയത്തിൽ വ്യക്തമായ ബോധവത്കരണം നടത്താൻ സഭകളും സന്നദ്ധ സംഘങ്ങളും മുന്നോട്ടുവരണമെന്നും പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു.

20160325

പഴഞ്ഞി കത്തീഡ്രലിൽ പൗരസ്ത്യ കാതോലിക്കാ ബാവ വി. കാൽകഴുകൽ ശുശ്രൂഷ നടത്തി.

പഴഞ്ഞി സെൻറ് മേരീസ് ഓർത്തഡോക്‌സ്‌ സുറിയാനി കത്തീഡ്രലിൽ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ വി. കാലുകഴുകൽ ശുശ്രൂഷ നടത്തുന്നു —കടപ്പാടു്: പഴഞ്ഞി സെന്‍റ് മേരീസ് ഓർത്തഡോക്‌സ്‌ സുറിയാനി കത്തീഡ്രൽ
പഴഞ്ഞി, മാർച്ച് 25 -- കുന്നംകുളം ഭദ്രാസനത്തിലെ പഴഞ്ഞി സെന്‍റ് മേരീസ് ഓർത്തഡോക്‌സ്‌ സുറിയാനി കത്തീഡ്രലിൽ നടന്ന താഴ്മയുടെയും വിനയത്തിന്‍റെയും പ്രതീകമായ കാൽകഴുകൽ ശുശ്രൂഷക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും കുന്നംകുളം ഭദ്രാസനാധിപനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ കാർമികത്വം വഹിച്ചു.

കാൽകഴുകൽ ശുശ്രൂഷയുടെ കൂടുതൽ ചിത്രങ്ങൾ ഇവിടെ

മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത വി. കാലുകഴുകൽ ശുശ്രൂഷ നടത്തി

മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ ഭദ്രാസനാദ്ധ്യക്ഷൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത വി. കാലുകഴുകൽ ശുശ്രൂഷ നടത്തുന്നു -ഫോട്ടോ: മിസ്പാ സെന്റർ
മൂവാറ്റുപുഴ, മാർച്ച് 25 --പെസഹാ അത്താഴത്തിനിടയിൽ യേശു മിശിഹാ, തന്റെ മേലങ്കി അഴിച്ചു അരകെട്ടി കൊണ്ട് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി എളിമ കാട്ടിയതിനെ അനുസ്മരിച്ചു്, മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ സെന്റ് തോമസ് ഭദ്രാസനപ്പള്ളിയിൽ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത 2015 മാർച്ച് 24 വ്യാഴാഴ്ച പകൽ 3.30നു് വി. കാല്കഴുകൽ ശുശ്രൂഷ നിർവ്വഹിച്ചു.

ഈ വർഷം ദുഃഖവെള്ളിയാഴ്ചയും വചനിപ്പു പെരുന്നാളും ഒരു ദിവസം വന്നതിനാൽ, മൂവാറ്റുപുഴ സെന്റ് തോമസ് ഭദ്രാസനപ്പള്ളിയിൽ 2015 മാർച്ച് 24 പെസഹാ വ്യാഴാഴ്ച പകൽ 3.30നു് ആരംഭിച്ച വി. കാൽകഴുകൽ ശുശ്രൂഷയ്ക്കു് ശേഷം വചനിപ്പുപെരുന്നാളിന്റെ ചടങ്ങുകൾ നടന്നു. സന്ധ്യാ നമസ്കാരവും തുടർന്നു് വചനിപ്പു പെരുന്നാളിന്റെ ഭാഗമായ വി. കുർബ്ബാന അർപ്പണവും നടത്തി. വെള്ളിയാഴ്ച രാവിലെ 8 മണിയ്ക്കു് നമസ്ക്കാരവും ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയും നടന്നു.

ഇടവകപ്പള്ളികളിൽ വചനിപ്പു് പെരുന്നാളിന്റെ ഭാഗമായ വി. കുർബ്ബാന അർപ്പണം വെള്ളിയാഴ്ച രാവിലെ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷയ്ക്കുമുമ്പായി നടന്നു.


