റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലും ആയി വികസിച്ച ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ സര്‍വത്രിക ആത്മീയ പരമാചാര്യനാണു് പൗരസ്ത്യ കാതോലിക്കോസ്.
ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി പൌരസ്ത്യ സഭ സ്വീകരിയ്ക്കുന്നു. തോമാശ്ലീഹ അയച്ച ആദായി ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണ് പേർഷ്യയിലെ സഭസ്ഥാപിതമായതു്.
ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ തലസ്ഥാനമായ ഒഷ്റേൻ മാറി. ഓശാന ഞായറാഴ്ച സഭ ആദ്യമായി കൊണ്ടാടിയത് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തു മതപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോൾ പേർഷ്യയിലെ സോലിക്യ —സ്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു.
ക്രി പി 410 മുതലെങ്കിലും പൗരസ്ത്യ സഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി. അഞ്ചാം നൂറ്റാണ്ടിൽ തന്നെ പാത്രിയർക്കീസ് എന്നും പൗരസ്ത്യ കാതോലിക്കോസിനെ വിളിയ്ക്കുന്ന പതിവുമാരംഭിച്ചു. കാതോലിക്കോസ്-പാത്രിയർക്കീസ് എന്ന പ്രയോഗവും സാധാരണയാണു്.
ഓർത്തഡോക്സ് കക്ഷി
ക്രി. പി. 489—543 കാലത്തു് പൗരസ്ത്യ സഭയിൽ നെസ്തോറിയ കക്ഷി ശക്തി പ്രാപിച്ചു. തെൿരീത് (തിൿരീത്തു്) നഗരത്തിൽ മാത്രമാണു് നെസ്തോറിയ കക്ഷിയുടെ സ്വാധീനം ഒരുസമയത്തുമുണ്ടാകാതിരുന്നതു്. ഓർത്തഡോക്സ് കക്ഷിയ്ക്കു് മേല്പട്ടക്കാരനായിട്ടു് ഒരുസമയത്തു് ശിംഗാറിലെ കാരിസ് മെത്രാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. 543-ൽ അലക്സാന്ത്രിയൻ മാർപാപ്പ തടവറയിൽ വച്ചു് എക്യമെനിക്കൽ മഹാ മേലദ്ധ്യക്ഷനായി അവരോധിച്ചയച്ച ഉറഹായുടെ യാക്കോബ് ബുർദാനയുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് കക്ഷി പൗരസ്ത്യ സഭയുടെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിനുവേണ്ടി ഔദ്യോഗിക പക്ഷമായ നെസ്തോറിയ കക്ഷിയുമായി മൽസരിയ്ക്കുന്നതിൽ നിന്നും പിൻവാങ്ങി സമാന്തരമായി സഭ കെട്ടിപ്പടുക്കാൻ ശ്രമിച്ചു.
539-ൽ മെത്രാനായ മാർ അഹൂദേമ്മേ ബാവയെ 559ൽ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പൊതു മഹാമേലദ്ധ്യക്ഷനായി യാക്കൂബ് ബുർദാന വാഴിച്ചു. തിൿരീത്തു് നഗരം ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനത്തിന്റെ പ്രശസ്തിയും പ്രതാപവും ഏഴാം നൂറ്റാണ്ടിൽ മാർ മറൂസയുടെ കാലം മുതൽ 1089- ൽ തെൿരീത് സഭാകേന്ദ്രം അറബികൾ പിടിച്ചെടുക്കുന്നതുവരെ നിലനിന്നു.
