20140128

സഭകളുടെ അന്തര്‍ദേശീയ സംവാദം പാമ്പാക്കുടയില്‍

പാമ്പാക്കുട: മലങ്കര ഓര്‍ത്തഡോകസ്‌ സഭയുടെ അതിഥേയത്വത്തില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ സഭകളും കത്തോലിക്കാ സഭയും തമ്മില്‍ അന്തര്‍ദേശീയ ദൈവശാസ്‌ത്രസംവാദം ജഌവരി 27 മുതല്‍ ഫെബ്രുവരി 1 വരെ പാമ്പാക്കുട സമന്വയ എക്യുമെനിക്കല്‍ സെന്ററില്‍ നടക്കും. കോപ്‌റ്റിക്‌, അര്‍മ്മീനിയന്‍, സിറിയന്‍, മലങ്കര, എത്യോപ്യന്‍, എറിത്രിയന്‍ ഓര്‍ത്തഡോകസ്‌ സഭകളുടെയും റോമന്‍ കത്തോലിക്കാ സഭയുടെയും പ്രതിനിധികള്‍ പങ്കെടുക്കും. 2009-ല്‍ റോമില്‍ ചേര്‍ന്ന എക്യുമെനിക്കല്‍ സമ്മേളനധാരണകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഇത്തരം സംവാദം നടക്കുന്നത്‌. ആചാരാഌഷ്‌ഠാനങ്ങളില്‍ വ്യത്യസ്ഥതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സാമൂഹ്യനന്മയ്‌ക്കായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ലക്ഷ്യമാക്കിയാണ്‌ സംവാദം നടക്കുന്നത്‌. ആര്‍ച്ച്‌ ബിഷപ്പ്‌ പെട്രാസിയന്‍, ബിഷപ്പ്‌ അല്‍ബാ ബിഷോയി, മെത്രാപ്പോലീത്താമാരായ കുരിയാക്കോസ്‌ മാര്‍ തെയോഫിലോസ്‌, മാര്‍ തെയോഫിലോസ്‌, ജോര്‍ജ്ജ്‌ ശ്ലീബാ, ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌, ഫാ. ഷിനൗഡാ മാഷര്‍ ഇഷാക്ക്‌, ഫാ. ഡോ. ബേബി വര്‍ഗീസ്‌, ഫാ. ഷാഹെ അനന്യന്‍, ഫാ. ദാനിയേല്‍ ഫെലേക്കേ, ഫാ. കൊളംമ്പസ്റ്റുവാര്‍റ്റ്‌, ഫാ. ബോഗോസ്‌ ലെവോണ്‍ സെഖിയാന്‍ എന്നിവര്‍ വിവിധസഭാ പാരമ്പര്യങ്ങളില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഓറിയന്റല്‍ സഭകളെ പ്രതിനിധീകരിച്ച്‌ അന്‍ബാ ബിഷോയി (ഈജിപിറ്റ്‌), യെസിനിക്‌ പട്രാസിയാന്‍ (അര്‍മ്മേനീയ), നരേഗ്‌ അല്‍മെസിയാന്‍(ലെബനോന്‍), ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ (തിരുവനന്തപുരം), ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ക്കോസ്‌ (എത്യോപ്യ), ബിഷപ്പ്‌ ഡാനിയേല്‍ (ഓസ്‌ട്രലിയ), ഫാ. ഡാനിയേല്‍ ഫെലേക്കേ (എത്യേപ്യ), ബിഷപ്പ്‌ ബര്‍ണ്ണാബാ (ഇറ്റലി) എന്നീ മെത്രാപ്പോലീത്താമാരും ഫാ. ഷിനൗഡാ മാഷര്‍ ഇഷാക്ക്‌ (ന്യൂയോര്‍ക്ക്‌), ഫാ. ഷാകെ അനന്യന്‍ (അര്‍മ്മേനിയ), ഫാ. മാഗര്‍ അഷ്‌കരിയാന്‍ (ഇറാന്‍) എന്നീ വൈദീകരും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ കര്‍ദ്ദിനാള്‍ കുര്‍ട്ട്‌ കോക്ക്‌ (വത്തിക്കാന്‍),ആര്‍ച്ച്‌ ബിഷപ്പ്‌ ബസേലിയോസ്‌ ജോര്‍ജ്ജസ്‌ കസ്‌മുസ (ബെയുറൂട്ട്‌), ബിഷപ്പുമാരായ യോഹന്നാന്‍ ഗോള്‍ട്ടാ (കെയ്‌റോ), പീറ്റര്‍ മരിയാത്തി (സിറിയ), പോള്‍ റൂഹാനാ (ലിബാന്‍), പോള്‍ വെര്‍ണര്‍ ഷെല്ലി (ജര്‍മ്മനി), ഫാ. ഫ്രാന്‍സ്‌ ബൗവെന്‍ (ജറുസലേം), ഫാ. കൊളംബസ്റ്റുവേര്‍ട്ട്‌ (അമേരിക്ക), ഫാ. റൊണാള്‍ഡ്‌ റോബര്‍സണ്‍ (വാഷിംഗ്‌ടണ്‍), ഫാ. മാത്യു വെള്ളാനിക്കല്‍ (പത്തനംതിട്ട), ഫാ. ഗബ്രിയേല്‍ ക്വിക്ക്‌ (വത്തിക്കാന്‍), ഫാ. മാര്‍ക്ക്‌ ഷെറിഡാന്‍ (ജറുസലേം) എന്നിവരും ചര്‍ച്ചകള്‍ നയിക്കും.

മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ മേലദ്ധ്യക്ഷനായ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തായുടെ കൂത്താട്ടുകുളത്തെ മേഖലാ വസതിയും കാര്യാലയവുമാണു്‌ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം. ഈമേഖലാ അരമന കൂത്താട്ടുകുളം ടൗണില്‍ മേനാമറ്റം റോഡരികിലാണു്‌. മിസ്‌പാ (mizpah) എന്ന ബൈബിള്‍ പദത്തിന്റെ അര്‍ത്ഥം കാവല്‍മാടം, സങ്കേതം എന്നെല്ലാമാണു്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ഓഫീസ്‌, കൂത്താട്ടുകുളം മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓഫീസ്‌, മാര്‍ ഗ്രിഗോറിയോസ്‌ മെമ്മോറിയല്‍ (എം ജി എം) വേദപഠന ക്ലാസ്‌, സെന്റ്‌ ജോണ്‍സ്‌ പഠനകേന്ദ്രം (മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം), ആരാധനാഗീത പരിശീലനകളരി എന്നിവ ഇവിടെ പ്രവര്‍ത്തിയ്‌ക്കുന്നു. സെമിനാറുകളും ഭക്തസംഘടനകളുടെ യോഗങ്ങളും ഇടയ്‌ക്കിടെ നടത്താറുണ്ടു്‌. സഭയുടെമാനവശാക്തീകരണവകുപ്പിന്റെ പരിപാടിയായ പെണ്മയുടെ നന്മ സെമിനാറും വൈദീകയോഗവും ഈയിടെ നടന്നിരുന്നു. കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ കീഴില്‍ കൂത്താട്ടുകുളം മേഖലയിലുള്ള ഒമ്പതു്‌ ഇടവകപ്പള്ളികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിയ്‌ക്കുവാനും ആത്മീയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനുമാണു്‌ മേഖലാ അരമന സ്ഥാപിക്കേണ്ടിവന്നതു്‌. 2005ല്‍ മേനാമറ്റം റോഡിന്റെ തുടക്കത്തിലുള്ള ഹൗസിങ്‌ സൊസൈറ്റി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സൊസൈറ്റി ആഫീസിനോടു്‌ ചേര്‍ന്നുള്ള മുറിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കൂത്താട്ടുകുളം മേഖലാ കേന്ദ്രം ആരംഭിച്ചു (ഹൗസിങ്‌ സൊസൈറ്റി കെട്ടിടത്തിന്റെ മുകളില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കൂത്താട്ടുകുളം മേഖലാ കേന്ദ്രം എന്നമേലെഴുത്തു്‌ മായിച്ചുകളയാത്തതുകൊണ്ടു്‌ ഇപ്പോഴും കാണാം). 2013 ഓഗസ്‌റ്റില്‍ അമ്പതു മീറ്റര്‍ മാറി മേനാമറ്റം റോഡരികിലായി പത്തു്‌ സെന്റിലായി മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം പണികഴിപ്പിയ്‌ക്കുന്നതുവരെ അതവിടെ തുടര്‍ന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപനായ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തായുടെ പേരില്‍ 2012ല്‍ വാങ്ങിയസ്ഥലത്തു്‌ 2013 മാര്‍ച്ച്‌ 18നു്‌ മിസ്‌പാ മേഖലാ അരമനയ്‌ക്കായി ശിലാസ്ഥാപനം നടത്തി പണിപൂര്‍ത്തിയാക്കി ഓഗസ്‌റ്റ്‌ 30നു്‌ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു.