അത്താഴത്തിനിടയിൽ യേശു എഴുന്നേറ്റ് ,മേലങ്കി മാറ്റി ,ഒരു തുവാലയെടുത്ത് അരയിൽ കെട്ടി ,അനന്തരം ,ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യമാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുവാല കൊണ്ടു തുടയ്ക്കുവാനും തുടങ്ങി. അവൻ ശിമയോൻ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു : കർത്താവേ ,നീ എന്റെ കാൽ കഴുകുകയോ? യേശു പറഞ്ഞു : ഞാൻ ചെയ്യുന്നതെന്തന്ന് ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും. പത്രോസ് പറഞ്ഞു : നീ ഒരിക്കലും എന്റെ പാദം കഴുകരുത്. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടു കൂടെ പങ്കില്ല. ശിമയോൻ പത്രോസ് പറഞ്ഞു : കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്സും കൂടി കഴുകണമെ ! യേശു പ്രതിവചിച്ചു : കുളി കഴിഞ്ഞവന്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളു. അവൻ മുഴുവൻ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ് ; എന്നാൽ എല്ലാവരുമല്ല

20141116

വിവാഹബന്ധങ്ങളുടെ തകര്‍ച്ച സാമൂഹിക ജീവിതത്തിന്‌ വെല്ലുവിളിയാകുന്നു-ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ

ഫോട്ടോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനം മിസ്‌പാ മാര്‍ത്തോമ്മാ പൈതൃക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദമ്പതിദിനാചരണം കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനാ ജോണ്‍സന്‍ യോഗം ഉദ്‌ഘാടനം ചെയ്യുന്നു. ഫാ ഏലിയാസ്‌ ചെറുകാടു്‌, ഫാ മാത്യൂസ്‌ കാഞ്ഞിരമ്പാറ, ഗ്രെയിസ്‌ ലാല്‍ , ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ എല്‍ദോസ്‌ ജോണ്‍,പി ബി സാജു, ഫാ.ജോണ്‍സണ്‍ പുറ്റാനിയില്‍, മിസ്‌പ കണ്‍വീനര്‍ ഫാ.മാത്യൂസ്‌ ചെമ്മനാപ്പാടം, ഫാ. ഷിബു കുര്യന്‍ ,സി.കെ. ഏലിയാസ്‌ എന്നിവര്‍ സമീപം.

കൂത്താട്ടുകുളം,2014 നവംബര്‍ 16 : വിവാഹമോചനവും കുടുംബ പ്രതിസന്ധിയും വര്‍ദ്ധിച്ചു വരുന്നത്‌ സഭയുടെയും സമൂഹത്തിന്റെ മുഴുവന്റെയും പ്രശ്‌നമായിരിക്കുകയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മാനവശാക്തീകരണ വകുപ്പിന്റെ അദ്ധ്യക്ഷനും കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പ്രസ്‌താവിച്ചു. മിസ്‌പാ മാര്‍ത്തോമ്മാ പൈതൃക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഭദ്രാസനതല ദമ്പതിദിനാചരണച്ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹജീവിതത്തെ പരീക്ഷണമാക്കിമാറ്റുന്ന സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ചുറ്റുപാടുകളെ പ്രതിരോധിയ്‌ക്കുവാനുള്ള ആദ്ധ്യാത്മിക പശ്ചാത്തലം വീടുകളിലുണ്ടാവണമെന്ന്‌ മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചു. അംഗങ്ങളുടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെടുത്താത്തതും അവരാര്‍ജിച്ച വ്യക്തിത്വത്തിന്‌ ഇടം നല്‌കുന്നതുമായ ത്രിത്വസമാനമായ കൂട്ടായ്‌മയായിരിക്കണം കുടുംബം എന്നദ്ദേഹം പറഞ്ഞു.

തെറ്റും ശരിയും തിരിച്ചറിയുന്നതിന്‌ കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നതാണ്‌ ഇക്കാലത്ത്‌ കുടുംബജീവിതം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മനഃശാസ്‌ത്ര വിദഗ്‌ദ്ധയും ഉപദേശചികില്‍സകയുമായ ഗ്രെയിസ്‌ ലാല്‍ അഭിപ്രായപ്പെട്ടു. 1980കളിലെ കുടുംബപ്രശ്‌നങ്ങളും ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളും തമ്മില്‍ വളരെ വ്യത്യാസമുണ്ടണ്ടു്. ആദ്യകാലത്ത്‌ അമ്മായിയമ്മപ്പോരായിരുന്നു പ്രധാന പ്രശ്‌നമെങ്കില്‍ 1980-85 കാലത്ത്‌ അത്‌ കുടുംബനാഥന്റെ മദ്യപാനവും സ്‌ത്രീധനവുമായിരുന്നു. '90കളില്‍ പ്രേമവിവാഹവും പരാജയവും ആയിരുന്നു. റ്റി.വി സീരിയല്‍ — ഇന്റര്‍നെറ്റ്‌ — മൊബൈല്‍ ഫോണ്‍ ലോകവും എസ്‌.എം.എസ്‌. — മിസ്‌കോള്‍ — ചാറ്റിങ്‌ ബന്ധങ്ങളും ഉയര്‍ത്തുന്ന ഭീഷണിയാണ്‌ കുടുംബ പ്രശ്‌നങ്ങളുടെ പുതിയ പ്രവണതയെന്ന്‌ ഗ്രെയിസ്‌ ലാല്‍ പറഞ്ഞു.

കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനാ ജോണ്‍സനാണ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തത്‌. ഫാ.ജോണ്‍സണ്‍ പുറ്റാനിയില്‍ സ്വാഗതവും കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ മാനവശാക്തീകരണ വകുപ്പിന്റെ സെക്രട്ടറി ഫാ. ഷിബു കുര്യന്‍ ആമുഖവും വാര്‍ഡ്‌ പ്രതിനിധി പി.ബി. സാജു ആശംസയും മിസ്‌പ സെക്രട്ടറി സി.കെ. ഏലിയാസ്‌ നന്ദിയും പറഞ്ഞു. വിവിധ സമുദായങ്ങളില്‍ പെട്ട ഇരുന്നൂറോളം ദമ്പതികള്‍ പങ്കെടുത്തു.


20141106

ഓണക്കൂര്‍ മണ്ണാത്തിക്കുളത്തില്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ ദിവംഗതനായി


ഓണക്കൂര്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദീകനായ ഓണക്കൂര്‍ മണ്ണാത്തിക്കുളത്തില്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ (86) ദിവംഗതനായി. നവംബര്‍ മൂന്നാം തീയതി രാത്രി പത്തേകാലിനാണു് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്നു് ഓണക്കൂര്‍ സെഹിയോന്‍ പള്ളിവികാരി വിജു ഏലിയാസ് കശ്ശീശ അറിയിച്ചു.

ഊരമന ഗലീലാകുന്ന്, ചെറായി സെന്റ് മേരീസ്, ആറൂര്‍ മേരിഗിരി, നെല്ലിക്കുന്ന് സെന്റ് ജോണ്‍സ്, ഓണക്കൂര്‍ സെഹിയോന്‍, മുളക്കുളം, മണീട് സെന്റ് കുര്യാക്കോസ്, പഴുക്കാമറ്റം സെന്റ് മേരീസ്, മൂവാറ്റുപുഴ സെന്റ് തോമസ്, പാമ്പാക്കുട സമന്വയ സെന്റ് മേരീസ് പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കായനാട് വള്ളപ്പാട്ട് പരേതയായ അന്നമ്മയാണ് സഹധര്‍മ്മിണി. ബേബി ജോണ്‍ (എംടിഎന്‍എല്‍ മുംബൈ) ബാബു ജോണ്‍, മണ്ണത്തൂര്‍ വലിയപള്ളി വികാരി ഫാ. ഏലിയാസ് ജോണ്‍, ശൈനോ എന്നിവരാണു് മക്കള്‍. അനിത എല്ലാകാവുങ്കല്‍, മാറാടി, ലാലി ചേലകത്തിനാല്‍ ഓണക്കൂര്‍, കൊച്ചുമോള്‍ വെള്ളൂക്കാട്ടില്‍ പിറവം, ജോര്‍ജുകുട്ടി ആനച്ചിറയില്‍ കോതമംഗലം എന്നിവര്‍ മരുമക്കളും.
സംസ്‌കാര ശുശ്രൂഷകൾ നവംബര്‍ അഞ്ചാം തീയതി ബുധനാഴ്ച വൈകുന്നേരം ഭവനത്തില്‍ ആരംഭിച്ചു് നവംബര്‍ ആറാം തീയതി വ്യാഴാഴ്ച 12ന് ഓണക്കൂര്‍ സെഹിയോന്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ത്തിയാക്കി. പൗരസ്ത്യ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയും കണ്ടനാടു് ഈസ്റ്റ് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ തോമാസ് മാർ അത്താനാസിയോസും, കണ്ടനാടു് വെസ്റ്റ്‌ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ മാത്യൂസ് മാർ സേവേറിയോസും, അങ്കമാലി ഭദ്രാസന അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസും കണ്ടനാടു് ഈസ്റ്റ് - കണ്ടനാടു് വെസ്റ്റ്‌ ഭദ്രാസനങ്ങളിലെ വൈദീകരും സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പള്ളിയിലെയും സെമിത്തേരിയിലെയും ശുശ്രൂഷകൾക്ക് വൈദീകരാണു് നേതൃത്വം നൽകിയതു്.