ഓർത്തഡോക്സ് പൗരസ്ത്യ സഭ അംഗ സഭയായി ഉൾപ്പെട്ട പുരാതന (ഓറിയന്റൽ) ഓർത്തഡോക്സ് സഭാകുടുംബത്തിലെ മറ്റൊരു അംഗ സഭയായ ബൈസാന്ത്യസാമ്രാജ്യത്തിലെ അന്ത്യോക്യാ സഭയുമായുള്ള സഹകരണം പേർഷ്യയെ ബൈസാന്ത്യം (കിഴക്കൻ റോമാ സാമ്രാജ്യം) കീഴടക്കിയശേഷം അതായതു് 7-ആം നൂറ്റാണ്ടു മുതൽ വര്‍ദ്ധിച്ചു വന്നു. ഒരേ വിശ്വാസവും ആരാധനാക്രമവുമുള്ള രണ്ടുസഭകളും ഒറ്റ രാഷ്ട്രീയ അതിർത്തിയ്ക്കുള്ളിലായി മാറിയപ്പോൾ പരസ്പര മൽസരമില്ലാതെ പ്രവർത്തിയ്ക്കുന്നതിനു് ചില ക്രമീകരണങ്ങളുണ്ടാക്കി. അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെയും ഓർത്തഡോക്സ് സുറിയാനി പൗരസ്ത്യ സഭയുടെയും സംയുക്ത സുന്നഹദോസു് 869 ഫെബ്രുവരിയിൽ കഫർതൂത്തയിൽ കൂടി രണ്ടുസഭകളും തമ്മിലുള്ള വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. (1) ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, (2) അന്ത്യോക്യാ പാത്രിയർക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെയും അംഗീകാരം വേണം, (3) ഒരേ വേദിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന് ഒന്നാം സ്ഥാനവും പൗരസ്ത്യ കാതോലിക്കോസിന് രണ്ടാം സ്ഥാനവും ആയിരിയ്ക്കും (4) പൗരസ്ത്യ കാതോലിക്കോസിനാൽ മുടക്കപ്പെടുന്നവർ അന്ത്യോക്യാ പാത്രിയർക്കീസിനാലും മുടക്കപ്പെടും തുടങ്ങിയ വ്യവസ്ഥകൾ അങ്ങനെ നിലവിൽവന്നു(ഹൂദായ കാനോൻ, പരിഭാഷകൻ കോനാട്ട് അബ്രാഹം മല്പാൻ എം ഒസി പബ്ലിക്കേഷൻസ് 1974).
അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ പൗരസ്ത്യ കാതോലിക്കാസനം ലയിയ്ക്കുന്നു
1089-ൽ തെൿരീത് സഭാകേന്ദ്രവും മാർ ആഹൂദെമ്മെയുടെ പള്ളിയും അറബികൾ തകർത്തു. തെൿരീതിലെ ക്രിസ്ത്യാനികൾ ചിതറി. പൗരസ്ത്യ കാതോലിക്കോസ് തന്നെ കഷ്ടിച്ചാണു് രക്ഷപ്പെട്ടതു്. പിന്നീടു് പൗരസ്ത്യ കാതോലിക്കാസനത്തിനു് സ്ഥിരമായ ആസ്ഥാനമില്ലാതായി. 1215-ൽ പൗരസ്ത്യ കാതോലിക്കോസായ മാർ ഇഗ്നാത്തിയോസ് ദാവീദ് 1222 ൽ അന്ത്യോക്യാ പാത്രിയർക്കീസായതോടെ അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ പൗരസ്ത്യ കാതോലിക്കാസനം ലയിച്ചു തുടങ്ങുകയായിരുന്നു.
മത്തായിദയറയും മൂസലും 1369-ൽ മംഗോളിയർ നശിപ്പിച്ചതോടെ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ നിലനില്പു് തന്നെ അപകടത്തിലായി. അന്ത്യോക്യാ പാത്രിയർക്കീസ് നിർദേശിയ്ക്കുന്നവർ (നോമിനികൾ) ക്രമേണ പൗരസ്ത്യ കാതോലിക്കോസുമാരായിത്തുടങ്ങി. പൗരസ്ത്യ കാതോലിക്കോസുമാർ അന്ത്യോക്യാ പാത്രിയർക്കീസാകുന്നതും പതിവായി.
ദുർബലവും നാമമാത്രവുമായി മാറിയ പൗരസ്ത്യ കാതോലിക്കാസനത്തെ 1860-ൽ ദയർ അസ്-സഫാറാനിൽ അന്ത്യോക്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്റെ അദ്ധ്യക്ഷതയിൽ കൂടിയ സുന്നഹദോസു് അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ ലയിപ്പിച്ചു.