20131115

സഭാപ്രവര്‍ത്തനങ്ങളില്‍ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക: ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌


കൂത്താട്ടുകുളം: സഭയുടെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളില്‍ സ്‌ത്രീപുരുഷന്മാരായ എല്ലാ സഭാംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്നു്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ അദ്ധ്യക്ഷനും കണ്ടനാടു്‌ ഈസ്റ്റ്‌ ഭദ്രാസനാധിപനുമായ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു. മാനവ ശാക്തീകരണ വകുപ്പിന്റെയും സ്‌ത്രീ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പെണ്‍മയുടെ നന്മ എന്ന പഠന-ബോധന-കര്‍മപദ്ധതിയുടെയും ഭദ്രാസനതല ഉദ്‌ഘാടനം കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ക്രിസ്‌തുശരീരമായ സഭയുടെ അംഗങ്ങളാണു്‌ അതിലെ അംഗങ്ങള്‍. അവയവങ്ങള്‍ യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിയ്‌ക്കുമ്പോള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതുപോലെ സഭയിലെ സമസ്‌ത അംഗങ്ങളും കൂട്ടായി പ്രവര്‍ത്തിയ്‌ക്കുമ്പോള്‍ സഭാപ്രവര്‍ത്തനങ്ങള്‍ വിജയകരമാകുന്നു, അദ്ദേഹം വിശദീകരിച്ചു.

കണ്ടനാടു്‌ ഈസ്റ്റ്‌ ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന മാനവ ശാക്തീകരണ വകുപ്പിന്റെ സെക്രട്ടറി ഫാ ഷിബു കുര്യന്‍ സ്വാഗതം ആശംസിച്ചു. മലങ്കര സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി എ ഫിലിപ്‌ മുഖ്യപ്രഭാഷണം നടത്തി. ജിജി ജോണ്‍സണ്‍ മാനവ ശാക്തീകരണ വകുപ്പിന്റെ ഭദ്രാസനതലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ഡോ.സെല്‍വി സേവ്യര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

*************************

ഫോട്ടോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെയും പെണ്‍മയുടെ നന്മ എന്ന കര്‍മപദ്ധതിയുടെയും കണ്ടനാടു്‌ ഈസ്റ്റ ഭദ്രാസനതല ഉദ്‌ഘാടനം കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രത്തില്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു. ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളം ഫാ ജോര്‍ജ്‌ വേമ്പനാട്ട്‌, ഡോ. സെല്‍വി സേവ്യര്‍, ജിജി ജോണ്‍സണ്‍, ഫാ. പി എ ഫിലിപ്‌, മദര്‍ സുപ്പീരിയര്‍ ദീന (കിഴക്കമ്പലം ദയറ), ഫാ. അബ്രാഹം കാരാമ്മേല്‍, ഫാ ഷിബു കുര്യന്‍ എന്നിവര്‍ സമീപം.

20131010

മിസ്‌പായില്‍ ധ്യാനയോഗവും പ്രാര്‍ത്ഥനായോഗവും ആരംഭിയ്‌ക്കുന്നു; ആദ്യ ധ്യാനയോഗം ശനിയാഴ്‌ച

കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മാര്‍ത്തോമ്മന്‍ പൈതൃകകേന്ദ്രം മിസ്‌പായില്‍ എല്ലാമാസവും രണ്ടാം ശനിയാഴ്‌ച രാവിലെ ഏഴര മുതല്‍ 12മണിവരെ ധ്യാനയോഗവും മൂന്നാം ഞായറാഴ്‌ച വൈകുന്നേരം നാലുമണിമുതല്‍ ആറുമണിവരെ പ്രാര്‍ത്ഥനായോഗവും (വചനശുശ്രൂഷയും) നടത്തുവാന്‍ മിസ്‌പാ കാര്യവിചാര സമിതി യോഗം തീരുമാനിച്ചു. 1948 മുതല്‍ കരോട്ടുവീട്ടില്‍ ഫാ കെ ഒ തോമസ്‌ കൂത്താട്ടുകുളത്തു്‌ നടത്തിവന്ന ബൈബിള്‍ ക്ലാസ്‌ പുനരാരംഭിയ്‌ക്കാനും തീരുമാനമായി. ഈ ശനിയാഴ്‌ച നടത്തുന്ന ധ്യാനയോഗത്തിനു്‌ ഫാ കുര്യാച്ചന്‍ തൃശൂര്‍, ഫാ പൗലോസ്‌ പടവെട്ടില്‍ എന്നിവര്‍ നേതൃത്വം നല്‌കും. കണ്ടനാടു്‌ ഈസ്‌റ്റ്‌ ഭദ്രാസന സെക്രട്ടറിയും മിസ്‌പായുടെ വൈസ്‌ പ്രസിഡന്റുമായ ഫാ അബ്രാഹം കാരാമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. മിസ്‌പാ കണ്‍വീനര്‍ ഫാ മാത്യൂസ്‌ ചെമ്മനാപ്പാടം സ്വാഗതവും സി കെ ഏലിയാസ്‌ നന്ദിയും പറഞ്ഞു. ഫാ പൗലോസ്‌ സ്‌കറിയ, ജോസഫ്‌ ജോര്‍ജ്‌ കളത്തില്‍, ജെയിംസ്‌ അനിപ്രയില്‍, ജാന്‍സി അനിയന്‍കുഞ്ഞു്‌, വറുഗീസ്‌ വണ്ടമ്പ്ര പുത്തന്‍പുരയില്‍,വെള്ളാരംകുന്നേല്‍ ഗീവറുഗീസ്‌, എബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