പൗരസ്ത്യ കാതോലിക്കാസനം സമ്പൂർണമായി പുനരുദ്ധരിയ്ക്കുന്നു
അങ്ങനെ ഘട്ടം ഘട്ടമായി അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ ലയിച്ച പൗരസ്ത്യ കാതോലിക്കാസനത്തെ 1912-ൽ അന്ത്യോക്യാ പാത്രിയർക്കീസ് മാർ ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ ദ്വിതീയൻ സമ്പൂർണമായി പുനരുദ്ധരിച്ചു് ഇന്ത്യൻ പൗരസ്ത്യ സഭയുടെ (മലങ്കര സഭ) അധികാരം കൈമാറി. 52-ൽ സ്ഥാപിതമായ മലങ്കര സഭ എന്ന ഇന്ത്യൻ പൗരസ്ത്യ സഭ 4-9 നൂറ്റാണ്ടുകൾ മുതലേ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീയ പരമാചാര്യത്വത്തെ സ്വീകരിച്ചുകൊണ്ടു് ആകമാന ക്രിസ്തീയ മുഖ്യധാരയുമായി ബന്ധപ്പെട്ടുനിന്ന (ആകമാന സഭയുടെ കൂട്ടായ്മയിൽ ഉൾപ്പെട്ടു് നിന്ന) പൗരസ്ത്യ സ്വയംഭരണ സഭയായിരുന്നു.
ക്രിസ്തു ശാസ്ത്രപരമായ തർക്കങ്ങളിൽ അശ്രദ്ധരായിരുന്ന മലങ്കര സഭാനേതൃത്വം ഓർത്തഡോക്സ് കക്ഷിയുടെയും നെസ്തോറിയൻ കക്ഷിയുടെയും പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർക്കീസുമാരെ ഒരുപോലെയാണു് കണ്ടിരുന്നതു്. വാസ്കോഡ ഗാമ കേരളത്തിലെത്തുന്ന കാലത്തു് നെസ്തോറിയൻ പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർക്കീസുമായിട്ടായിരുന്നു മലങ്കര സഭയുടെ ബന്ധം.
പറങ്കി-റോമാസഭയുടെ ആക്രമണത്തെ നേരിടാനായി ഇന്ത്യൻ പൗരസ്ത്യ സഭ 1653-ൽ എപ്പിസ്കോപ്പൽ സഭാശാസ്ത്രം സ്വീകരിച്ചു. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മാർത്തോമ്മാ ഒന്നാമൻ എന്നപേരിൽ മലങ്കര മെത്രാനായി അഭിഷിക്തനായി. അതിനു് അംഗീകാരം നൽകി നിലനിറുത്തിയതു് ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർക്കീസുമായിരുന്ന മാർ ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ പ്രഥമൻ ആയിരുന്നു.
പൗരസ്ത്യ കാതോലിക്കാസനം അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ ലയിപ്പിച്ചതിനു് ശേഷം 1876-ൽ മുളന്തുരുത്തി സുന്നഹദോസു് തീരുമാനപ്രകാരം ഇന്ത്യൻ പൗരസ്ത്യ സഭ അന്ത്യോക്യാ പാത്രിയർക്കാസനത്തിന്റെ കീഴിൽ ഔപചാരികമായിവന്നു. 1912-ൽ വീണ്ടും മലങ്കര സഭ പൗരസ്ത്യ കാതോലിക്കാസനത്തിന്റെ ആത്മീയ പരമാചാര്യത്വത്തിൻ കീഴിലായി. അന്നു് വട്ടശേരിൽ മാർ ദീവന്നാസിയോസായിരുന്നു മലങ്കര സഭാതലവൻ അഥവാ മലങ്കര മെത്രാപ്പോലീത്ത. മലങ്കര മെത്രാപ്പോലീത്ത എന്നുവിളിയ്ക്കപ്പെടുന്ന വലിയ മെത്രാപ്പോലീത്ത പ്രധാന അദ്ധ്യക്ഷനായ സ്വയംഭരണ സഭയാണു് മലങ്കര സഭ.
ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാൾ
1934-ൽ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയായിക്കൂടി അന്നത്തെ പൗരസ്ത്യ കാതോലിക്കോസിനെ തെരഞ്ഞെത്തു. അന്നു് മുതൽ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസും ആയി ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്ന പതിവു് തുടങ്ങി.
ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ (സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസിനെ ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസു്മാരിൽ ഒരാളായാണു് പരിഗണിയ്ക്കുന്നതു്. 1965-ലെ ആഡിസ് അബാബ സുന്നഹദോസിൽ അലക്സാന്ത്രിയാ മാർപാപ്പയോടും അന്ത്യോക്യാ പാത്രിയർക്കീസിനോടും ആർമീനിയാ കാതോലിക്കോസുമാരോടും എത്തിയോപ്പിയാ പാത്രിയർക്കീസിനോടും ഒപ്പം പൗരസ്ത്യ കാതോലിക്കോസ് മാർ ഔഗേൻ പ്രഥമൻ ബാവയും പങ്കെടുത്തു.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണു് ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ ബാവ.
115 ഓളം പൗരസ്ത്യ കാതോലിക്കമാരാണിതുവരെ ഉണ്ടായിട്ടുള്ളതു്. എന്നാൽ പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക ഔദ്യോഗികമായി ഒന്നുംതന്നെ നിലവിലില്ല*. മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം ൨൦൧൦ നവം 28-നു് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയ്ക്കു് സമർപ്പിച്ച പട്ടികയാണ് ഇവിടെ നൽകിയിരിക്കുന്നത്. അതു് പ്രകാരം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ 109-ആമത് പ്രാമാണിക പൗരസ്ത്യ കാതോലിക്കയാണ്.
പരമാചാര്യന്മാരുടെ കാലാനുക്രമണി
ക്രമ നമ്പർ പേരു് ഭരണകാലം ആസ്ഥാനം
1 മാർ തോമാ ശ്ലീഹാ 35—72 ഉറഹ, മലങ്കര
2 മാർ ആദായി 37—65 ജൂലൈ 30 ഉറഹ
3 മാർ ആഗായി 66—87 ഉറഹ
4 മാർ മാറി 88—120 സോലിക്യ-സ്റ്റെസിഫോൺ
5 മാർ അബ്രോസിയൂസ് 121—137 സോലിക്യ-സ്റ്റെസിഫോൺ
6 മാർ അബ്രാഹം പ്രഥമൻ 159—171 സോലിക്യ-സ്റ്റെസിഫോൺ
7 മാർ യാക്കോ 172—190 സോലിക്യ-സ്റ്റെസിഫോൺ
8 മാർ ആഹാദാ ബൂയ് 190—220 സോലിക്യ-സ്റ്റെസിഫോൺ
9 മാർ ശഹലൂപ്പാ 220—240 സോലിക്യ-സ്റ്റെസിഫോൺ
10 മാർ പാപ്പ 317—329 സോലിക്യ-സ്റ്റെസിഫോൺ
11 മാർ ശെമഓൻ ബർസാബെ 329—341 സോലിക്യ-സ്റ്റെസിഫോൺ
12 മാർ ശഹ്‍ദോസ്ത് 341—345 സോലിക്യ-സ്റ്റെസിഫോൺ
13 മാർ ബർബാശേമിൻ 345—350 സോലിക്യ-സ്റ്റെസിഫോൺ
14 മാർ താമൂസ (താമൂസൊ) 363—371 സോലിക്യ-സ്റ്റെസിഫോൺ
15 മാർ കയൂമാ 372—399 സോലിക്യ-സ്റ്റെസിഫോൺ
16 മാർ ഇസഹാക്ക് 399—410 സോലിക്യ-സ്റ്റെസിഫോൺ
17 മാർ ഓഹ് (ആഹായ്) 410—415 സോലിക്യ-സ്റ്റെസിഫോൺ
18 മാർ യാബാലാഹാ 415—420 സോലിക്യ-സ്റ്റെസിഫോൺ
19 മാർ മാഗ്നസ് 420 സോലിക്യ-സ്റ്റെസിഫോൺ
20 മാർ മറാബോക്ത് 420—421 സോലിക്യ-സ്റ്റെസിഫോൺ
21 മാർ ദാദീശോ 421—456 സോലിക്യ-സ്റ്റെസിഫോൺ
22 മാർ ബാബൂയാഹ് (സഹദാ) 456/7—484 സോലിക്യ-സ്റ്റെസിഫോൺ
23 മാർ അക്കാക്കിയൂസ് (നെസ്തോറിയ കക്ഷി) 484/5—496 സോലിക്യ-സ്റ്റെസിഫോൺ
24 മാർ ബാബി (ബാബായ്) (നെസ്തോറിയ കക്ഷി) 496—503 സോലിക്യ-സ്റ്റെസിഫോൺ
25 മാർ ശീലാസ് (നെസ്തോറിയ കക്ഷി) 503—523 സോലിക്യ-സ്റ്റെസിഫോൺ
26 മാർ ഏലീശാ (നെസ്തോറിയ കക്ഷി) 523/4—539 സ്റ്റെസിഫോൺ
,■ മാർ നർസെ (നെസ്തോറിയ കക്ഷി) 523/4—539 സോലിക്യ
27 മാർ പൗലോസ് പ്രഥമൻ(നെസ്തോറിയ കക്ഷി) 539—540 സോലിക്യ-സ്റ്റെസിഫോൺ
28 മാർ ആബാ +552 (നെസ്തോറിയ കക്ഷി) 540—543 സോലിക്യ-സ്റ്റെസിഫോൺ
29 മാർ യാക്കോബ് ബുർദാന (+577) 543—559 ഉറഹ
30 മാർ അഹൂദേമ്മേ 559—575 തെൿരീത്
31 മാർ കാമീശോ 578—609 തെൿരീത്
32 മാർ ശമുവേൽ 614—624 തെൿരീത്
33 മാർ മറൂഥാ 629—649 മെയ് 2 തെൿരീത്
34 മാർ ദനഹാ പ്രഥമൻ 649— 659 നവം 3 തെൿരീത്
35 മാർ ബാറേശു 669—684 ഡിസം 17 തെൿരീത്
36 മാർ അബ്രാഹം ദ്വിതീയൻ 684- 685 തെൿരീത്
37 മാർ ദാവീദ് 685 — 686 തെൿരീത്
38 മാർ യോഹന്നാൻ സാബാ 686 മദ്ധ്യം—688 ജനു 4 തെൿരീത്
39 മാർ ദനഹാ ദ്വിതീയൻ 688 മാർച്ച് 13—727ഒക്ടോ 19 തെൿരീത്
40 മാർ പൗലോസ് ദ്വിതീയൻ(ബസേലിയോസ് മാർത്തോമ്മാ പൗലോസ് പ്രഥമൻ?) 727-757 മാർച് 25 തെൿരീത്
41 മാർ യോഹന്നാൻ കീയൂനായ 757— - - പുറത്താക്കപ്പെട്ടു തെൿരീത്
42 മാർ യൗസേപ്പ് കാലം ചെയ്യുന്നതു് വരെ തുടർന്നു തെൿരീത്
43 മാർ ശർബീൽ (സ്ഥാനത്യാഗം ചെയ്തു) തെൿരീത്
44 മാർ ശെമഓൻ പുറത്താക്കപ്പെട്ടു, പിളർപ്പു് തെൿരീത്
45 മാർ ബസേലിയോസ് ബാലാദ് (ബാലാദിലെ ബസേലിയോസ്) - - —830 തെൿരീത്
46 മാർ ദാനിയേൽ 830—834 തെൿരീത്
47 മാർ തോമാ (തെൿരീതു്കാരൻ) കളത്തിലെ എഴുത്ത് 834—847 മെയ്8 തെൿരീത്
48 മാർ ബസേലിയോസ് ലാസർ എസ്തുനാറ 848 സെ 23—868 ഒക്ടോ17 തെൿരീത് -നിസിബിസ്