20130903

ഓര്‍ത്തഡോക്സ് സഭയുടെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു


കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായി മേനാമറ്റം റോഡരികില്‍ പണികഴിപ്പിച്ച മിസ്പ മന്ദിരത്തിന്റെ കൂദാശയും ഉദ്ഘാടനവും കണ്ടനാടു്-ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 30 വെള്ളിയാഴ്ച നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍, മേഖലാ പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം , ഫാ എം റ്റി തോമസ് ആലുവ, ഫാ. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്കോപ്പ,ഫാ സ്‌കറിയ വട്ടക്കാട്ടില്‍, ഫാ ജോണ്‍ വി ജോണ്‍, ഫാ ജോയി കടുകംമാക്കില്‍, ഫാ ഏലിയാസ്‍ ചെറുകാടു്, ഫാ.ഷിബു കുര്യന്‍, ഫാ. ജോണ്‍സണ്‍ പുറ്റാനിയില്‍,ഫാ എഡ്വേര്‍ഡ്‌, ഫാ സൈമണ്‍,ഫാ ജോണ്‍മൂലാമറ്റം, ഫാ. പൌലോസ് പടവെട്ടില്‍, ഫാ. പൗലോസ് സ്കറിയ എന്നീ വൈദീകര്‍ സഹകാര്‍മീകരായിരുന്നു.

വൈകുന്നേരം ആറരയ്ക്കു് സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച ചടങ്ങില്‍ സഭാമാനേജിങ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും മേഖലയിലെ വിശ്വാസികളും പങ്കെടുത്തു.

രണ്ടുനിലയായി പണിയുന്ന മിസ്പ മന്ദിരത്തിന്റെ ആദ്യഘട്ടമാണു് പൂര്‍ത്തിയായതു്. കൂത്താട്ടുകുളം മേഖല ഓര്‍ത്തഡോക്സ് സഭാ കാര്യാലയം, എം ജി എം സണ്‍ഡേസ്കൂള്‍ , 1948 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കൂത്താട്ടുകുളം ബൈബിള്‍ കണ്‍വെന്‍ഷന്‍ കാര്യാലയം, സെന്റ് തോമസ് സെന്റര്‍, മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം എന്നിവയാണു് മിസ്പയില്‍ പ്രവര്‍ത്തിയ്ക്കുന്നതു്.

20130829

മിസ്പ മന്ദിരത്തിന്റെ ഉദ്ഘാടനം


കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായി മേനാമറ്റം റോഡില്‍ പണികഴിപ്പിച്ച മിസ്പ മന്ദിരത്തിന്റെ കൂദാശയും ഉദ്ഘാടനവും കണ്ടനാടു്-ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 30 വെള്ളിയാഴ്ച നിര്‍വഹിയ്ക്കും.

വൈകുന്നേരം ആറരയ്ക്കു് സന്ധ്യാനമസ്കാരത്തോടെ ആരംഭിയ്ക്കുന്ന ചടങ്ങില്‍ സഭയിലെ വൈദീകരും സഭാമാനേജിങ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും മേഖലയിലെ വിശ്വാസികളും പങ്കെടുക്കുമെന്നു് ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍ അറിയിച്ചു. മേഖലാ പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം അദ്ധ്യക്ഷത വഹിയ്ക്കും.

20130318

മിസ്പ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി


കൂത്താട്ടുകുളം, 2013 മാര്‍ച്ച് 18: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായി പണിയുന്ന മിസ്പ മന്ദിരത്തിന്റെ ശിലാസ്ഥാപനം കണ്ടനാടു്-ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

മേഖലാ പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം, ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍, ഫാ ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മേരിദാസ് സ്റ്റീഫന്‍, ഫാ. പൗലോസ് പടവെട്ടില്‍, ഫാ. പൗലോസ് സ്കറിയ എന്നിവര്‍ സഹകാര്‍മികരായി. സികെ ഏലിയാസ്, പ്രഫ. കെ റ്റി ജോയി, ജോസഫ് ജോര്‍ജ് കളത്തില്‍, റ്റി എ ബാബു തട്ടമ്പാറ, അവിരാച്ചന്‍ മറ്റത്തില്‍, ഗീവറുഗീസ് വെള്ളാരംകുന്നേല്‍, എബി ജോണ്‍ വന്‍നിലം തുടങ്ങിയവര്‍ പങ്കെടുത്തു.