■ മാർ മൽക്കിസദെക്ക് (എതിർ മപ്രിയാന) 857—868നവം26 തെൿരീത്
49 മാർ സർഗീസ് 872—883 നവം 11 തെൿരീത്
50 മാർ സർഗീസ് അത്താനാസിയോസ് 887 ഫെ 8-903 ഡി 27 തെൿരീത്
51 മാർ തോമാ എസ്തുനാറ 910സെ 9—911 ജനു തെൿരീത്
52 മാർ ദനഹാ കാദീശ 912-932 തെൿരീത്
53 മാർ ബസേലിയോസ് പ്രഥമൻ 936 നവം—960 ആഗസ്റ്റ് തെൿരീത്
54 മാർ കുറിയാക്കോസ് ഹോറാൻ 962—979ഫെ തെൿരീത്
55 മാർ യോഹന്നാൻ ദമസ്കോസു് (ദമസ്കോസു്കാരൻ) 981—988 തെൿരീത്
56 മാർ ഇഗ്നാത്തിയോസ് ബർക്കീക്കി 991—1016 (പുറത്തുപോയി) തെൿരീത്
57 മാർ അത്താനാസിയോസ് അബ്ദൽ മശീഹ 1016—1041 തെൿരീത്
58 മാർ ബസേലിയോസ് ദ്വിതീയൻ (തെൿരീതു്കാരൻ) 1046—1069 തെൿരീത്
59 മാർ യോഹന്നാൻ സ്ലീബ 1075—1106 തെൿരീത് തെൿരീത് സഭാകേന്ദ്രം അറബികൾ പിടിച്ചിടുത്തു തെൿരീത്തിലെ ക്രിസ്ത്യാനികൾ ചിതറി.1089 -ൽ മൂസൽ താല്കാലിക ആസ്ഥാനം
60 മാർ ദിവന്നാസിയോസ് മോശ 1112—1142/3 തെൿരീത് പള്ളി പുതുക്കിപ്പണിതു. ആസ്ഥാനം ബാഗ്ദാദ്
61 മാർ ഇഗ്നാത്തിയോസ് ലാസർ 1143—1164 ബാഗ്ദാദ് -മൂസൽ
62 മാർ യോഹന്നാൻ സാറൂഗായാ (സ്രോഗിലെ യോഹന്നാൻ) 1164-1188 മൂസൽ
63 മാർ ഗ്രിഗോറിയോസ് യാക്കൂബ് 1189—1214 മൂസൽ
■ മാർ ദിവന്നാസിയോസ് ബർമസീഹ് (എതിർ കാതോലിക്കോസ്) വിമത കക്ഷി 1189—1203 ----
64 മാർ ഇഗ്നാത്തിയോസ് ദാവീദ് അന്ത്യോക്യാ പാത്രിയർക്കീസായി 1215-1222 മത്തായിദയറ
65 മാർദിവന്നാസിയോസ് സ്ലീബ കഫർസൽതായ 1222—1231സെപ്തംബർ (കൊല്ലപ്പെട്ടു) മത്തായിദയറ
66 മാർ യോഹന്നാൻ ബർ മാദാനി (എതിർ അന്ത്യോക്യാ പാത്രിയർക്കീസായി1263ൽ കാലംചെയ്തു) 1232—1253 മത്തായി ദയറ
67 മാർ ഇഗ്നാത്തിയോസ് സ്ലീബ 1253—1258 മത്തായി ദയറ
68 മാർ ഗ്രിഗോറിയോസ് അബുൽ ഫറാജ് ബർ അഹറോൻ (ബർ എബ്രായ) 1264—1286 ജൂലൈ 3 മത്തായി ദയറ
69 മാർ ബർസൗമാ സാഫി ബർ എബ്രായ രണ്ടാമൻ 1288—1308 മത്തായി ദയറ- മൂസൽ
70 മാർ ഗ്രിഗോറിയോസ് മത്തായി ബർ ഹനനിയാ 1317—1345 മത്തായി ദയറ-മൂസൽ
71 മാർ ഗ്രിഗോറിയോസ് ബർ കൈനായ 1358— - -കൊല്ലപ്പെട്ടു മത്തായി ദയറ-മൂസൽ
72 മാർ അത്താനാസിയോസ് അബ്രാഹം 1364 ഒക്ടോ—1379 മത്തായി ദയറയും മൂസലും 1369-ൽ മംഗോളിയർ നശിപ്പിച്ചു.
73 മാർ ബസേലിയോസ് ബഹനാം ഹെദ്‍ലായ (അന്ത്യോക്യാ പാത്രിയർക്കീസായി) 1404—1412
74 മാർ ദീയസ്കോറസ് ബഹനാം അറബായ 1415—1417
75 മാർ ബസേലിയോസ് ബർസൗമാ മാദാനായ 1422—1455
76 മാർ ബസേലിയോസ് അസീസ് 1471—1487
77 മാർ നോഹ (1494 മുതൽ 1509 വരെ അന്ത്യോക്യാ പാത്രിയർക്കീസ്) 1490-1494
78 മാർ അബ്രാഹം തൃതീയൻ 1494-1528
79 മാർ അത്താനാസിയോസ് ഹബീബ് 1528—1533 മൂസൽ
80 മാർ ബസേലിയോസ് ഏലിയാസ് 1533—1552 മൂസൽ
81 മാർ ബസേലിയോസ് നെമദ് അള്ളാ നൂർ എദ്ദീൻ (1557 മുതൽ അന്ത്യോക്യാ പാത്രിയർക്കീസും. 1578-ൽ സഭവിട്ടു് റോമാസഭയിൽ ചേർന്നു). 1555—1575 മൂസൽ
82 മാർ ബസേലിയോസ് ദാവീദ് ഷാ ഇബ് നൂർ എദ്ദീൻ (അന്ത്യോക്യാ പാത്രിയർക്കീസായി) 1575—1576 മൂസൽ
83 മാർ ബസേലിയോസ് പിലാത്തോസ് അൽ മൻസുറാതി (അന്ത്യോക്യാ പാത്രിയർക്കീസായി) 1576—1591 മൂസൽ
84 മാർ ബസേലിയോസ് അബ്ദ് അൽ ഗാനി 1591—1597 മൂസൽ
85 മാർ ബസേലിയോസ് ഹാദായത് അള്ളാ പത്രോസ് (1598ൽ അന്ത്യോക്യാ പാത്രിയർക്കീസായി) 1597— 1639 മൂസൽ
86 മാർ ബസേലിയോസ് ശക്രള്ള പ്രഥമൻ 1639—1652 മൂസൽ
87 മാർ ബസേലിയോസ് അബ്ദ് അൽ മിശിഹ പ്രഥമൻ (1662 മുതൽ 1686വരെ അന്ത്യോക്യാ പാത്രിയർക്കീസും ആയി) 1655—1665 മൂസൽ
88 മാർ ബസേലിയോസ് ഹബീബ് (1674 മുതൽ ബദൽ അന്ത്യോക്യാ പാത്രിയർക്കീസും1686മുതൽ 1687വരെ പ്രാമാണിക പാത്രിയർക്കീസും ആയി) 1665—1674 മൂസൽ
89 മാർ ബസേലിയോസ് യെൽദാ (1685ൽ കേരളത്തിലേയ്ക്കു് പോന്നു് കോതമംഗലത്ത് അടങ്ങി) 1675-1685 മത്തായി ദയറ
90 മാർ ബസേലിയോസ് ഇഗ്നാത്തിയോസ് ഗീവറുഗീസ് (1687 മുതൽ അന്ത്യോക്യാ പാത്രിയർക്കീസും) 1685-1687 മൂസൽ
91 മാർ ബസേലിയോസ് ഇസഹാക് ആസാർ അൽ മൗസീലി (1709 മുതൽ അന്ത്യോക്യാ പാത്രിയർക്കീസും) 1687—1722 മൂസൽ
92 മാർ ബസേലിയോസ് ശക്രള്ള ദ്വിതീയൻ (1723 മുതൽ അന്ത്യോക്യാ പാത്രിയർക്കീസും) 1722—1745 മൂസൽ
93 മാർ ബസേലിയോസ് ശക്രള്ള തൃതീയൻ (1751ൽ കേരളത്തിലെത്തി 1764-ൽ കണ്ടനാട്ട് അടങ്ങി) 1748—1764 മലങ്കര
,■ മാർ ഗ്രിഗോറിയോസ് ലാസർ 1730—1759 മൂസൽ-മത്തായി ദയറ
94 മാർ ബസേലിയോസ് ഗീവറുഗീസ് മോശ (1768 മുതൽ അന്ത്യോക്യാ പാത്രിയർക്കീസും) 1760 —1781 മത്തായി ദയറ
95 മാർ ബസേലിയോസ് ബീശാറ 1782—1817 മത്തായി ദയറ
■ മാർ ബസേലിയോസ് മത്തായി (പുറന്തള്ളപ്പെട്ടു) 1820 മത്തായി ദയറ
96 മാർ ബസേലിയോസ് ഏലിയാസ് കർമേ (പുറത്താക്കപ്പെട്ടു) 1825—1827 മത്തായി ദയറ
97 മാർ ബസേലിയോസ് ഏലിയാസ് അൻകാസ് (1839 മുതൽ അന്ത്യോക്യാ പാത്രിയർക്കീസും) 1827—1847 മത്തായി ദയറ
98 മാർ ബസേലിയോസ് ബഹനാം (വേദവിപരീതിയായി) 1852—1859 മത്തായി ദയറ
99 മാർ ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയൻ (1847- മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്)
1860-ൽ അന്ത്യോക്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയന്റെ അദ്ധ്യക്ഷതയിൽ ദയർ അസ്-സഫാറാനിൽ കൂടിയ സുന്നഹദോസു് നാമമാത്രമായി മാറിയ പൗരസ്ത്യ കാതോലിക്കാസനത്തെ അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ ലയിപ്പിച്ചു. 1860—1871 മർദീൻ
100 മാർ ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ (അന്ത്യോക്യാ പാത്രിയർക്കീസ്)
ഇന്ത്യൻ പൗരസ്ത്യ സഭ മുളന്തുരുത്തി സുന്നഹദോസ് പ്രകാരം അന്ത്യോക്യാ പാത്രിയർക്കാസനത്തിന്റെ കീഴിലായി 1872—1894 മർദീൻ
101 മാർ ഇഗ്നാത്തിയോസ് അബ്ദ് അൽ മിശിഹ
പൗരസ്ത്യ കാതോലിക്കാസനത്തെ സമ്പൂർണമായി പുനരുദ്ധരിച്ചു് ഇന്ത്യൻ പൗരസ്ത്യ സഭയുടെ ഭരണം കൈമാറി(1896- മുതൽ 1915വരെ അന്ത്യോക്യാ പാത്രിയർക്കീസ്) 1896—1912 മർദീൻ
102 മാർ ബസേലിയോസ് പൗലോസ് പ്രഥമൻ (1912—1913 മെയ് 2) കോട്ടയം പഴയസെമിനാരി
103 മാർ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ (1925—1928) കോട്ടയം പഴയസെമിനാരി
104 മാർ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയൻ (1929—1964) കോട്ടയം പഴയസെമിനാരി, 1963 മുതൽ ദേവലോകം
105 മാർ ബസേലിയോസ് ഔഗേൻ പ്രഥമൻ (1964—1975) ദേവലോകം
106 മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ (1975—1991) ദേവലോകം
■ മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ (എതിര്‍ കാതോലിക്കോസ്) (1975—1996) മൂവാറ്റുപുഴ (2002-ൽ സയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നിലവില്‍ വന്നതോടെ ഇരുകക്ഷികളും ഒന്നായി)
107 മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ (1991—2005) ദേവലോകം
108 മാർ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ (2005—2010) ദേവലോകം
109 മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ (2010— തുടരുന്നു) ദേവലോകം
മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം, മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം, മേനാമറ്റം റോഡ്, കൂത്താട്ടുകുളം
------
*1963-ലെ മനോരമ ഇയർ ബുക്കിൽ പ്രസിദ്ധീകരിച്ച പട്ടിക പരിഷ്കരിച്ചു് മലങ്കരസഭാദീപം എന്നഒരു സ്വതന്ത്ര ദ്വൈ വാരിക പ്രസിദ്ധീകരിച്ചതും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വിശ്വാസസംരക്ഷകൻ മാസിക 2010 നവം 15-ഡി. 14 ലക്കത്തിൽ പുനഃപ്രസിദ്ധീകരിച്ചതുമായ പട്ടികയിൽ 91പേരുകളാണുള്ളതു്.അതിലെ പേരുകൾ പലതും അബദ്ധജടിലമാണു്.
ഇതും കാണുക
പൗരസ്ത്യ കാതോലിക്കമാരുടെ എണ്ണത്തെപ്പറ്റിയുള്ള വ്യത്യസ്ഥ അഭിപ്രായങ്ങള്‍ സ്വാഭാവികം
വിക്കിപ്പീഡിയ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